കോഴിക്കോട്: കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചരണത്തിലെ സൂപ്പർസ്റ്റാറായിരുന്നു വി എസ് അച്യുതാനന്ദൻ. അദ്ദേഹത്തെ മുന്നിൽ നിർത്തിയാണ് പിണറായി മുഖ്യമന്ത്രി കസേരയിലേക്ക് എത്തിയത്. എന്നാൽ, ഇത്തവണ വിഎസിന്റെ പോസ്റ്റർ ഒരു സിപിഎമ്മുകാരനും വേണ്ട. പകരം വേണ്ടത് ക്യാപ്ടൻ പിണറായി വിജയന്റെ വർണചിത്രമുള്ള പോസ്റ്ററലുകളാണ്. പിണറായിയെ മുൻനിർത്തി പ്രചരണം കൊഴുപ്പിക്കുമ്പോൾ വിഎസിന്റെ ചിത്രം സമർഥമായി ഉപയോഗിക്കുന്ന ഒരു കൂട്ടരുണ്ട്. പൊരിഞ്ഞ പോരാട്ടം നടക്കുന്ന വടകരയിൽ ആർഎംപിയാണ് വിഎസിന്റെ ചിത്രം ഉപയോഗിക്കുന്നത്.

ആർഎംപി-എൽഡിഎഫ് പോരാട്ടം നടക്കുന്ന വടകരയിൽ മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ ചിത്രങ്ങളും പ്രചാരണത്തിന് ആർഎം പി ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഈ ചിത്രം ഏറെ അസ്വസ്ഥപ്പെടുത്തുന്നത് സിപിഎമ്മിനെ തന്നയാണ്. വിഎസിന്റെ ഈ ചിത്രം സിപിഎമ്മിനെ ഒരുപാട് ഭയപ്പെടുത്തുന്നുണ്ട്. കെ കെ രമയെ സന്ദർശിച്ചപ്പോൾ എടുത്ത ചിത്രമാണിത്.

ഈ ചിത്രം തെറഞ്ഞെടുപ്പു പ്രചരണത്തിന് ഉപയോഗിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരിക്കുകയാണ് എൽഡിഎഫ്. വി എസ് അച്യുതാനന്ദൻ കെ.കെ രമയെ സന്ദർശിക്കുന്ന ചിത്രം ആഎംപി വ്യാപകമായി പ്രചരിപ്പിക്കുന്നുവെന്നും ഇത് സംഘർഷത്തിന് കാരണമായേക്കാമെന്നുമാണ് എൽഡിഎഫിന്റെ പരാതി. സിപിഎം നേതാവായിരുന്ന എം കെ കേളുവേട്ടന്റെ ചിത്രങ്ങളും ഉപയോഗിക്കുന്നതായി പരാതിയിലുണ്ട്. പരാതി ലഭിച്ചിട്ടുണ്ടെന്നും പരിശോധിക്കാൻ നിർദ്ദേശം നൽകിയതായി റിട്ടേണിങ് ഓഫീസർ അറിയിച്ചു.

ഒഞ്ചിയത്തിന്റെ മണ്ണിൽ ടി.പി ചന്ദ്രശേഖരൻ എന്ന സിപിഎം പ്രവർത്തകൻ വെട്ടിനുറുക്കപ്പെട്ടിട്ട് ഒമ്പത് വർഷം പിന്നിടാൻ പോവുകയാണ് ഈ മെയ് നാലാം തീയതി. അന്നേ ദിവസം കെ കെ രമ നിയമസഭയിൽ എത്തുമോ എന്ന കാര്യമാണ് ഇനി അറിയേണടത്. കാരണം ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമയുടെ ഇത്തവണത്തെ നിയമസഭാ മത്സരം ഇടതുപക്ഷത്തേയും പ്രത്യേകിച്ച് സിപിഎമ്മിനേയും സംബന്ധിച്ച് നിർണായകമാണ്. വടകര മണ്ഡലം രൂപീകരിച്ചത് മുതൽ ഇടതിനൊപ്പം ചേർന്ന് നിന്ന മണ്ഡലത്തിലാണ് ഇത്തവണ കെ.കെ രമ യു.ഡി.എഫ് പിന്തുണയോടെ ഇടതിനെതിരേ വടകരയിൽ മത്സരിക്കുന്നത്. അട്ടിമറി പ്രതീക്ഷയിലാണ് കെ കെ രമ

