തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ ലതിക സുഭാഷ് സ്വതന്ത്രയായി മൽസരിച്ചേക്കും. ഇതോടെ പണി കിട്ടുന്നത് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിനാണ്. ഇവിടെ യുഡിഎഫിൽ ജോസഫിന്റെ പ്രിൻസ് ലൂക്കോസാണ് സ്ഥാനാർത്ഥി. ലതിക സ്വതന്ത്രയായി മത്സരത്തിന് ഇറങ്ങുന്നതോടെ പ്രിൻസ് ലൂക്കോസിന്റെ വിജയ പ്രതീക്ഷ കുറയും. ഏറ്റുമാനൂരിൽ മത്സരിക്കാനായി ജോസ് കെ മാണിയെ തള്ളി പറഞ്ഞെത്തിയ വ്യക്തിയാണ് പ്രിൻസ്. സജി മഞ്ഞകടമ്പൻ അടക്കമുള്ള ജോസഫ് പക്ഷത്തെ പ്രമുഖരെ വെട്ടിയാണ് പ്രിൻസ് ഈ സീറ്റ് സ്വന്തമാക്കിയത്.

ഏറ്റുമാനൂരിലെ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ മെമ്പറായിരുന്നു ലതികാ സുഭാഷ്. മണ്ഡലത്തിൽ അതിശക്തമായ വേരുകളുണ്ട്. ഇതെല്ലാം അവർ സ്വതന്ത്രയായി നിന്നാൽ വോട്ടായി മാറും. സിപിഎമ്മിനായി വിഎൻ വാസവനാണ് മത്സരിക്കുന്നത്. ബിജെപിക്കും ഇവിടെ സ്വാധീനമുണ്ട്. ലതികാ സുഭാഷ് സ്ഥാനാർത്ഥിയായി എത്തുമ്പോൾ ബിജെപിയുടെ സ്ഥാനാർത്ഥിയെ പിൻവലിക്കുമോ എന്ന ചോദ്യവും ചർച്ചകളിലുണ്ട്. ഇന്ന് വൈകുന്നേരും ലതികാ സുഭാഷ് പ്രഖ്യാപനം നടത്തും.

ഒപ്പം നിൽക്കുന്നവരുമായി ചർച്ച നടത്തിയതിനുശേഷം വൈകിട്ട് പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. വനിതകളിൽ മൽസരിപ്പിക്കേണ്ടത് പാർട്ടിയിൽ പ്രവർത്തിച്ചവരെയെന്ന് ലതിക സുഭാഷ് പറഞ്ഞു. പാർട്ടിയിൽ പ്രവർത്തിക്കാത്തവരെ കൊണ്ടുവന്നതുകൊണ്ട് കാര്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തന്റെ ഫോൺ പോലും എടുത്തില്ലെന്നും ലതിക ആരോപിച്ചു. സ്ത്രീയെന്ന് പറഞ്ഞാൽ അടിച്ചമർത്തപ്പെടാൻ ഉള്ളതാണോയെന്നും ലതിക ചോദിച്ചു.

ജോസ് കെ മാണിയെ തള്ളി പറഞ്ഞ് പ്രിൻസ് ലൂക്കോസ് ജോസഫിനൊപ്പം കൂടിയത് ഏറ്റുമാനൂർ സീറ്റ് ഉറപ്പിക്കാനായിരുന്നു. ഇടതിൽ ഏറ്റുമാനൂർ സിപിഎമ്മിന്റെ സിറ്റിങ് സീറ്റായിരുന്നു. അതുകൊണ്ട് തന്നെ ജോസ് കെ മാണിക്കൊപ്പം പോയാൽ ഈ സീറ്റ് മത്സരിക്കാൻ കിട്ടില്ലെന്ന് പ്രിൻസ് കണക്കുകൂട്ടി. അങ്ങനെ ജോസഫ് പക്ഷത്ത് എത്തി. അവിടെ സജി മഞ്ഞക്കടമ്പനെയും വെട്ടി സ്ഥാനാർത്ഥിത്വം ഉറപ്പിച്ചത് മോൻസ് ജോസഫിന്റെ പിന്തുണയിലാണ്. ഇതിനിടെയാണ് പ്രിൻസ് ലൂക്കോസിന് ഇടിത്തീ പോലെ ലതികാ സുഭാഷിന്റെ തല മുണ്ഡലനം പ്രശ്‌നമാകുന്നത്. സ്വതന്ത്രയായി ഏറ്റുമാനൂരിൽ ലതിക എത്തിയാൽ യുഡിഎഫിന് നഷ്ടമാകുക ഷുവർ സീറ്റാണ്. ജോസഫിന്റെ പിടിവാശിക്ക് വഴങ്ങിയത് കോൺഗ്രസിന് തലവേദനയാകുമെന്നാണ് വിലയിരുത്തൽ.

സുരേഷ് കുറുപ്പിന്റെ വ്യക്തിമികവിലാണ് ഏറ്റുമാനൂരിൽ സിപിഎം ജയിച്ചിരുന്നത്. സുരേഷ് കുറുപ്പ് മാറുന്നതു കൊണ്ട് തന്നെ യുഡിഎഫിന് ഈ സീറ്റിൽ പ്രതീക്ഷ ഏറെയായിരുന്നു. ഇതാണ് ലതികയുടെ ഇടപെടലിൽ പൊളിയുന്നത്. അതിനിടെ, ലതികയെ അനുകൂലിച്ചും എതിർത്തും കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നു. എന്നാൽ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ ലതികയെ പുറത്താക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ലതിക സുഭാഷിനെ അനുനയിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അർഹതയുള്ളവരിൽ ഒരാളെ മാത്രമേ മൽസരിപ്പിക്കാൻ സാധിക്കുകയുള്ളൂ. സ്ഥാനാർത്ഥിത്വം കിട്ടാത്തവർക്ക് പാർട്ടിയിൽ അവസരങ്ങളുണ്ടാകും. കോൺഗ്രസിലെ ദിശാമാറ്റത്തിന്റെ സൂചികയാണ് യുവത്വം പ്രസരിക്കുന്ന പട്ടികയെന്നും ചെന്നിത്തല പറഞ്ഞു.

ലതിക സുഭാഷിന്റെ നടപടിയിൽ കോൺഗ്രസ് ഹൈക്കമാൻഡിന് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഏറ്റുമാനൂരിന് പകരം മറ്റൊരു സീറ്റ് നൽകാൻ തയാറായിരുന്നു. ഏറ്റുമാനൂർതന്നെ വേണമെന്നു പറഞ്ഞത് ലതികയാണ്. ഏറ്റുമാനൂർ സീറ്റ് വിട്ടുകിട്ടാൻ നേതൃത്വം ശ്രമിച്ചെന്നും എഐസിസി വിശദീകരിച്ചു. സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ പ്രതിഷേധിച്ച് മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ച് ലതിക തലമുണ്ഡനം ചെയ്തിരുന്നു. ഈ നടപടിയിലാണ് എഐസിസിക്ക് അമർഷം. കെപിസിസി ആസ്ഥാനത്തിന്റെ പടിക്കൽ വച്ചാണ് തലമുണ്ഡനം ചെയ്തത്.