പാലക്കാട്: പുലി ഭീതി ഒഴിയാതെ ഉമ്മിനിയിലെ ജനങ്ങൾ. കഴിഞ്ഞദിവസം രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയ പാലക്കാട് ഉമ്മിനിയിലെ ജനവാസ മേഖലയിൽ വീണ്ടും പുലിയുടെ സാന്നിധ്യമെന്ന് നാട്ടുകാർ.സൂര്യനഗറിലെ തോട്ടത്തിലാണ് പുലി നായയെ പിടിക്കാൻ ശ്രമിക്കുന്നത് നാട്ടുകാർ കണ്ടത്. തുടർന്ന് വനംവകുപ്പും നാട്ടുകാരും ചേർന്ന് പന്തവും പടക്കവുമായി വെള്ളിയാഴ്ച രാത്രി വിവിധയിടങ്ങളിൽ തിരഞ്ഞു.

തിരച്ചിലിനൊടുവിലും പക്ഷെ പുലിയെ കണ്ടെത്താനായില്ല.വീണ്ടും പുലിയുടെ സാന്നിദ്ധ്യം കണ്ടെത്തിയ സാഹചര്യത്തിൽ രാത്രിയിൽ വനപാലകർ സ്ഥലത്ത് ക്യാംപ് ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.ആളൊഴിഞ്ഞ വീട്ടിൽ നിന്ന് രണ്ട് പുലിക്കുഞ്ഞുങ്ങളെ ഞായറാഴ്ച കണ്ടെത്തിയതിന് പിന്നാലെ ഒന്നര കിലോമീറ്റർ പരിധിയിലാണ് വീണ്ടും പുലിയെ കണ്ടത്. ചൂട്ട് കത്തിച്ചും ടോർച്ച് തെളിച്ചും നാട്ടുകാരുടെ നേതൃത്വത്തിൽ പുലിക്കായി തിരച്ചിൽ ആരംഭിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വനപാലകരും നാട്ടുകാരും തമ്മിൽ തർക്കമായി.

പരിശോധനയിൽ നേരത്തെ പുലി പിടികൂടിയതായി കരുതുന്ന നായ്ക്കളുടെ തലയോട്ടിയും കണ്ടെത്തി. പുലി ഉമ്മിനിയിലെ ജനവാസമേഖല വിട്ട് വനത്തിലേക്ക് മാറിയിട്ടില്ലെന്നും പിടികൂടി കാട്ടിലേക്ക് വിടാതെ ജനങ്ങളുടെ ആശങ്ക ഒഴിയില്ലെന്നുമാണ് നാട്ടുകാരുടെ വാദം. പലരുടെയും വളർത്തു നായ്ക്കൾ അടുത്തിടെ അപ്രത്യക്ഷമായതിന്റെ കാരണം ഇപ്പോഴാണ് വ്യക്തമായതെന്നും നാട്ടുകാർ പറഞ്ഞു. പുലിപ്പേടിയിൽ വളർത്തുനായ്ക്കളെ പലരും വീട്ടിനുള്ളിൽ പൂട്ടി സുരക്ഷിതരാക്കി.