ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഇടനാഴികളില്‍ ഈയാഴ്ച് കണ്ടവരില്‍ എറെയും പുതുമുഖങ്ങള്‍. കഴിഞ്ഞ വ്യാഴാഴ്ച തെരഞ്ഞെടുക്കപ്പെട്ട 650 എം പി മാരില്‍ 335 പേര്‍ പാര്‍ലമെന്റില്‍ എത്തുന്നത് ഇതാദ്യമായി. അത് മാത്രമല്ല, ഇത്തവണ ബ്രിട്ടീഷുകാര്‍ വോട്ട് ചെയ്തത് ചരിത്രം തിരുത്തിക്കുറിക്കുന്നതിനുള്ള ഒരു പാര്‍ലമെന്റിനായിരുന്നു എന്ന് വ്യക്തമാക്കാന്‍ ഇനിയും ഏറെ പ്രത്യേകതകള്‍ ഉണ്ട്.

ഏറ്റവും അധികം വനിതകളും, ന്യൂനപക്ഷ കുടിയേറ്റ വംശജരും പാര്‍ലമെന്റില്‍ എത്തിയത് ഈ വര്‍ഷമാണ്. മാത്രമല്ല, ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ ജനിച്ച ഒരു വ്യക്തി ആദ്യമായി പാര്‍ലമെന്റംഗം ആകുന്നതും ഈ തെരഞ്ഞെടുപ്പിലൂടെയാണ്.ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം വനിത എം പിമാരുള്ളത് ഈ പാര്‍ലമെന്റിലാണ്. 40 ശതമാനമാണ് വനിത എം പിമാര്‍. അതായത്, എല്ലാ പാര്‍ട്ടികളില്‍ നിന്നുമായി 263 വനിത എം പിമാരാണ് ഉള്ളത്.

ഇതിനു മുന്‍പ് ഏറ്റവും അധികം വനിത എം പിമാരുണ്ടായിരുന്നത് 2019 ല്‍ ആയിരുന്നു, 220 പേര്‍. ഇത്തവണ ജയിച്ച വനിത എം പിമാരില്‍ പകുതിയോളം പേര്‍ ഇതാദ്യമായാണ് ജനപ്രതിനിധി സഭയില്‍ എത്തുന്നത് എന്നതും കൗതുകകരമാണ്. ഏറ്റവുമധികം വനിത എം പിമാരെ ഇത്തവണ പാര്‍ലമെന്റില്‍ എത്തിച്ചത് ലേബര്‍ പാര്‍ട്ടി തന്നെയാണ്, 93 പേര്‍. 22 വനിത എം പിമാരുമായി ലിബറല്‍ ഡെമോക്രാറ്റുകള്‍ രണ്ടാം സ്ഥാനത്തുണ്ട്. അതില്‍ ഒരു എം പിയായ ബോള്‍ട്ടണ്‍ നോര്‍ത്ത് ഈസ്റ്റില്‍ നിന്നുള്ള ലേബര്‍ അംഗം പറയുന്നത് ഒരു പോസ്റ്റ് ഓഫീസ് അടക്കുന്നതുമായി ബന്ധപ്പെട്ട് താന്‍ ഇതിനോടകം തന്നെ നിയോജകമണ്ഡലത്തിലെ ചില വോട്ടര്‍മാരുമായി സംസാരിച്ചു കഴിഞ്ഞു എന്നാണ്.

നോര്‍ത്ത് ഹിയര്‍ഫോര്‍ഡ്ഷയറില്‍ നിന്നുള്ള പുതുമുഖമായ വനിത എം പി എല്ലീ ഷൗണ്‍സ് ഉള്‍പ്പടെ ഗ്രീന്‍ പാര്‍ട്ടിക്ക് നാല് വനിത എം പിമാരാണുള്ളത്. പ്രചാരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വര്‍ഷമായി ശമ്പളമില്ലാത്ത ലീവില്‍ ആയിരുന്ന ഈ ലക്ചറര്‍ക്ക്, വിജയത്തോടെ ജോലി രാജി വയ്ക്കേണ്ട സാഹചര്യമാണുള്ളത്. അതുപോലെ വംശീയ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവര്‍ ഇത്തവണ 90 പേരാണ് പാര്‍ലമെന്റില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം ഇത് 66 ആയിരുന്നു. ഇവിടെയും ലേബര്‍ പാര്‍ട്ടി തന്നെയാണ് മുന്‍പില്‍. ഈ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന 66 പേരെയാണ് പാര്‍ലമെന്റിലെത്തിച്ചത്. ന്യൂനപക്ഷ വംശീയ വിഭാഗങ്ങളില്‍ നിന്നുള്ള 15 എം പിമാരുമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയാണ് രണ്ടാം സ്ഥാനത്തുള്ളത്.

