കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച മുൻ മഹിളാ കോൺ​ഗ്രസ് അധ്യക്ഷ ലതിക സുഭാഷിന് പിന്തുണയുമായി മല്ലിക സുകുമാരൻ. ലതിക സുഭാഷ് തന്നെയാണ് ഇക്കാര്യം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. എനിക്ക് യാതൊരു മുൻപരിചയവും ഇല്ലാതിരുന്ന മല്ലിക ചേച്ചി ഇന്ന് എന്നെ ഫോണിൽ വിളിച്ചിരുന്നു. വനിതകൾക്കെതിരെ നടക്കുന്ന അവഗണനക്കെതിരെ നടത്തുന്ന ഈ പോരാട്ടത്തിൽ എന്നോടൊപ്പം മുൻനിരപ്പോരാളിയായി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു- ലതിക സുഭാഷ് ഫേസ്‌ബുക്കിൽ കുറിച്ചു.

സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ലതിക സുഭാഷ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ എൻഡിഎ സ്ഥാനാർത്ഥിയെ പിൻവലിച്ചിരുന്നു. ഏറ്റുമാനൂരിൽ ലതിക സുഭാഷ്‌ വിമത സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്‌ ആസൂത്രണത്തിന്റെ ഭാഗമായാണെന്ന്‌ രമേശ്‌ ചെന്നിത്തല ആരോപിച്ചു. മണ്ഡലത്തിൽ ബിഡിജെഎസ്‌ സ്ഥാനാർത്ഥിയെ പിൻവലിച്ചത്‌ ഇതിന്‌ സൂചനയാണ്‌.

എന്നാൽ നരേന്ദ്രമോദിക്കെതിരെ ഫെയ്‌സ്‌ബുക്കിൽ പോസ്‌റ്റ്‌ ഇട്ടതിനാനാലാണ്‌ സ്ഥാനാർത്ഥിയെ പിൻവലിച്ചതെന്ന്‌ ബിഡിജെഎസ്‌ നേതൃത്വം വ്യക്തമാക്കുന്നത്‌. ലതികാ സുഭാഷ് വിമത സ്ഥാനാർത്ഥിയാകുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതോടെ ഏറ്റുമാനൂരിൽ കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് കടുത്ത അതൃപ്‌തിയിലാണ്‌. കോൺഗ്രസ് നേതാക്കൾ ഇടപെട്ട് ലതികയെ പിന്തിരിപ്പിക്കണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം.