കൊച്ചി: ന്യൂനപക്ഷ സ്‌കോളർഷിപ്പ് സംബന്ധിച്ച ഹൈക്കോടതി വിധിയെ എല്ലാ ക്രൈസ്തവ കൂട്ടായ്മയും പിന്തുണയ്ക്കുന്നുവെന്നതായിരുന്നു ഉയർന്നു വന്ന പൊതു ചിന്ത. എന്നാൽ ലത്തീൻ സഭയുടെ അഭിപ്രായം മറിച്ചാണ്. അതുകൊണ്ട് തന്നെ ന്യൂനപക്ഷ സ്‌കോളർഷിപ്പ് സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരേ നിലപാട് പരസ്യമാക്കുകയാണ് ലത്തീൻ സഭ. ഹൈക്കോടതി വിധിക്കെതിരെ സ്വന്തം നിലയിൽ അപ്പീൽ നൽകുന്ന കാര്യവും പരിഗണനയിലാണ്. സർക്കാർ അപ്പീൽ നൽകണമെന്നാണ് നിലപാട്. ഇതുണ്ടായില്ലെങ്കിലാണ് വിദഗ്ധരുമായി ആലോചിച്ച് തുടർ നിയമനടപടി സ്വീകരിക്കുക. സർക്കാർ അപ്പീൽ നൽകിയാൽ കക്ഷിചേരും.

ന്യൂനപക്ഷത്തിലെ പിന്നാക്കവിഭാഗക്കാർ, ന്യൂനപക്ഷം എന്ന ഒറ്റവിഭാഗത്തിൽ പരിഗണിക്കപ്പെടുന്നതോടെ അവഗണിക്കപ്പെടുമെന്നാണ് സമുദായത്തിന്റെ വിലയിരുത്തൽ. ഇത് അനീതിയാണെന്ന് അവർ പറയുന്നു. കോടതി റദ്ദാക്കിയ 2008, 2011 വർഷങ്ങളിലെ ഉത്തരവുകൾ ന്യൂനപക്ഷ സംരക്ഷണവുമായി ബന്ധപ്പെട്ടവയല്ല. അത് പിന്നാക്കവിഭാഗങ്ങളുടെ (ഒ.ബി.സി.) പരിരക്ഷയുമായി ബന്ധപ്പെട്ടതാണ്. കോടതിവിധിയോടെ ഈ ലത്തീൻ സഭയിലെ പിന്നാക്ക വിഭാഗക്കാർക്ക് ആനുകൂല്യങ്ങൾ നഷ്ടമാകും. സാമൂഹികശ്രേണിയിൽ ഏറെ പിന്നിലായ പരിവർത്തിത ക്രൈസ്തവർക്കും വലിയ തിരിച്ചടിയുണ്ടാകുമെന്ന് ലത്തീൻ സഭ പറയുന്നു.

ന്യൂനപക്ഷത്തിലെ ഒ.ബി.സി. എന്ന നിലയിൽ മുസ്ലിങ്ങളുടെയും ലത്തീൻ കത്തോലിക്കരുടെയും പരിവർത്തിത ക്രൈസ്തവരുടെയും ക്ഷേമത്തിനായി ഭരണഘടനയിലെ 15(4) അനുഛേദമനുസരിച്ച് സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകൾ കോടതി പരിഗണിച്ചില്ലെന്ന് ലത്തീൻ സഭ പറുന്നു. ക്രൈസ്തവരിലെ മുന്നാക്കവിഭാഗം മറ്റു മുന്നാക്ക സമുദായങ്ങൾക്കൊപ്പം നിരവധി ആനുകൂല്യങ്ങൾ അനുഭവിക്കുന്നുണ്ടെന്നും ലത്തീൻ സമുദായവക്താവ് ജോസഫ് ജൂഡ് ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് മറ്റ് ക്രൈസ്തവ സഭകളിൽ നിന്ന് വ്യത്യസ്തമായ നിലപാട് ലത്തീൻ സഭ എടുക്കുന്നത്.

