അടിമാലി: പുള്ളിപ്പുലിയെ പിടിക്കാൻ കെണിയൊരുക്കുന്നതിനും തോലുരിച്ചെടുക്കുന്നതിനും മുൻപന്തിയിലുണ്ടായിരുന്നത് കൂട്ടത്തിലെ കാരണവർ കുര്യക്കോസ്. 70 പിന്നിട്ട ഇയാൾക്ക് ഇക്കാര്യത്തിൽ സഹായകമായത്് മുമ്പ് ചെയ്തിരുന്ന ഇറച്ചിക്കച്ചവടത്തിലെ പ്രവർത്തിപരിചയമെന്നും വിലയിരുത്തൽ. ഇറച്ചിയെടുത്ത് അവശിഷ്ടങ്ങൾ ഒഴുക്കിക്കളഞ്ഞത് നക്ഷത്രകൂത്തിന് സമീപം പുഴയിൽ. കേസ്സിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടുള്ളതായി കൃത്യമായ വിവരമില്ല. അന്വേഷണം പുരോഗമിക്കുന്നു. മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവച്ചുകഴിച്ചതുമായി ബന്ധപ്പെട്ട കേസ്സിൽ വനംവകുപ്പ് ഈ ഘട്ടത്തിൽ നൽകുന്ന വിവരങ്ങൾ ഇങ്ങിനെ.

സംഭവം സംബന്ധിച്ച പുറത്തുവരുന്ന വിവരങ്ങളിൽ പലതും അന്വേഷണ സംഘം നൽകിയതല്ലെന്നും ഇത്തരത്തിലുള്ള വാർത്തകളുടെ ഉറവിടം വ്യക്തമല്ലന്നും അന്വേഷണത്തിന് നേതൃത്വം നൽകുന്ന മാങ്കുളം ഫോറസ്റ്റ് റെയിഞ്ചോഫീസർ ഉദയസൂര്യൻ മറുനാടനോട് വ്യക്തമാക്കി.
ഉണക്കിയ നിലയിലുള്ള ,രണ്ടരകിലോയോളം തൂക്കംവരുന്ന തോലും പല്ലും നഖങ്ങളും കറിവച്ച നിലയിലായ അരക്കിലോയോളം ഇറച്ചിയുമാണ് പിടിച്ചെടുത്തിട്ടുള്ളതെന്നും സംസ്ഥാനത്ത് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കേസ്സിൽ കൃത്യമായ ചട്ടങ്ങൾ പാലിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും റെയിഞ്ചോഫീസർ കൂട്ടിച്ചേർത്തു.

പ്രതികളുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് നടപടികൾ പുരോഗമിക്കുന്നതെന്നാണ് സൂചന.5 പേരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുള്ളത്.സ്ഥലമുടമ മുനിപാറ കൊള്ളികൊളുവിൽ വിനോദ് ഒന്നാം പ്രതിയും സുഹൃത്ത് മുനിപാറ ബേസിൽ ഗാർഡ്ൻ വി പി കുര്യക്കോസ് രണ്ടാം പ്രതിയുമാണ് .പെരുമ്പൻകുത്ത് ചെമ്പൻപുരയിടത്തിൽ സി എസ് ബിനു,മാങ്കുളം മലയിൽ സലി കുഞ്ഞപ്പൻ, വടക്കും ചാലിൽ വിൻസന്റ് എന്നിവരാണ് കേസ്സിലെ മറ്റ് പ്രതികൾ.5 പേരും റിമാന്റിലാണ്.വിനോദും കുര്യക്കോസുമൊഴികെയുള്ളവർക്കെതിരെ ഇറച്ചിവാങ്ങി ഭക്ഷിച്ചു എന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിട്ടുള്ളതെന്ന് വനംവകുപ്പധികൃതർ വ്യക്തമാക്കി.

വിനോദിന്റെ പുരയിടത്തിൽ നിന്നും 200 മീറ്ററോളം ദൂരത്തിലാണ് പുഴയൊഴുകുന്നത്.ഇവിടേയ്ക്ക് പുള്ളിപ്പുലിയുടെ ജഡം ചുമന്നെത്തിച്ചിരിക്കാമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം.ഇവിടെ വിച്ച് തോലുരിച്ച്,മാംസം എടുത്ത ശേഷം എല്ലും മറ്റവശിഷ്ടങ്ങളും പുഴയിൽ ഉപേക്ഷിച്ചെന്നാണ് വിനോദും കുര്യക്കോസും വനംവകുപ്പധികൃതരെ അറിയിച്ചിട്ടുള്ളത്.വീട്ടിൽ നടത്തിയ പരിശോധനകളിൽ മാംസം മുറിച്ചെടുക്കാനുപയൊഗിച്ച കത്തികൾ വനംവകുപ്പധികൃതർ കണ്ടെടുത്തിട്ടുണ്ട്.

ഇവർ പുലിയെ ഏതെങ്കിലും ആയൂധം ഉപയോഗിച്ച് പുലിയെ കൊലപ്പെടുത്തിയതായി സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകൾ ലഭിച്ചിട്ടില്ലന്നാണ് വനംവകുപ്പിന്റെ വിവരണത്തിൽ നിന്നും വ്യക്തമാവുന്നത്.തോലീൽ കഴുത്തിന്റെ ഭാഗത്ത് കുരുക്ക് മുറിയതുപോലുള്ള പാട് കാണുന്നുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ കുടുക്ക് മുറുകിയതുമൂലം ശ്വാസംമുട്ടിയായിരിക്കാം പുലിചത്തതെന്ന് വെറ്റനറി ഡോക്ടർ അഭിപ്രായപ്പെട്ടിരുന്നെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

വിനോദസഞ്ചാരകേന്ദ്രമായ നക്ഷത്രകുത്തിൽ നിന്നും ഏകദേശം 300 മീറ്ററിന് മുകളിൽ പുഴയിൽ എല്ലും അവശിഷ്ടങ്ങളും നിക്ഷേപിച്ചെന്നാണ് അറസ്റ്റിലായവരിൽ നിന്നും അധികൃതർക്ക് ലഭിച്ച വിവരം.ശക്തമായ ഒഴുക്കുള്ളതിനാൽ പുഴയിൽ നിന്നും എല്ലും മറ്റും കണ്ടെടുക്കുക ബുദ്ധിമുട്ടായിരിക്കുമെന്നാണ് വനംവകുപ്പധികൃതർ നൽകുന്ന സൂചനകളിൽ നിന്നും വ്യക്തമാവുന്നത്.

6 വയസിനും 7 വയസിനും ഇടയ്ക്കുള്ള പുള്ളിപ്പുലിയാണ് കൊല്ലപ്പെട്ടതെന്നും 40 മുതൽ 50 കിലോവരെ തൂക്കമുണ്ടാവാനാണ് സാധ്യയെന്നുമാണ് വെറ്റിനറി സർജ്ജൻ വനംവകുപ്പിന് നൽകിയ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുള്ളത്.തോലും എല്ലും മറ്റ് അവഷിഷ്ടങ്ങളും പോയാൽ 10 മുതൽ 15 കിലോവരെ മാംസം ഈ പ്രയത്തിലുള്ള പുള്ളിപ്പുലിയിൽ നിന്നും ലഭിക്കാനിടയുണ്ടെന്നാണ് വനംവകുപ്പധികൃതരുടെ വിലയിരുത്തൽ.

കിലോയ്ക്ക് 250-300 രൂപ നിരക്കിലാണ് വിനോദ് പുള്ളിപ്പുലിയുടെ ഇറച്ചിവിറ്റതെന്നാണ് വനംവകുപ്പ് അധികൃതർക്ക് ലഭിച്ചിട്ടുള്ള വിവരം.പ്രതിചേർക്കപ്പെട്ടിട്ടുള്ളവരിൽ മൂന്നുപേർ വിനോദിൽ നിന്നും മംസം വാങ്ങിച്ചതായി സമ്മതിച്ചുണ്ട്.കൂടുതൽ പേർക്ക് വിനോദ് പുലിയുടെ മാംസം വിറ്റിരുന്നോ എന്നകാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇനുശേഷമെ സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാവു എന്നുമാണ് അന്വേഷക സംഘം നൽകുന്ന സൂചന.