തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വ്യക്തി സ്വാതന്ത്ര്യമാണെന്ന് ഉമ്മൻ ചാണ്ടി. സ്വതന്ത്ര സ്ഥാനാർത്ഥിയായി ഒരാൾ മത്സരിക്കാൻ തീരുമാനിച്ചാൽ തടയാനാവില്ല. ലതിക സുഭാഷ് മത്സരിക്കട്ടേയെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു.

പാർട്ടി സ്ഥാനങ്ങൾ രാജിവെച്ച മഹിളാ കോൺഗ്രസ് നേതാവ് ലതികാ സുഭാഷ് ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സ്ഥാനാർത്ഥിത്വം നിഷേധിച്ചതിനു പിന്നാലെ പാർട്ടിസ്ഥാനങ്ങൾ രാജിവെച്ച ലതികാ സുഭാഷ് ഇന്ന് വിളിച്ചുചേർത്ത കൺവെൻഷനിലാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. താൻ ഇപ്പോഴും കോൺഗ്രസുകാരിയാണെന്നും മറ്റ് പാർട്ടികളിലേക്ക് പോകില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനരംഗത്തേക്ക് കടന്നുവന്നതു മുതലുള്ള 30 വർഷത്തെ രാഷ്ട്രീയ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചുകൊണ്ടാണ് സ്വതന്ത്രയായി മത്സരിക്കാനുള്ള തീരുമാനം ലതിക സുഭാഷ് പ്രഖ്യാപിച്ചത്.

സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനം, എ.ഐ.സി.സി.അംഗത്വം, കെപിസിസി. അംഗത്വം എന്നിവ ലതിക സുഭാഷ് രാജിവെച്ചിരുന്നു. എന്നാൽ പ്രാഥമികാംഗത്വത്തിൽ തുടരുമെന്ന് അവർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കേരള രാഷ്ട്രീയത്തിൽ ഉണ്ടായ സമാനതകളില്ലാത്ത പ്രതിഷേധമാണ് മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് ലതികാ സുഭാഷ് നടത്തിയത്. കെപിസിസി. ആസ്ഥാനത്തിന് മുന്നിൽവച്ചാണ് അവർ തലമുണ്ഡനം ചെയ്തത്. മറ്റൊരുപാർട്ടിയിലേക്ക് പോകില്ലെന്ന് വ്യക്തമാക്കിയ അവർ കോൺഗ്രസുകാരിയായി തുടരുമെന്നും വ്യക്തമാക്കി. 140 മണ്ഡലങ്ങളിലും ഇതിന്റ പ്രതിഫലനമുണ്ടായേക്കാം.

ഒൻപത് വനിതകളെ സ്ഥാനാർത്ഥിയാക്കിയിട്ടും പ്രചാരണത്തിലുടനീളം സ്ത്രീവിരുദ്ധ പാർട്ടിയെന്ന പഴി കേൾക്കേണ്ടിവരും. എന്ത് പറഞ്ഞ് പ്രതിരോധിക്കുമെന്ന് പോലും വ്യക്തതയില്ല. സീറ്റ് നിഷേധിക്കാനുണ്ടായ കാര്യങ്ങൾ പറഞ്ഞ് ലതിക സുഭാഷിനെ ബോധ്യപ്പെടുത്താതിരുന്ന നേതൃത്വത്തെയാണ് പലരും പ്രതിക്കൂട്ടിൽ നിർത്തുന്നത്.

ലതിക സുഭാഷിന്റ തലമുണ്ഡനത്തെ അനുകൂലിച്ചും എതിർത്തും കോൺഗ്രസ് നേതാക്കൾ രംഗത്തു വന്നു. സീറ്റ് നൽകാതിരുന്നതിന്റ കാരണങ്ങൾ ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ട നേതൃത്വമാണ് യഥാർഥ കുറ്റക്കാരെന്നാണ് ഒരുവിഭാഗത്തിന്റ ആക്ഷേപം. അതേസമയം പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റ പേരിൽ ലതികയെ പുറത്താക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

തല മുണ്ഡനം ചെയ്ത ലതികാ സുഭാഷ് പൊതു മണ്ഡലത്തിൽ നിറയുന്നത് കോൺഗ്രസിന് തിരിച്ചടിയാണ്. നിഷ്പക്ഷരായ സ്ത്രീ വോട്ടർമാരുടെ മനസ്സ് കോൺഗ്രസിന് എതിരാക്കുന്നതാണ് ഈ പ്രതിഷേധമെന്നാണ് സിപിഎം വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഈ പ്രശ്നം സംസ്ഥാനത്തുടനീളം പ്രചരണത്തിൽ ചർച്ചയാക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്.