ജമ്മു: ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഓഫീസറടക്കം നാല് ജവാന്മാര്‍ക്ക് വീരമൃത്യു. തിങ്കളാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലില്‍ പരുക്കേറ്റ സൈനിക ഓഫിസര്‍ ഉള്‍പ്പെടെയുള്ളവരാണു മരിച്ചത്. രാഷ്ട്രീയ റൈഫിള്‍സിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് വിഭാഗവും ജമ്മു കശ്മീര്‍ പോലീസും ദോഡ ടൗണില്‍നിന്ന് 55 കിലോമീറ്റര്‍ അകലെയുള്ള വനമേഖലയില്‍ ഭീകരര്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

ജമ്മു കശ്മീര്‍ പൊലീസിലെ ഉദ്യോഗസ്ഥനും പരുക്കേറ്റു. ഭീകരരെ തിരഞ്ഞു പൊലീസും സൈന്യവും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. ഏറ്റുമുട്ടലിനിടെ പരുക്കേറ്റ സൈനികര്‍ ചൊവ്വാഴ്ച രാവിലെയാണു മരിച്ചത്. തിങ്കളാഴ്ച വൈകീട്ടുണ്ടായ ഏറ്റുമുട്ടലിനുപിന്നാലെ വനമേഖലയിലേക്ക് രക്ഷപ്പെട്ട ഭീകരവാദികളെ സുരക്ഷാസേന പിന്തുടര്‍ന്നു. രാത്രി ഒന്‍പതോടെ വനത്തിനുള്ളില്‍വച്ച് വീണ്ടും ഏറ്റുമുട്ടലുണ്ടായി. ഗുരുതര പരിക്കേറ്റ നാല് ജവാന്മാരാണ് വീരമൃത്യുവരിച്ചതെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

ഏറ്റുമുട്ടലിനെത്തുടര്‍ന്ന് കൂടുതല്‍ സുരക്ഷാ സൈനികരെ പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. ഏറ്റുമുട്ടല്‍ തുടരുകയാണ്. പാക്കിസ്ഥാന്റെ പിന്തുണയുള്ള ജയ്‌ഷെ മുഹമ്മദിന്റെ നിഴല്‍ സംഘമായ 'കശ്മീര്‍ ടൈഗേഴ്‌സ്' ആണു ആക്രമണത്തിനു പിന്നിലെന്നു സൈന്യം അറിയിച്ചു. കഴിഞ്ഞയാഴ്ച കഠ്വയില്‍ ഏറ്റുമുട്ടലിനിടെ 5 സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. സായുധ പരിശീലനം നേടിയ അറുപതിലേറെ ഭീകരര്‍ ജമ്മുവില്‍ മാത്രം തമ്പടിച്ചിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്.