മലപ്പുറം: ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയത്തിൽ മുറിവേറ്റ വികാരമാണ് മുസ്ലിം സമുദായത്തിന് ഉണ്ടായിരിക്കുന്നതെന്ന് പാണക്കാട് സാദിഖലി തങ്ങൾ. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ഏകപക്ഷീയമാണെന്ന് സാദിഖലി തങ്ങൾ വ്യക്തമാക്കി. ന്യൂനപക്ഷ സ്‌കോളഷിപ്പ് വിഷയത്തിൽ വിവിധ മുസ്ലിം സംഘടനകളുമായി യോഗം ചേർന്നതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രിസ്ത്യൻ സമുദായത്തിന് അർഹതപ്പെട്ടത് നൽകണം. എന്നാൽ അത് സച്ചാർ കമ്മീഷന്റെ പേരിൽ വേണ്ട. കോടതിവിധി എതിരെങ്കിൽ സർക്കാർ നിയമനിർമ്മാണം നടത്തുകയാണ് വേണ്ടതെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി. മുസ്ലിം സമുദായം വിഷമഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. നൂറ് ശതമാനവും മുസ്ലിം വിഭാഗത്തിന് അർഹതപ്പെട്ട സ്‌കോളർഷിപ്പായിരുന്നു. എന്നാൽ സച്ചാർ കമ്മിറ്റിയെ തന്നെ അപ്രസക്തമാക്കുന്ന നടപടികളാണ് ഇപ്പോൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.

സംവരണത്തിന്റെയും സ്‌കോളർഷിപ്പിന്റെയും വിഷയത്തിൽ മാത്രമല്ല അന്വേഷണം നടന്നത്. മുസ്ലിം സമുദായം നേരിടുന്ന എല്ലാ പിന്നോക്കാവസ്ഥകളെക്കുറിച്ചും അന്വേഷിക്കുകയുണ്ടായി. സംവരണത്തിൽ അത് പരിഗണിക്കണം എന്നും മുസ്ലിം സമുദായത്തിനെ പുരോഗതിയിലേക്ക് എത്തിക്കുന്നതിന്റെ നിർദ്ദേശങ്ങളായിരുന്നു കമ്മിറ്റി റിപ്പോർട്ടിൽ മുന്നോട്ട് വെച്ചതെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

സച്ചാർ കമ്മിറ്റി മുഴുവൻ ആനുകൂല്യം കൊടുക്കണമെന്ന് പറഞ്ഞത് കേരളം 80:20 എന്ന നിലയിലാക്കി. അതിൽ ആരും പ്രതിഷേധിച്ചില്ല. ഇപ്പോൾ അത് വീണ്ടും മാറ്റിയിരിക്കുകയാണ്. കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്. മുസ്ലിം സമുദായം ജനാധിപത്യ രീതിയിൽ ശബ്ദിച്ചു കൊണ്ടാണ് ഇതുവരെ ആനുകൂല്യങ്ങൾ നേടിയെടുത്തിട്ടുള്ളത്. അത് മറ്റുള്ളവരുടെ അവകാശങ്ങൾ കവർന്നെടുത്തുകൊണ്ടല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാത വിഷയത്തിൽ ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുകയാണ്. ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാതം തീരുമാനിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന വിധി ചോദ്യം ചെയ്താണ് സർക്കാർ കോടതിയെ സമീപിക്കുന്നത്. നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ കെ പരാശരന്റെ നിയമോപദേശ പ്രകാരമാണ് നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷ സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട് വിവാദം ഉയർത്തേണ്ട ആവശ്യമില്ല. ആരുടെയും ആനുകൂല്യം നഷ്ടമാകില്ല. അനാവശ്യ തർക്കങ്ങളും ആരോപണങ്ങളും ഉന്നയിക്കരുത്. ഇതിന്റെ പേരിൽ മത സ്പർദ്ധ ഉണ്ടാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സച്ചാർ കമ്മീഷൻ മുസ്ലീങ്ങൾക്കായി ശുപാർശ ചെയ്യുന്ന പദ്ധതി നിലനിർത്തണമെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയിൽ ആവശ്യപ്പെട്ടു. ന്യൂനപക്ഷ സ്‌കോളർഷിപ്പ് നയത്തിൽ അനാവശ്യ വിവാദം ഉണ്ടാക്കിയത് സർക്കാരാണെന്ന് കുഞ്ഞാലിക്കുട്ടിയും ആരോപിച്ചു.