അതിനിടെ കോടതിവിധി ന്യൂനപക്ഷക്ഷേമത്തിലെ 80:20 അനുപാതത്തിലുള്ള ആനുകൂല്യങ്ങളെ ബാധിക്കുമെങ്കിലും പരിവർത്തിത ക്രൈസ്തവ കോർപ്പറേഷനെ ബാധിക്കില്ലെന്ന് ചെയർമാൻ പി.ജെ. വർഗീസ് പറഞ്ഞു. ഇതിനുള്ള ഫണ്ട് ന്യൂനപക്ഷ ക്ഷേമവകുപ്പിൽനിന്ന് വരുന്നതല്ല. കോർപ്പറേഷന് പ്രത്യേകമായി ബജറ്റിൽ വകയിരുത്തുന്നതാണെന്നാണ് വിശദീകരണം. എന്നാൽ കത്തോലിക്കാ സഭ ഇപ്പോഴും ഹൈക്കോടതി വിധിയെ അനുകൂലിക്കുന്നു. സ്‌കോളർഷിപ്പ് വിതരണത്തിലെ 80-20 ശതമാനം അനുപാതം അംഗീകരിക്കില്ലെന്ന് അവർ പറയുന്നു. ഈ സാഹചര്യത്തിൽ മുസ്ലീങ്ങൾക്കും ക്രൈസ്തവർക്കും വെവ്വേറെ പദ്ധതികൾ പ്രഖ്യാപിക്കാനാണ് സർക്കാർ നീക്കം.

ഇതിനിടെയാണ് ലത്തീൻ ക്രൈസ്തവരുടെ മറ്റൊരു നിലപാടും. ഇതോടെ എന്തായാലും ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ ഉറപ്പാവുകയുമാണ്. അതിനിടെ വിധിയെ പിന്തുണച്ച് കത്തോലിക്കാ മുഖപത്രമായ 'സത്യദീപം' രംഗത്തു വന്നു. ന്യൂനപക്ഷക്ഷേമം ഭരണഘടനാബാധ്യതയായിരിക്കെ അത് തുല്യനീതിയോടെ നിർവഹിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം ഭരണാധികാരികളുടേതാണെന്ന് എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം അഭിപ്രായപ്പെട്ടു.

കേരളത്തിൽ ന്യൂനപക്ഷത്തെക്കുറിച്ചുള്ള 'നിർവചന'ത്തിൽത്തന്നെ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ഭൂരിപക്ഷം നിർണായകാധിപത്യം നേടിയെന്ന ആക്ഷേപത്തിന് വഴിയും വളവുമായത് രാഷ്ട്രീയ നേതൃത്വങ്ങളാണ്. പതിറ്റാണ്ടുകളുടെ നീതിനിഷേധത്തിന് കോടതിവിധി മറുപടിയാകുമെന്നുകരുതാം. അവകാശപ്പെട്ടത് അവകാശികളിലേക്കെത്താൻ വൈകിവന്ന ഈ വിധി കാരണമാകണമെന്ന് സത്യദീപം പറയുന്നു. വിധിയെ അനുകൂലിച്ച് ലെയ്റ്റി കൗൺസിലും രംഗത്തു വന്നിട്ടുണ്ട്.

മതന്യൂനപക്ഷവിഭാഗങ്ങൾക്കായുള്ള ക്ഷേമപദ്ധതികൾ സച്ചാർ കമ്മിറ്റി റിപ്പോർട്ടിനെ അടിസ്ഥാനമാക്കി മാത്രമാണെന്നുള്ള പ്രചാരണം അസംബന്ധമാണെന്ന് സി.ബി.സിഐ. ലെയ്റ്റി കൗൺസിൽ അഭിപ്രായപ്പെട്ടു. അയൽസംസ്ഥാനങ്ങളിൽ നടപ്പാക്കിയിട്ടുള്ള ന്യൂനപക്ഷ ക്ഷേമപദ്ധതികൾ പഠനവിഷയമാക്കണം. ഓരോ സംസ്ഥാനത്തെയും പദ്ധതികളുടെ വിശദവിവരം സർക്കാർകേന്ദ്രങ്ങൾക്ക് നൽകിയതായും സെക്രട്ടറി വി സി. സെബാസ്റ്റ്യൻ പറഞ്ഞു.