ന്യൂഡൽഹി: അമേരിക്കയിൽ സംഭവിച്ച രാഷ്ട്രീയ മാറ്റം ഇന്ത്യയിലും സംഭവിക്കണമെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ബിഹാർ തെരഞ്ഞെടുപ്പ് ഫലം ഒരു തുടക്കമാകട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. യു.എസ് റിപബ്ലിക്കിന് അന്തസ്സും സമാധാനവും ജനാധിപത്യവും ശാസ്ത്രബോധവും സത്യവും തിരികെ നൽകുമെന്നാണ് ബൈഡന്റെയും കമല ഹാരിസിന്റെയും ജയത്തോടെ അവർ പ്രഖ്യാപിക്കുന്നത്. ഇന്ത്യൻ റിപബ്ലിക്കിനെ വീണ്ടെടുക്കുക നമുക്കും ആവശ്യമാണ്. ബിഹാർ വോട്ടെടുപ്പ് എൻഡിഎക്ക് ഒരു വഴി കാട്ടുകയാണ്. ഇതൊരു തുടക്കമാകട്ടെ -പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ കുറിച്ചു.

ബിഹാറിൽ കോൺഗ്രസ്-ആർ.ജെ.ഡി നേതൃത്വത്തിലുള്ള മഹാസഖ്യം അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോളുകളിലെ പ്രവചനം. ടൈംസ് നൗ- സി വോട്ടർ സർവേയിൽ ആർ.ജെ.ഡിയും കോൺഗ്രസും നേതൃത്വം നൽകുന്ന മഹാസഖ്യം 120 സീറ്റുകൾ നേടുമെന്ന്​ പറയുന്നു. തൊട്ടുപിന്നിൽ എൻ.ഡി.എ- 116 സീറ്റ്​. എൽ.ജെ.പി– 1, മറ്റുള്ളവർ–6. റിപബ്ലിക്– ജൻകി ബാത് സർവേ‍യിൽ മഹാസഖ്യം 118 മുതൽ138 സീറ്റ്​വരെ നേടുമെന്നാണ് പ്രവചനം. എൻ.ഡി.എ 91–117. എബിപി-സീ വോട്ടർ സർവേ പ്രകാരം മഹാസഖ്യം 131 സീറ്റുകളും എൻഡിഎ 128 സീറ്റുകളും നേടും. ജെഡിയുവിന് 38-46 സീറ്റുകൾ വരെയാവും നേടാനാവും. 243 സീറ്റുകളാണ് ബിഹാർ നിയമസഭയിലുള്ളത്. 122 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. ആർക്കും വ്യക്തമായ ഭൂരിപക്ഷ ഇല്ലാത്ത സമയത്ത് സ്വതന്ത്രരുടെയും മറ്റും നിലപാടുകൾ നിർണ്ണായകമാവും.

ബിഹാർ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാർ പക്ഷം വീണ്ടും വിജയിക്കുമോ അല്ല തേജസ്വി യാദവിന്റെ നേതൃത്വത്തിൽ മഹാസഖ്യം അധികാരം പിടിക്കുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. മഹാസഖ്യവും എൻഡിഎയും ഏറ്റുമുട്ടുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടിംഗും ഇന്നലെ പൂർത്തിയായി. മൂന്ന് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ 55.25 ശതമാനം വോട്ടുകൾ രേഖപ്പെടുത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക കണക്ക്. അന്തിമകണക്ക് വരുമ്പോൾ ചിത്രം മാറാൻ സാധ്യതയുണ്ട്. മഹാദളിതുകളടക്കമുള്ള പിന്നാക്ക വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും നിർണ്ണായക വോട്ട് ബാങ്കുകളാകുന്ന സീമാഞ്ചൽ, മിഥിാലഞ്ചൽ അടക്കം 78 മണ്ഡലങ്ങളാണ് ഈ ഘട്ടത്തിൽ വിധിയെഴുതിയത്. പത്തിനാണ് വോട്ടെണ്ണൽ. ആദ്യഘട്ടം 55.69 ശതമാനവും രണ്ടാംഘട്ടം 55.70 ശതമാനം പോളിംഗും രേഖപ്പെടുത്തിയിരുന്നു.

പല മണ്ഡലങ്ങളിലും വൈകിയാണ് ഇന്നലെ വോട്ടെടുപ്പ് തുടങ്ങിയത്. വോട്ടിങ് യന്ത്രത്തിലെ തകരാറാർ മൂലം പുരുണിയ മണ്ഡലത്തിലെ ഏഴ് ബൂത്തുകളിൽ ഒന്നരമണിക്കൂറോളം വോട്ടിങ് തടസപ്പെട്ടു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പ്രിസൈഡിങ് ഓഫീസർ കുഴഞ്ഞ് വീണു മരിച്ച മുസഫർപൂർ കത്രയിലെ ബൂത്തിലും അരമണിക്കൂറോളം പോളിങ് നടപടികൾ സ്തംഭിച്ചു. എൽജെഡി അധ്യക്ഷൻ ശരത് യാദവിന്റെ മകളും ബിഹാറിഗഞ്ചിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുമായ സുഭാഷിണി യാദവ്, നിതീഷ് കുമാറിന്റെ വിശ്വസ്തനും മന്ത്രിയുമായ സുരേഷ് ശർമ്മ തുടങ്ങിയവർ രാവിലെ തന്നെ വോട്ട് ചെയ്തു. സിറ്റിഗ് എംപി മരിച്ചതിനെ തുടർന്ന് വാത്മീകി നഗര് ലോക്സസഭ മണ്ഡലത്തിലെ ഉപതെരഞ്ഞടുപ്പും നടക്കുന്നുണ്ട്.

എല്ലാവരും വോട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ അഭ്യർത്ഥിച്ചപ്പേൾ ബിഹാർ ഭരിക്കാൻ ഇനി നിതീഷ് കുമാറിനാരോഗ്യമില്ലെന്ന് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വിയാദവ് പരിഹസിച്ചു. നവംബർ പത്തിനാണ് ബിഹാറിലെ വോട്ടെണ്ണൽ.