തിരുവനന്തപുരം: തുടർച്ചയായ ചികിത്സ വേണ്ടതിനാലാണ് കോടിയേരി ബാലകൃഷ്ണന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും അവധി നൽകിയതെന്ന് കേന്ദ്രകമ്മിറ്റിയംഗം എം വി ഗോവിന്ദൻ. ചികിത്സയ്ക്കായി അവധി ആവശ്യമാണെന്ന് കോടിയേരി പാർട്ടിയെ അറിയിച്ചു. ഇതോടെ അദ്ദേഹത്തിന്റെ ആവശ്യം പാർട്ടി സെക്രട്ടറിയേറ്റ് അംഗീകരിക്കുകയായിരുന്നുവെന്നും ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു

അതേസമയം കോടിയേരി അവധി എത്രകാലത്തേക്കാണെന്ന് വ്യക്തമാക്കിയിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മകന്റെ പേരിലുള്ള ആരോപണങ്ങൾ തിരിച്ചടിയാകുമെന്ന തിരിച്ചറിവിലാണ് കോടിയേരിയുടെ മാറി നിൽക്കൽ. മകൻ ഏൽപ്പിച്ച പരിക്കിൽനിന്നും രക്ഷപ്പെടാനാണ് കോടിയേരി ബാലകൃഷ്ണൻ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോടിയേരിക്ക് ഇതിനു സാധിക്കുമെന്ന് തോന്നുന്നില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

മകൻ തെറ്റ് ചെയ്താൽ പാർട്ടി സെക്രട്ടറിക്ക് എന്ത് ഉത്തരവാദിത്വമാണെന്നാണ് നേരത്തെ സിപിഎം ചോദിച്ചത്. ഇപ്പോൾ അത് മാറിയല്ലോ. ഉത്തരവാദിത്വം ഉണ്ടെന്ന് സിപിഎം സമ്മതിച്ചല്ലോയെന്നും അദ്ദേഹം പരിഹസിച്ചു. അളുകളെ കബളിപ്പിക്കുന്ന ഈ പരിപാടി സിപിഎം അവസാനിപ്പിക്കണം. കേരളത്തിന്റെ ചരിത്രത്തിൽ ഒരു പാർട്ടിയും പാർട്ടി സെക്രട്ടറിയും ഇത്രയധികം ദുഷിച്ച ഒരു കാലഘട്ടം ഉണ്ടായിട്ടില്ല.

അധോലക പ്രവർത്തനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവച്ച് ജനവിധി തേടാൻ തയാറാകണം. ഇതിനുപകരം മുട്ടാപ്പോക്ക് പറഞ്ഞ് മുന്നോട് പോകാനാണ് മുഖ്യമന്ത്രി ആഗ്രഹിക്കുന്നത്. കോടിയേരിയുടെ പാത പിണറായി പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, ഈ തീരുമാനം കോടിയേരി നേരത്തെ എടുത്തിരുന്നുവെങ്കിൽ വിവാദം ഒഴിവാക്കാമായിരുന്നുവെന്നും വൈകിയെങ്കിലും തീരുമാനം നല്ലതാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു