റിയാദ്: സൗദിയിൽ വിസിറ്റ് വിസയിലെത്തിയവർ കാലാവധി കഴിയുന്നതിന് മുമ്പ് രാജ്യം വിട്ടുപോയില്ലെങ്കിൽ നിയമ നടപടിയെന്ന് സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ്. ഫാമിലി വിസിറ്റ് വിസയിലെത്തിയവർ നേരത്തെ ഒരു വർഷം വരെ പുതുക്കി നിന്നിരുന്നു. ഇനി മുതൽ എത്ര കാലത്തേക്കാണോ സന്ദർശക വിസ എടുക്കുന്നത് അത്രകാലം മാത്രമേ നിൽക്കാൻ സാധിക്കൂ.

പലരും മൂന്നു മാസത്തേക്ക് കൂടി പുതുക്കാൻ ശ്രമിച്ചപ്പോഴാണ് രണ്ടാഴ്ചത്തേക്ക് മാത്രം പുതുക്കിക്കിട്ടിയതും അതുകഴിഞ്ഞാലുടൻ രാജ്യം വിടാൻ നിർദ്ദേശം ലഭിച്ചതും.

കോവിഡ് മൂലം യാത്ര തടസപ്പെട്ട സാഹചര്യത്തിൽ വിസിറ്റ് വിസ ഒരു വർഷത്തിന് മുകളിലേക്കും പുതുക്കി ലഭിച്ചിരുന്നു. രണ്ട് വർഷം വരെ ഇങ്ങനെ ലഭിച്ചവരുണ്ട്. ആറ് മാസത്തെക്കോ ഒരു വർഷത്തേക്കൊ വിസിറ്റ് വിസ എടുത്ത് വന്നവരാണ് ഇങ്ങനെയുള്ളവരെല്ലാം. ഇവരുടെ വിസ കാലാവധി കഴിഞ്ഞതിന് ശേഷവും മൂന്നുമാസം വെച്ച് നിരവധി തവണ പുതുക്കിയിരുന്നു.

100 റിയാൽ ഫീസും ഇൻഷൂറൻസും മാത്രമാണ് ഇതിന് ചെലവ് വന്നിരുന്നത്. ഇത് നിരവധി കുടുംബങ്ങൾക്ക് അനുഗ്രഹമാകുകയും ചെയ്തിരുന്നു. ഇതാണ് ഇപ്പോൾ നിർത്തലാക്കിയത്.