അതിനെല്ലാം പുറമെ, ഇത്തവണ പാര്‍ലമെന്റില്‍ എത്തിയവരുടെ പശ്ചാത്തലങ്ങളും ഏറെ വൈവിധ്യമാര്‍ന്നതാണ്. 1979 ന് ശേഷം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചവര്‍ ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നത് ഇപ്പോഴാണ്. 63 ശതമാനം പേര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസം നേടിയപ്പോള്‍ 23 ശതമാനം പേര്‍ സ്വകാര്യ സ്ഥാപനങ്ങളിലും 13 ശതമാനം പേര്‍ സെലക്ടീവ് സ്‌കൂളുകളിലും വിദ്യാഭ്യാസം നേടിയവരാണ്. യു കെയിലെ 7 ശതമാനം കുട്ടികള്‍ മാത്രമാണ് സ്വകാര്യമായി വിദ്യാഭ്യാസം നേടുന്നവര്‍.

സിന്‍ ഫിയന്‍ പാര്‍ട്ടിയുടെ എം പി ആയ പാറ്റ് കല്ലന്‍ റോയല്‍ കോളേജ് ഓഫ് നഴ്സിംഗിന്റെ മുന്‍ ജനറല്‍ സെക്രട്ടറി ആയിരുന്നെങ്കില്‍, റിഫോം യു കെ പാര്‍ട്ടിയുടെ എം പി ആയ റുപെര്‍ട്ട് ലോവ് സൗത്താംപ്ടണ്‍ എഫ് സി യുടെ ചെയര്‍മാന്‍ ആയിരുന്നു. ലേബര്‍ പാര്‍ട്ടിയുടെ റേച്ചല്‍ ടെയ്ലര്‍ വിംബിള്‍ഡണ്‍ ടൂര്‍ണമെന്റില്‍ അംപയര്‍ ആയിരുന്നിട്ടുള്ള വ്യക്തിയാണ്. എന്നാല്‍, ഏറെ വ്യത്യസ്തമായ പശ്ചാത്തലമുള്ളത് ലിബറല്‍ ഡെമോക്രാറ്റിക് വനിത എം പിയായ ലിബ് ഡെംസിനാണ്. അറ്റ്‌ലാന്റിക്, ഇന്ത്യന്‍, പസഫിക് സമുദ്രങ്ങള്‍ ഒറ്റക്ക് തോണി തുഴഞ്ഞ് മറികടന്ന ഒരേയൊരു വനിതയാണവര്‍.

പ്രായത്തിന്റെ കാര്യത്തിലും എം പിമാര്‍ തമ്മിലുള്ള വ്യത്യാസം ഏറെയാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ 80 കാരനായ എം പി സര്‍ റോജര്‍ ഗെയ്ല്‍ രണ്ടാം ലോക മഹായുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടയില്‍ ജനിച്ചതാണെങ്കില്‍, നോര്‍ത്ത് വെസ്റ്റ് കേംബ്രിഡ്ജ്ഷയറില്‍ നിന്നും ലെബര്‍ സ്ഥാനാര്‍ത്ഥിയായി ജയിച്ച 22 കാരന്‍ സാം കാര്‍ലിംഗ് ജനിച്ചത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ്. ഈ നൂറ്റാണ്ടില്‍ ജനിച്ച ആദ്യ എം പി എന്ന സ്ഥാനം ഇതോടെ അദ്ദേഹത്തിന് ലഭിച്ചു. കാര്‍ലിംഗ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഷൈലേഷ് വര്‍മ്മ ആദ്യമായി എം പി ആകുമ്പോള്‍ കാര്‍ലിംഗ് മുട്ടിലിഴയുന്ന ഒരു ശിശുവായിരുന്നു.