കണ്ണൂർ: കേരളത്തിൽ കൃത്രിമ ഓക്സിജൻ ക്ഷാമം സൃഷ്ടിക്കാൻ കുത്തക കമ്പനികൾ ശ്രമിക്കുന്നുവെന്ന ആരോപണത്തിൽ പിടി തോമസ് എംഎൽഎക്കെതിരെ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം പികെ ശ്രീമതി വക്കീൽ നോട്ടീസ് അയച്ചു. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്. അപകീർത്തിപരമായ പ്രസ്താവന നടത്തിയെന്നാരോപിച്ചാണ് നടപടി.

മെഡിക്കൽ ഓക്സിജൻ 70 ടൺ സംസ്ഥാനത്തിന് പുറത്തേക്കാണ് ഇപ്പോൾ പോകുന്നത്. കേരളത്തിന്റെ ആവശ്യം കഴിഞ്ഞേ ഇത് പോകാവൂവെന്ന് സർക്കാർ ഉറപ്പ് വരുത്തണം. സർക്കാർ ഇടപെട്ടില്ലെങ്കിൽ വലിയ ദുരന്തങ്ങൾ ഉണ്ടാകുമെന്നായിരുന്നു പിടി തോമസ് പറഞ്ഞത്. സംസ്ഥാനത്ത് കൃത്രിമ ഓക്സിജൻ ക്ഷാമം സൃഷ്ടിക്കാൻ മുൻ ആരോഗ്യമന്ത്രി പി കെ ശ്രീമതിയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം ശ്രമിക്കുന്നുവെന്നായിരുന്നു പി ടി തോമസിന്റെ പ്രസ്താവന. ഇതിനെതിരെയാണ് നടപടി.

സതേൺ എയർപ്രൊഡക്ട് എന്ന കമ്പനിക്കാണ് ഓക്സിജൻ വിതരണാവകാശത്തിന്റെ കുത്തക. ഓക്സിജൻ രോഗികളുടെ കാര്യത്തിൽ കേരളത്തിന്റെ സ്ഥിതി ഗുരുതരമാണ്. എന്നാൽ ഇത് മറച്ചുവെക്കുന്നു. മെഡിക്കൽ ഓക്സിജൻ പല കമ്പനികൾക്കും ആവശ്യത്തിന് ഉൽപ്പാദിപ്പിക്കാൻ കഴിയില്ലെന്നും പിടി തോമസ് പറഞ്ഞിരുന്നു. പിന്നാലെയാണ് പികെ ശ്രീമതി നിയമനടപടിയുമായി നീങ്ങിയത്.