തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പ്രതിരോധത്തിലായ ഇടതുമുന്നണി കേന്ദ്ര സർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക്. കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ഇടതുമുന്നണി പ്രഖ്യാപിച്ച പ്രതിരോധ സമരം തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും നടക്കും. സമരത്തിൽ മന്ത്രിമാർ പങ്കെടുക്കില്ല.

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കേരളത്തിന്റെ അഭിമാന വികസന പദ്ധതികളെ അട്ടിമറിക്കാനുള്ള നീക്കം എന്നാരോപിച്ചാണ് ജനകീയ പ്രതിരോധം തീർക്കുന്നത്. സർക്കാർ പദ്ധതികളെ കുറിച്ചുള്ള ആരോപണങ്ങൾ സത്യവിരുദ്ധമാണെന്ന് വ്യക്തമായിട്ടും കോൺഗ്രസും ബിജെപിയും ഒത്തുചേർന്ന് നിരന്തരം പ്രചരണം അഴിച്ചുവിടുകയാണന്നാണ് ഇടതുമുന്നണി വിമർശനം.

ഇഡി അടക്കമുള്ള ഏജൻസികൾ രാഷ്ട്രീയ ലക്ഷ്യത്തോടെ ഇതിന് കൂട്ടുനിൽക്കുകയാണെന്നാണ് ആരോപണം. ഇതിനെ തുടർന്നാണ് സിഎജിക്കെതിരെ ധനമന്ത്രി തോമസ് ഐസക് രംഗത്ത് വന്നത്. മന്ത്രിമാരെ ഉൾപ്പെടെ സമരത്തിന് ഇറക്കാൻ തീരുമാനിച്ചെങ്കിലും പിന്നീട് അതു വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

ബൂത്തുകളിൽ നടക്കുന്ന പ്രതിരോധത്തിൽ 25 ലക്ഷം പേർ അണിനിരക്കും. വിവിധ കേന്ദ്രങ്ങളിൽ എൽഡിഎഫ് നേതാക്കൾ ജനകീയ പ്രതിരോധത്തിൽ പങ്കെടുക്കും. ആരോഗ്യ കാരണത്താൽ അവധിയെടുത്ത കോടിയേരി ബാലകൃഷ്ണൻ സമരത്തിന് ഉണ്ടാവില്ല.