ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഭീകരര്‍ ഒളിവില്‍ താമസിച്ചിരുന്ന ബങ്കറുകള്‍ കണ്ടെത്തി. ശനിയാഴ്ച രാത്രി സൈന്യം നടത്തിയ ഏറ്റമുട്ടലില്‍ കൊലപ്പെടുത്തിയ ഭീകരര്‍ ഒളിച്ചിരുന്ന ബങ്കറുകളാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍.

ഒരു അലമാരയുടെ അകത്തു നിന്നാണ് ബങ്കറിനകത്തേക്കുള്ള പ്രവേശന കവാടം. അലമാരയുടെ താഴെ വാതിലാണെന്ന് മനസിലാവാത്ത വിധത്തിലാണ് ഇത് സജ്ജീകരിച്ചിരുന്നത്. നിലത്തിരുന്ന ശേഷം മാത്രം പ്രവേശിക്കാന്‍ സാധിക്കുന്ന തരത്തിലായിരുന്നു ഇത്. തീവ്രവാദികള്‍ക്ക് താമസിക്കാന്‍ ബങ്കറുകള്‍ വരെ തയ്യാറാക്കിയ സാഹചര്യത്തില്‍ ഇതിന് പ്രാദേശിക സഹായം കിട്ടിയോ എന്ന കാര്യം പരിശോധിക്കുന്നുണ്ട്.

ഏറ്റുമുട്ടലില്‍ കുല്‍ഗാമിലെ രണ്ട് സ്ഥലങ്ങളിലായി ആറ് തീവ്രവാദികളെ വകവരുത്തിയിരുന്നു. രണ്ട് സൈനികര്‍ വീരമൃത്യു വരിക്കുകയും ചെയ്തു. അലമാരയുടെ വാതില്‍ തുറന്നാല്‍ രഹസ്യ അറകളിലേക്ക് പ്രവേശിക്കാന്‍ കഴിയുന്ന തരത്തിലായിരുന്നു നിര്‍മാണം. പ്രദേശവാസികളുടെ വീടുകളിലാണ് ഭീകരര്‍ ഒളിത്താവളങ്ങളുണ്ടാക്കിയത്.

ഭീകരര്‍ക്ക് അഭയം നല്‍കിയതില്‍ നാട്ടുകാരുടെ പങ്കാളിത്തത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഡിജിപി ആര്‍.എസ്.സ്വയിന്‍ പറഞ്ഞു. ഞായറാഴ്ച നടന്ന ഏറ്റുമുട്ടലില്‍ ചിന്നഗാമില്‍ നാലു ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരെ സൈന്യം വധിച്ചിരുന്നു.

" അലമാരകളില്‍ ആളുകള്‍ക്ക് ഒളിച്ചിരിക്കാന്‍ കഴിയുന്ന രീതിയില്‍ പ്രത്യേകം നിര്‍മിച്ച അറകളിലാണ് ഭീകരര്‍ ഉണ്ടായിരുന്നത്. ദേശീയപാതയില്‍നിന്ന് അകലെ കുല്‍ഗാമിന്റെ ഉള്‍പ്രദേശങ്ങളിലായിരുന്നു ഏറ്റുമുട്ടല്‍. ഇവിടെ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും നിരീക്ഷണം ശക്തമാക്കി. കൊല്ലപ്പെട്ട ഭീകരര്‍ എല്ലാവരും ഹിസ്ബുല്‍ മുജാഹിദീന്‍ സംഘടനയുടെ ഭാഗമാണ്. അതിലൊരാള്‍ സംഘടനയുടെ ഡിവിഷന്‍ കമാന്‍ഡര്‍ അഹമ്മദ് ബട്ടാണ്." ഡിജിപി ആര്‍.എസ്.സ്വയിന്‍ പറഞ്ഞു.

ഭീകര സംഘടനയായ ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകരായ ഭീകരരാണ് കൊല്ലപ്പെട്ടത്. മദെര്‍ഗാമില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ സൈന്യം വെടിവെച്ചു കൊന്നു. ഇവിടെ ഒരു സൈനികന് ജീവന്‍ നഷ്ടമായി. കുല്‍ഗാമിലെ ഏറ്റമുട്ടലില്‍ നാല് ഭീകരരെ സൈന്യം വകവരുത്തി.

കൊല്ലപ്പെട്ട ഭീകരരെല്ലാം ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകരാണെന്നും ഇവരില്‍ ഒരാള്‍ പ്രാദേശിക കമാന്‍ഡറായി പ്രവര്‍ത്തിച്ചിരുന്ന ആളാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കൊല്ലപ്പെട്ട ഭീകരരുടെ പേരുകളും വിവരങ്ങളും സൈന്യം കണ്ടെത്തിയിട്ടുണ്ട്. പാരാ കമാന്‍ഡോ ലാന്‍സ് നായിക് പ്രദീപ് നൈന്‍, ഒന്നാം രാഷ്ട്രീയ റൈഫിള്‍സിലെ ഹവില്‍ദാര്‍ രാജ് കുമാര്‍ എന്നീ ജവാന്മാരാണ് ഏറ്റമുട്ടലില്‍ വീരമൃത്യുവരിച്ചത്.