കടുത്തുരുത്തി: സ്ത്രീ ശക്തിയുടെ കരുത്തിൽ എൽ.ഡി.എഫ് ഈ തെരഞ്ഞെടുപ്പിൽ തകർന്നടിയുമെന്ന് കടുത്തുരുത്തിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. മോൻസ് ജോസഫ്. വിലക്കയറ്റം അടിച്ചേൽപ്പിച്ച് കുടുംബ ബഡ്ജറ്റ് തകർത്തതിനും വിശ്വാസം സംരക്ഷിക്കാൻ തെരുവിൽ പ്രതിഷേധിക്കാൻ ഇറങ്ങേണ്ടി വന്നതിനും ബാലറ്റിലൂടെ പകരം ചോദിക്കാൻ കാത്തിരിക്കുകയാണ് സ്ത്രീകളെന്നും അദ്ദേഹം പറഞ്ഞു. കേരളാ വനിത കോൺഗ്രസ് ജോസഫ് വിഭാഗം കടുത്തുരുത്തി നിയോജക മണ്ഡലം ജനറൽ ബോഡി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തങ്ങളുടെ അഭ്യസ്തവിദ്യരായ പെൺമക്കൾ അടക്കമുള്ളവർ കഷ്ടപ്പെട്ട് പഠിച്ച് വിജയിച്ച് പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട് തൊഴിലിനായി കാത്തിരിക്കുമ്പോൾ അനർഹരായ ആളുകളെ പിൻവാതിൽ വഴി ജോലിക്ക് കയറ്റി കുടുംബങ്ങളിൽ കണ്ണീർ നൽകിയ ഭരണമാണ് ഇടത് മുന്നണി നടത്തിയത്. സ്വജനപക്ഷപാതവും അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കി കുടുംബങ്ങളിലേക്ക് വരുമാനം എത്തിക്കേണ്ട മക്കളെ തൊഴിൽ രഹിതരായി നിലനിർത്തിയ എൽ.ഡി.എഫ് ജനദ്രോഹ ഭരണത്തിനെതിരെയുള്ള കുടുംബിനികളുടെ പ്രതിഷേധം ഈ ഭരണത്തിനെതിരായ വോട്ടുകളായി മാറുമെന്നും മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി.