ന്യുഡൽഹി: ലാവ്ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റിവച്ചു. സിബിഐയുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. തുടർച്ചയായി കേസ് മാറ്റുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി അനുവരി ഏഴിന് കേസ് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു. അതിനകം സിബിഐ രേഖകൾ സമർപ്പിക്കണം.

സിബിഐക്ക് വേണ്ടി ഹാജരാകുന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അസൗകര്യം പരിഗണിച്ചാണ് ഇന്ന് ഹർജി മാറ്റിയത്. തനിക്ക് മറ്റു ചില കേസുകളുടെ തിരക്കുകൾ ഉണ്ടെന്നും സാങ്കേതികമായ തടസ്സം പരിഗണിച്ച് മാറ്റണമെന്നും തുഷാർ മേത്ത ആവശ്യപ്പെട്ടു. സോളിസിറ്റർ ജനറൽ എന്ന നിലയിൽ തിരക്കുകൾ ഉണ്ടാകുമെന്നും അതിന്റെ പേരിൽ കേസ് മാറ്റുന്നത് ഉചിതമല്ലെന്ന് അതൃപ്തി പ്രകടിപ്പിച്ചാണ് കോടതി കേസ് മാറ്റിയത്.

അതേസമയം കഴിഞ്ഞ തവണം സിബിഐ കോടതിയിൽ ബോധ്യപ്പെടുത്തുയതു പോലെ വിശദമായി സത്യവാങ്മൂലം അടക്കുന്ന അധിക രേഖ കോടതിയിൽ ഇന്നും സമർപ്പിച്ചില്ല. ഇക്കാര്യം അഭിഭാഷകൻ ബസന്ത് ചൂണ്ടിക്കാട്ടിയപ്പോൾ ജനുവരി ഏഴിനുള്ളിൽ ഹാജരാക്കാൻ കോടതി നിർദേശിച്ചു. മൂന്ന് മിനിറ്റികമാണ് കോടതി നടപടികൾ പൂർത്തിയാക്കിയത്. നിരവധി തവണ ലാവലിൻ കേസ് സുപ്രീംകോടതി മാറ്റിവെച്ചിരുന്നു 20ലേറെ തവണ കേസ് മാറ്റിവെക്കുകയുണ്ടായി.

കേസിൽ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം മുഴുവൻ പേരെയും വിചാരണ ചെയ്യണമെന്നാണ് സിബിഐയുടെ ആവശ്യം. മറ്റുള്ളവരെ കുറ്റവിമുക്തരായപോലെ തങ്ങളെയും കുറ്റവിമുക്തരാക്കണമെന്നാണ് മൂന്ന് മുൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ ആവശ്യം.