തിരുവനന്തപുരം: എൽഡിഎഫ് പരസ്യവാചകമായ ഉറപ്പാണ് എൽഡിഎഫ് എന്നത് ഓട്ടോറിക്ഷകളിൽ തുടരുമെന്ന് ഉറപ്പായി. നിയമലംഘനമെന്ന ആക്ഷേപം ശക്തമായ സാഹചര്യത്തിൽ സിഐടിയു നേതൃത്വം ഇടപെട്ട് നിശ്ചിത ഫീസടച്ച് തുടങ്ങിയതോടെയാണ് പരിഹാരമായത്. പതിനായിരത്തോളം ഓട്ടോറിക്ഷകളിൽ പരസ്യവാചകം പതിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

ഒരു ഓട്ടോറിക്ഷക്ക് 1920 രൂപ വീതമാണ് ഫീസടക്കുന്നത്.ഇങ്ങനെ ഒരു മാസത്തേക്കാണ് പരസ്യം ഓട്ടോകളിൽ നിയമവിധേയമാക്കുന്നത്.പരസ്യപോസ്റ്ററുകൾ പതിക്കുന്നതിന് നിശ്ചിത ഫീസടക്കണമെന്നാണ് ചട്ടം. ഒരു മാസത്തേക്ക് ഓട്ടോറിക്ഷകളിൽ ഉറപ്പാണ് എൽഡിഎഫ് പോസ്റ്ററുകൾ ഫീസടച്ച് നിയമവിധേയമാക്കുകയാണെന്ന് സിഐടിയു ഓട്ടോ തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി കെ എസ് സുനിൽകുമാർ വ്യക്തമാക്കി.

മോട്ടോർ വാഹന നിയമം അനുസരിച്ച് ഓട്ടോറിക്ഷകളുടെ മുൻവശം മഞ്ഞ നിറത്തിലും മാറ്റുഭാഗങ്ങൾ കറുപ്പ് നിറത്തിലുമായിരിക്കണം.അതിനാൽ തന്നെ ഓട്ടോറിക്ഷകളിൽ ഈ പരസ്യവാചകം പോസ്റ്ററുകളായും ഫ്‌ളക്‌സായും പതിക്കുന്നത് നിയമലംഘനമാണെന്ന് വ്യാപക ആക്ഷേപം ഉയർന്നിരുന്നു.തെരഞ്ഞെടുപ്പ് കാലത്ത് വാഹനങ്ങളിൽ പ്രചരണ പോസ്റ്ററുകൾ പതിച്ചുള്ള നിയമലംഘനത്തിന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നുവെന്ന് പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചിരുന്നു.

തിങ്കഴാഴ്ച മുതൽ നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് ഉടമകകൾക്ക് നോട്ടീസ് നൽതാൻ മോട്ടോർ വാഹന വകുപ്പ് നീക്കം തുടങ്ങി. നിശ്ചിത ഫീസടച്ച സാഹചര്യത്തിൽ ഓട്ടോറിക്ഷകളിലെ ഉറപ്പാണ് എൽഡിഎഫ് പോസ്റ്റർ നീക്കം ചെയ്യരുതെന്നാവശ്യപ്പെട്ട് സിഐടിയു നേതത്വം ഓട്ടോറിക്ഷ തൊഴിലാളികൾക്ക് നിർദ്ദേശം നൽകി.