കൊല്‍ക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും, ബംഗാളില്‍ മതം കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. ഈ തിരഞ്ഞെടുപ്പില്‍ ഉടനീളം ബിജെപി ഹിന്ദു ധ്രുവീകരണത്തിനും, തൃണമൂല്‍ കോണ്‍ഗ്രസ് ഇസ്ലാമിക വോട്ട് ബാങ്കിന്റെ ഏകീകരണത്തിനും ശ്രമിച്ചിരുന്നു. ഇപ്പോള്‍ തിരഞ്ഞെടുപ്പിനുശേഷവും മത പ്രീണനം തുടരുകയാണ്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അടുത്ത അനുയായിയും കൊല്‍ക്കത്ത മേയറുമായ ഫിര്‍ഹാദ് ഹക്കിം ഇസ്ലാം മതം സ്വീകരിക്കാന്‍ ആളുകളെ പരസ്യമായി ആഹ്വാനം ചെയ്താണ് വിവാദത്തിലായിരിക്കുന്നത്.

ഇസ്ലാംമതതത്തില്‍ ജനിക്കാന്‍ കഴിയാതെ പോയവര്‍ ഭാഗ്യശൂന്യരാണെന്നും അവരെക്കൂടി ഇസ്ലാമിലേക്ക് അടുപ്പിക്കുന്നത്, അള്ളാഹുവിന്റെ അനുഗ്രഹം ലഭിക്കുന്ന കര്‍മ്മം ആണെന്നുമാണ്, കൊല്‍ക്കത്ത മേയര്‍ ഫിര്‍ഹാദ് ഹക്കീം പ്രസംഗിച്ചത്. മുതിര്‍ന്ന തൃണമൂല്‍ നേതാവ് കൂടിയായ ഹക്കീമിന്റെ, സാക്കിര്‍ നായിക്ക് മോഡലിലുള്ള ഈ പ്രസംഗത്തിനെതിരെ, ബിജെപി നേതാക്കള്‍ രംഗത്തെത്തി.

ഓള്‍ ഇന്ത്യ ഖുറാനേര്‍ ആലോ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു ഹക്കീം. "നമ്മള്‍ മുസ്ലീങ്ങള്‍ക്ക് സ്വര്‍ഗത്തിലെത്താനുള്ള പാത, പ്രവാചകന്‍ ഒരുക്കിത്തന്നിട്ടുണ്ട്. കൊടും കുറ്റങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെങ്കില്‍ സ്വര്‍ഗം ലഭിക്കുക തന്നെ ചെയ്യും. പക്ഷേ മറ്റുമതങ്ങളില്‍ ജനിച്ച ഭാഗ്യ ശൂന്യരെകകൂടി ഇസ്ലാമിന്റെ അനുഗ്രഹത്തിലേക്ക് അടുപ്പിക്കാന്‍ നമ്മള്‍ ശ്രമിക്കണം. ഇസ്ലാമില്‍ ജനിക്കാത്തവര്‍ നിര്‍ഭാഗ്യവാന്മാരാണ്. അവര്‍ നിര്‍ഭാഗ്യത്തോടെയാണ് ജനിക്കുന്നത്. നമ്മള്‍ അവരെ ഇസ്ലാമിന്റെ കീഴിലാക്കണം,അമുസ്ലിംകള്‍ക്കിടയില്‍ ഇസ്ലാം പ്രചരിപ്പിക്കേണ്ടതുണ്ട്. ആരെയെങ്കിലും ഇസ്ലാമിന്റെ പാതയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ അത് പുണ്യമാണ്. "- ഹക്കീം പറയുന്നു.

