അടൂര്‍: വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചവര്‍ക്കു വരെ അടൂര്‍ നഗരസഭയില്‍ നിന്നു ക്ഷേമപെന്‍ഷന്‍ നല്‍കുന്നതായി ഓഡിറ്റ് റിപ്പോര്‍ട്ട്. മരിച്ച 32 ഗുണഭോക്താക്കളുടെ പേര് പെന്‍ഷന്‍ രജിസ്റ്ററില്‍ നിന്നു നഗരസഭാ അധികൃതര്‍ ഇനിയും നീക്കം ചെയ്തിട്ടില്ല. ഇതുവഴി സര്‍ക്കാരിനു 4.18 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. മരിച്ചവരുടെ പേര് പെന്‍ഷന്‍ രജിസ്റ്ററില്‍ നിന്നും നീക്കം ചെയ്യുന്നതില്‍ നഗരസഭയ്ക്ക് വീഴ്ച സംഭവിച്ചതായും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ചിലര്‍ മാസങ്ങളോളവും മറ്റു ചിലര്‍ വര്‍ഷങ്ങളോളം പെന്‍ഷന്‍ തുക കൈപ്പറ്റി. നഗരസഭയില്‍ മരണം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പെന്‍ഷന്‍ റദ്ദാക്കേണ്ടതാണ്. എന്നാല്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ഇത് സംഭവിച്ചില്ല. ഇതോടെ ഇവരില്‍ ചിലര്‍ക്കു മാസങ്ങളോളവും മറ്റുചിലര്‍ക്കു വര്‍ഷങ്ങളോളവും പെന്‍ഷന്‍ തുടര്‍ന്നു. ഇത്തരം അക്കൗണ്ടുകള്‍ യഥാസമയം കണ്ടെത്തി പേര് നീക്കം ചെയ്തില്ല. ഇതുവഴിയുള്ള നഷ്ടം തുക നഗരസഭാ സെക്രട്ടറിയില്‍നിന്ന് ഈടാക്കണമെന്നാണ് സര്‍ക്കാര്‍ ചട്ടം. വിശദീകരണം ആരാഞ്ഞ് കത്തും നല്‍കി.

മരണശേഷവും പെന്‍ഷന്‍ തുക നല്‍കിയ മൂന്നു പേര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്. അതേസമയം മരണവിവരം അനന്തരാവകാശികള്‍ യഥാസമയം നഗരസഭയെ അറിയിക്കാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അനര്‍ഹമായി നല്‍കിയ തുക അനന്തരാവകാശികളില്‍നിന്ന് തിരിച്ചുപിടിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും നഗരസഭാ അധികൃതര്‍ പറഞ്ഞു.