ന്യൂഡൽഹി: കാർഷിക നിയമങ്ങൾ നടപ്പിലാക്കാൻ ഉറപ്പിച്ചു കേന്ദ്രസർക്കാർ കരുക്കൾ നീക്കുമ്പോൾ അതേനാണയത്തിൽ തിരിച്ചടിക്കാൻ ഉറപ്പിച്ചു കർഷകരും നിലകൊള്ളുമ്പോൾ പ്രതിസന്ധി മുറുകുകയാണ്. കാർഷിക നിയമങ്ങൾ ഒന്നോ രണ്ടോ വർഷമെങ്കിലും നടപ്പാക്കാൻ അനുവദിക്കണമെന്ന് ആവശ്യമാണ് കേന്ദ്രസർക്കാർ പുതുതായി കർഷകർക്ക് മുന്നിൽ വെക്കുന്നത്. എന്നാൽ, ഈനിർദ്ദേശവും അംഗീകരിക്കാൻ കർഷകർ ഒരുക്കമല്ല.

ഡൽഹിയിൽ നടന്ന റാലിയിലാണ് ഒന്നോ രണ്ടോ വർഷമെങ്കിലും നടപ്പിലാക്കണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചത്. കാർഷിക നിയമങ്ങൾ ഒന്നോ രണ്ടോ വർഷമെങ്കിലും നടപ്പാക്കാൻ അനുവദിക്കണമെന്നും കർഷകർക്ക് പ്രയോജനകരമല്ലെന്ന് കണ്ടെത്തിയാൽ അവ ഭേദഗതി ചെയ്യാൻ സർക്കാർ തയ്യാറാകുമെന്നായിരുന്നു രാജ്നാഥ് സിങ് പറഞ്ഞത്.

'ഒന്നോ രണ്ടോ വർഷത്തേക്ക് ഞങ്ങൾ കാർഷിക നിയമങ്ങൾ നടപ്പാക്കട്ടെ. ഇത് ഒരു പരീക്ഷണമായി ശ്രമിക്കാം, കർഷകർക്ക് പ്രയോജനകരമല്ലെങ്കിൽ, സാധ്യമായ എല്ലാ ഭേദഗതികൾക്കും സർക്കാർ തയ്യാറാകും,' എന്നായിരുന്നു ഡൽഹിയിൽ നടന്ന റാലിയിൽ രാജ്നാഥ് സിങ് പറഞ്ഞത്. ആയിരക്കണക്കിന് കർഷകർ നടത്തുന്ന പ്രതിഷേധത്തെ ചെറുക്കുന്നതിന് 100 പത്രസമ്മേളനങ്ങളും 700 മീറ്റിംഗുകളും പൊതുറാലികളും നടത്താനുള്ള ബിജെപിയുടെ നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു ഡൽഹിയിലേയും റാലി.

'എല്ലാ പ്രശ്‌നങ്ങളും നമുക്ക് സംഭാഷണത്തിലൂടെ പരിഹരിക്കാനാകും. കർഷകരുമായി ചർച്ച തുടരണമെന്ന് പ്രധാനമന്ത്രി ആഗ്രഹിക്കുന്നു. കാർഷിക നിയമത്തെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രതിഷേധിക്കുന്ന എല്ലാ കർഷകരോടും ഞാൻ അഭ്യർത്ഥിക്കുകയാണ്. ഇത് നടപ്പിലാക്കാൻ നിങ്ങൾ അനുവദിക്കണം' പ്രതിരോധ മന്ത്രി പറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് ഇത്തരത്തിലുള്ള അഭ്യർത്ഥനയുമായി രാജ്നാഥ് സിങ് രംഗത്തെത്തുന്നത്. ധർണ്ണയിൽ ഇരിക്കുന്നവർ കർഷകരാണ്, കർഷകരുടെ കുടുംബത്തിൽ ജനിച്ചവരാണ്. തങ്ങൾക്ക് അവരോട് വളരെയധികം ബഹുമാനമുണ്ടെന്നും രാജ്നാഥ് സിങ് പറഞ്ഞു.

