തിരുവനന്തപുരം: മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച ലതിക സുഭാഷിനെ പുറത്താക്കണമെന്ന വികാരവുമായി നേതാക്കൾ. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന്റെ സർവശോഭയും കെടുത്തിയ ലതിക സുഭാഷിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമാണ്. വനിത നേതാവിന്റെ തലമുണ്ഡനത്തെ അനുകൂലിച്ചും എതിർത്തും കോൺഗ്രസിൽ ഇതിനോടകം രണ്ട് ചേരി രൂപപ്പെട്ട് കഴിഞ്ഞു. എന്നാൽ, പൊതുവികാരം ലതികയ്ക്ക് അനുകൂലമാണ്.

പാർട്ടിയിൽ നിന്നുള്ള അവഗണനയെ തുടർന്ന് രാജിവച്ച മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിക്കുമെന്നാണ് പുറത്തുവരുന്ന സൂചന. പ്രവർത്തകരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായേക്കും. പ്രചാരണവും ഇന്നു തന്നെ ആരംഭിച്ചേക്കുമെന്നാണ് സൂചന.

സീറ്റ് നൽകാതിരുന്നതിന്റ കാരണങ്ങൾ ലതികയെ ബോദ്ധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ട നേതൃത്വമാണ് യഥാർത്ഥ കുറ്റക്കാരെന്നാണ് ഒരുവിഭാഗത്തിന്റ ആക്ഷേപം.കോൺഗ്രസിന്റെ ചരിത്രത്തിലാദ്യമായി അമ്പത്തിയഞ്ച് ശതമാനം പുതുമുഖങ്ങളെ അണിനിരത്തിയിറക്കിയ സ്ഥാനാർത്ഥി പട്ടികയുടെ എല്ലാ അവകാശവാദങ്ങളും ഇല്ലാതാക്കുന്നതായിരുന്നു ലതിക സുഭാഷിന്റ തലമുണ്ഡനം. 140 മണ്ഡലങ്ങളിലും ഇതിന്റ പ്രതിഫലനമുണ്ടായേക്കാം.

ഒമ്പത് വനിതകളെ സ്ഥാനാർത്ഥിയാക്കിയിട്ടും പ്രചാരണത്തിലുടനീളം സ്ത്രീവിരുദ്ധ പാർട്ടിയെന്ന പഴി കോൺഗ്രസിന് കേൾക്കേണ്ടി വരും. ഇതിനെ എന്ത് പറഞ്ഞ് പ്രതിരോധിക്കുമെന്ന് പോലും നേതൃത്വത്തിന് വ്യക്തതയില്ല.പ്രതിഷേധവുമായി ഇന്നലെ രാവിലെ പതിനൊന്ന് മണി മുതൽ ലതിക സുഭാഷ് കെ പി സി സി ഓഫീസിൽ ഉണ്ടായിരുന്നു. മാധ്യമങ്ങളിലൂടെ എതിർപ്പ് അറിയിച്ചിട്ടും അവരെ ഒരാൾപോലും തിരിഞ്ഞുനോക്കിയില്ലെന്നാണ് ലതികയെ അനുകൂലിക്കുന്ന മഹിളാ കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതും നടന്നില്ല.

തിടുക്കപ്പെട്ട് ലതിക സുഭാഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയാൽ അത് കൂടുതൽ ദോഷമാകുമെന്നാണ് നേതാക്കളിൽ ഭൂരിപക്ഷവും പറയുന്നത്. തത്ക്കാലം പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ ലതികയുടെ സമർദ്ദങ്ങൾക്ക് വഴങ്ങേണ്ടെന്ന് തന്നെയാണ് തീരുമാനം. ഹൈക്കമാൻഡിന്റെ അഭിപ്രായം കൂടി കേട്ട ശേഷമാകും കെ പി സി സിയുടെ തുടർ നടപടി. സംഭവത്തിൽ ദേശീയ നേതൃത്വം കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടതിന് പിന്നാലെയാണ് പ്രതിഷേധവുമായി ലതിക സുഭാഷ് രംഗത്തെത്തിയത്. കോൺഗ്രസ് ഇനി ഒരു സീറ്റ് തന്നാലും സ്വീകരിക്കില്ലെന്നാണ് ലതികയുടെ നിലപാട്. പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജി വയ്ക്കുമെന്നും വ്യക്തമാക്കി. തനിക്ക് സീറ്റ് നിഷേധിച്ചത് ആരെന്ന് അറിയില്ലെന്ന് ലതിക സുഭാഷ് പറയുന്നു.

കെപിസിസി പ്രസിഡന്റിനെ വിളിച്ചിട്ട് ഫോൺ പോലും എടുത്തില്ല. ഏറ്റുമാനൂർ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചു. ഏറ്റുമാനൂർ ഇല്ലെങ്കിലും വൈപിനിൽ മത്സരിക്കാൻ തയ്യാറായിരുന്നു, എന്നാൽ അത് നടന്നില്ലെന്ന് ലതിക പറയുന്നു. ഒരു പാർട്ടിയുടെയും പിന്തുണയില്ലെങ്കിലും ഏറ്റുമാനൂരിൽ ജയിക്കാനാകും എന്നാണ് വിശ്വാസമെന്നും ലതിക പ്രതികരിച്ചു. ഏറ്റുമാനൂരിൽ മുൻപും സ്വതന്ത്ര സ്ഥാനാർത്ഥികൾ ജയിച്ച മണ്ഡലമാണെന്നും അവർ കൂട്ടിച്ചേർത്തു.

ലതികാ സുഭാഷിന് സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ പ്രതിഷേധിച്ച് നാടകീയ സംഭവങ്ങളാണ് കെപിസിസി ആസ്ഥാനത്തിന് മുൻപിൽ ഇന്നലെ അരങ്ങേറിയത്. തല മുണ്ഡനം ചെയ്തായിരുന്നു പ്രതിഷേധം. മറ്റൊരു പാർട്ടിയിലേക്ക് പോകില്ലെന്ന് ലതികാ സുഭാഷ് മാധ്യമങ്ങളോട് പറഞ്ഞു. സീറ്റ് നിഷേധിച്ചതിലൂടെ താൻ അപമാനിതയായി. തന്നേക്കാൾ പ്രായം കുറഞ്ഞവർ വരെ നിയമസഭയിലെത്തുന്നു. ഒരു തിരുത്തൽ വരുത്തേണ്ടത് ഈ ഘട്ടത്തിലാണ്. അതിനാലാണ് തെരഞ്ഞെടുപ്പ് ഘട്ടം തന്നെ തെരഞ്ഞെടുത്തത്. പാർട്ടിക്ക് വേണ്ടി അലയുകയും പണിയെടുക്കുകയും ചെയ്യുന്ന വനിതകളെ അവഗണിക്കുന്ന പതിവ് മാറട്ടേയെന്നും ലതികാ സുഭാഷ് പറഞ്ഞു.