മെയ് രണ്ടിന് ഫലം വരുമ്പോൾ അത് വടകരയിൽ ടി.പി ചന്ദ്രശേഖരന്റെ കൊലപാതകികൾക്കുള്ള പകരം വീട്ടലായിരിക്കുമെന്നാണ് കെ.കെ രമ ഓരോ ദിവസവും പ്രതികരിക്കുന്നത്. ഓരോ വോട്ടും കൊലപാതക രാഷ്ട്രീയത്തിന് എതിരേ ആയിരിക്കുമെന്നും പറയുന്നു. മെയ് നാലിനാണ് ടി.പിയുടെ ഒമ്പതാം ചരമവാർഷികം. ഈ ദിനം ടി.പിക്കുള്ളതായിരിക്കുമെന്നാണ് കെ.കെ രമ പറയുന്നത്. കഴിഞ്ഞ തവണ ഒറ്റയ്ക്ക് മത്സരിച്ച് നേടിയ 20504 വോട്ടിന്റെ ആത്മവിശ്വാസത്തിലാണ് കെ.കെ രമ മത്സര രംഗത്ത് സജീവമാകുന്നത്. ഇത്തവണ യു.ഡി.എഫിന്റെ പിന്തുണ കൂടി വരുമ്പോൾ വിജയം സുനിശ്ചിതമെന്ന് പറയുന്നു കെ.കെ രമ.

മണ്ഡലം പിറവിയെടുത്തത് മുതൽ സോഷ്യലിസ്റ്റുകളെ മാത്രം നിയസമയഭയിലെത്തിച്ച വടകര ഇടതിന്റെ കോട്ടയെന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഒഞ്ചിയമുൾപ്പെടെയുള്ള ഇടത് കോട്ടകൾ തകർന്ന് വീണത് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തോടെയും ആർ.എംപിയെന്ന രാഷ്ട്രീയ പാർട്ടിയുടെ പിറവിയോടെയുമായിരുന്നു. യു.ഡി.എഫിൽ നിന്നും എൽഡിഎഫിലെത്തിയ എൽ.ജെ.ഡിയിലെ മനയത്ത് ചന്ദ്രനാണ് ഇടത് സ്ഥാനാർത്ഥിയായി കെ.കെ രമയ്ക്കെതിരേ മത്സരിപ്പിക്കുന്നത്.

സോഷ്യലിസ്റ്റുകൾക്ക് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ ഇടതുപക്ഷത്തോടൊപ്പം എൽ.ജെ.ഡി ചേർന്നത് കരുത്ത് വർധിപ്പിച്ചിട്ടുണ്ടെന്നാണ് മുന്നണി പ്രതീക്ഷ. എന്നാൽ അപ്പുറത്ത് കഴിഞ്ഞ തവണ ഒറ്റയ്ക്ക് മത്സരിച്ച ആർ.എംപി ഇപ്പോൾ യു.ഡി.എഫിന് ഒപ്പം ചേർന്നിരിക്കുന്നു. ഇതോടെ മണ്ഡല പോരാട്ടം തീപാറുന്നതായി. കൊലപാത രാഷ്ട്രീയത്തിനെതിരെ ശക്തമായ ശബ്ദമുയർത്തിക്കൊണ്ട് തന്നെയാണ് കെ.കെ രമയുടെ ഓരോ ദിവസത്തേയും പ്രചാരണം. ഇത് ശരിക്കും അസ്വസ്ഥപ്പെടുത്തുന്നത് സിപിഎമ്മിനെയാണ്.