അതേസമയം പ്രധാനമന്ത്രി കിസാൻ സമ്മാൻനിധി വഴി രാജ്യത്തെ ഒൻപത് കോടി കർഷകർക്കായി 18000 കോടി രൂപയാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. കർഷകരുമായി നടത്തിയ ചർച്ചകളൊന്നും വിജയിക്കാതെ വന്നതോടെയാണ് കിസാൻ സമ്മാൻ നിധിയിലൂടെ കർഷകർക്ക് ധനസഹായം എത്തിക്കാനുള്ള പുതിയ നീക്കമാണ് കേന്ദ്രം നടത്തിയത്.

കാർഷക പ്രക്ഷോഭത്തിൽ ഇടതുപക്ഷത്തെ പഴിചാരിയായിരുന്നു ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയത്. കേരളത്തിലെ ഇടതുപക്ഷം പഞ്ചാബിൽ പോയി രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു മോദിയുടെ ആരോപണം.'കേരളത്തിൽ നിന്നും ചിലർ സമരം ചെയ്യാനായെത്തുന്നുണ്ട്. കേരളത്തിൽ ഇടതുപക്ഷ സർക്കാരാണ്. കേരളത്തിൽ എന്തുകൊണ്ട് എ.പി.എം.സി നിയമമില്ല? അവിടെ എന്തുകൊണ്ട് എ.പി.എം.സിയും മണ്ഡിയും നടപ്പാക്കുന്നില്ല. അതുകൊണ്ട് ഇത് രാഷ്ട്രീയം കലർത്തിയുള്ള സമരമാണ്,' മോദി പറഞ്ഞു.

ഇടതുപക്ഷം നടത്തുന്നത് ഇവന്റ് മാനേജ്‌മെന്റാണ്. ബംഗാളിലെ കർഷകർ എന്തുകൊണ്ട് സമരം ചെയ്തില്ല? കർഷകരുടെ പേരിൽ സമരം നടത്തുന്നവർ രാഷ്ട്രീയം കളിക്കുകയാണെന്നും മോദി ആരോപിച്ചിരുന്നു. ഇന്ന് പ്രധാനമന്ത്രി ആറ് സംസ്ഥാനങ്ങളിലെ കർഷകരുമായാണ് സംവദിക്കുന്നത്. രാജ്യത്തെ ഒമ്പത് കോടി കർഷകരെയാണ് മോദി അഭിസംബോധന ചെയ്തത്. അതേസമയം സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് കർഷകർ ഇന്നും ആവർത്തിച്ചു. കിസാൻ സമ്മാൻ യോജന വഴി നൽകിയ പണം കർഷകർ സമരത്തിനായി സംഭാവന ചെയ്യുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

അമിത് ഷാ കർഷകരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞതിന്റെ പിന്നാലെയായിരുന്നു കർഷകർ നിലപാട് വ്യക്തമാക്കിയത്. നിലവിലെ കർഷക നിയമത്തിൽ അർത്ഥശൂന്യമായ ഭേദഗതികൾ വരുത്തി ചർച്ചയ്ക്കായി വരേണ്ടതില്ലെന്ന് കേന്ദ്രത്തോട് കർഷക സംഘടനകൾ അറിയിച്ചിട്ടുണ്ട്. രേഖാമൂലം തയ്യാറാക്കിയ വ്യക്തമായ നിർദ്ദേശം കൈയിലുണ്ടെങ്കിൽ മാത്രം അടുത്ത ഘട്ട ചർച്ചകൾക്ക് തങ്ങൾ തയ്യാറാകാമെന്നും കർഷക സംഘടനകൾ അറിയിച്ചു. കേന്ദ്രം തങ്ങൾക്കു മുന്നിൽവെച്ച ബില്ലിന്റെ രൂപരേഖയിൽ എം.എസ്‌പി, വൈദ്യുതി ഉപഭോഗത്തിന്റെ വില, എന്നിവ സംബന്ധിച്ച് യാതൊരു വ്യക്തതയും ഇല്ലെന്ന് കർഷകർ ചൂണ്ടിക്കാട്ടിയിരുന്നു.