ശക്തമായ തിരിച്ചടിച്ച് ബിജെപി

ഹക്കീമിന്റെ വാക്കുകള്‍ വിഭാഗീയ സ്വഭാവുള്ളതും, ഇതര മതക്കാരെ ആക്ഷേപിക്കുന്നതുമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജുംദാര്‍ പറഞ്ഞു. മതസ്വാതന്ത്ര്യവും തുല്യതയും പോലുള്ള ആശയങ്ങളെ തുരങ്കം വെക്കുന്നതാണ് പ്രസംഗമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയും രംഗത്തെത്തി. "പശ്ചിമ ബംഗാളിലെ തീവ്ര പ്രീണന രാഷ്ട്രീയത്തിനായുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ താല്‍പര്യം പരസ്യമായ രഹസ്യമാണ്. പാര്‍ട്ടിയുടെ നിരന്തര പ്രീണന രാഷ്ട്രീയം ഫലം കണ്ടു, തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് വിജയങ്ങളില്‍ നിന്നും തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങളില്‍ നിന്നും വ്യക്തമാണ്'- മാളവ്യ എക്‌സില്‍ കുറിച്ചു.

അടുത്തിടെ ഒരു ടിഎംസി നേതാവ് ഒരു പുരുഷനെയും സ്ത്രീയെയും പരസ്യമായി ആക്രമിക്കുന്നത് കണ്ട വീഡിയോയെ പരാമര്‍ശിച്ച്, മാളവ്യ ഇങ്ങനെ ഴുതി- "ശരിയ്യ കോടതി ശിക്ഷയ്ക്ക് സമാനമായ രീതിയില്‍ഒരു സ്ത്രീയെ പരസ്യമായി ചമ്മട്ടികൊണ്ട് അടിച്ചത് എന്തിന്റെ സൂചനയാണ്. മുസ്ലിം രാഷ്ട്രത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സാധാരണമാണെന്ന് അവകാശപ്പെടുന്നത്. ദീദിയുടെ അകീഴില്‍ പശ്ചിമ ബംഗാള്‍ പൂര്‍ണ്ണമായും മുസ്ലിം രാഷ്ട്രമായി മാറുന്ന ഒരു ദിവസത്തിന് വിദൂരമല്ല- മാളവ്യ ചൂണ്ടിക്കാട്ടി.

സംഭവം വന്‍ വിവാദമായതോടെ പതുക്കെ പ്ലേറ്റ് മാറ്റാനുളള ശ്രമത്തിലാണ് കൊല്‍ക്കൊത്ത മേയര്‍. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ഒരു മതേതര വ്യക്തി'യാണ് താന്‍ എന്നാണ് ഇപ്പോള്‍, ഫിര്‍ഹാദ് ഹക്കിം പറയുന്നത്. ഹിിന്ദുക്കള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ തനിക്കെതിരെ പോരാടാനും തന്നെ പരാജയപ്പെടുത്താനും അദ്ദേഹം ബിജെപിയെ വെല്ലുവിളിച്ചു. "അതൊരു വിവാദ പ്രസ്താവന ആയിരുന്നില്ല… ഞാന്‍ ഒരു മതേതര വ്യക്തിയാണ്… ഞാന്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു… ഞാന്‍ ബിജെപി പറയുന്ന കാര്യങ്ങളില്‍ ആശങ്കയില്ല. ഹിന്ദു മേഖലകളില്‍ എന്നോടൊപ്പം പോരാടാന്‍ ഞാന്‍ അവരെ വെല്ലുവിളിക്കുന്നു. അവര്‍ എന്നെ തോല്‍പ്പിച്ചാല്‍ ഞാന്‍ രാഷ്ട്രീയം വിടും"- ഹക്കീം പറയുന്നു. എന്നാല്‍ സാക്കിര്‍ നായിക്ക് അടക്കമുള്ളവര്‍ ചെയ്യുന്ന അതേ പണിയാണ്, കൊല്‍ക്കത്ത മേയറും ചെയ്യുന്നതെന്നും ഇത് മതേതര ഇന്ത്യക്ക് നാണക്കേടാണെന്നുമാണ് നിഷ്പക്ഷമതികള്‍ ചൂണ്ടിക്കാട്ടുന്നത്.