തിരുവനന്തപുരം: ഇടത് മുന്നണിയിൽ തിരുവനന്തപുരം നഗരസഭയിലേക്കുള്ള സീറ്റ് വിഭജനം പൂർത്തിയായി. സിപിഎം 70 സീറ്റിൽ മത്സരിക്കും. 17 സീറ്റുകളിൽ സിപിഐ മത്സരിക്കും. ജനതാദൾ എസ് രണ്ട്, കോൺഗ്രസ് എസ് 1, എൽജെഡി 2, ഐഎൻഎൽ 1, എൻസിപി 1 എന്നിങ്ങനെയാണ് മറ്റ് ഘടകകക്ഷികൾക്കുള്ള സീറ്റുകൾ. ആറ് സീറ്റുകളിൽ ധാരണയായില്ല.

നൂറ് സീറ്റുകളുള്ള തിരുവനന്തപുരം കോർപ്പറേഷനിൽ കഴിഞ്ഞ തവണ എൽഡിഎഫ് ഭരണം നിലനിർത്തിയിരുന്നു. 43 സീറ്റുകളാണ് എൽഡിഎഫിന് ലഭിച്ചത്. 35 സീറ്റുകൾ ബിജെപി നേടി. 21 സീറ്റുകൾ കോൺഗ്രസ് നേടിയപ്പോൾ ഒരിടത്ത് സ്വതന്ത്രനായിരുന്നു വിജയം. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബർ 8, 10, 14 തീയതികളിലാണ്. കോവിഡ് പശ്ചാത്തലത്തിൽ 3 ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുക. നവംബർ 12-ന് വിജ്ഞാപനം പുറപ്പെടുവിക്കും.ക്രിസ്മസിന് മുൻപ് പുതിയ ഭരണസമിതികൾ അധികാരമേൽക്കും.

ഒന്നാം ഘട്ടം -ഡിസംബർ 8 (ചൊവ്വ) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി. രണ്ടാം ഘട്ടം ഡിസംബർ 10(വ്യാഴം) കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്. മൂന്നാം ഘട്ടം ഡിസംബർ 14(തിങ്കൾ) മലപ്പുറം. കോഴിക്കോട്, കണ്ണൂർ, കാസർകോട്

ഡിസംബർ 16ന് വോട്ടെണ്ണൽ നടക്കും. വോട്ടെടുപ്പ് സമയം രാവിലെ 7 മുതൽ വൈകിട്ട് 6വരെ. രാവിലെ 8 മണിക്കു വോട്ടെണ്ണൽ ആരംഭിക്കും. 1200 തദ്ദേശ സ്ഥാപനങ്ങളിൽ 1199 സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. 941 ഗ്രാമ പഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ, 86 മുനിസിപ്പാലിറ്റികൾ, 6 മുനിസിപ്പൽ കോർപറേഷനുകൾ എന്നിവിടങ്ങളിലായി 21,865 വാർഡുകളിലേക്കാണ് ഈ വർഷം തെരഞ്ഞെടുപ്പ്.