ചങ്ങരംകുളം: രണ്ട് പേജിൽ ക്ഷമാപണ കുറിപ്പ് എഴുതി വെച്ച് അലമാരയിൽനിന്നും പണം കവർന്നു. കാളാച്ചാൽ കാട്ടിപ്പാടം കൊട്ടിലിങ്ങൽ ഷംസീറിന്റെ വീട്ടിൽ നിന്നും 67,000 രൂപയാണ് മോഷണം പോയത്. മോഷ്ടാവ് എഴുതിയ ക്ഷമാപണ കത്ത് വീടിന് മുന്നിൽനിന്നാണ് ലഭിച്ചത്.

ഞാൻ അലമാരയിൽ നിന്നും എടുത്ത 67000 രൂപ ഉടൻ തിരിച്ചു തരുമെന്നും മറ്റാരേയും അറിയിക്കരുതെന്നുമാണ് കത്തിലെ ഉള്ളടക്കം. താൽകാലിക ബുദ്ധിമുട്ടു കാരണമാണെന്നും സമീപവാസിയാണെന്നും സുഖമില്ലാതെ കിടപ്പിലാണെന്നും കത്തിൽ പറയുന്നു.

ട്രിപ്പർ ലോറി തൊഴിലാളിയായ ഷംസീർ സ്വർണം പണയം വെച്ച് എടുത്ത പൈസയാണ് നഷ്ടപ്പെട്ടത്. പരാതിയിൽ ചങ്ങരംകുളം എസ്‌ഐ. വിജയന്റെ നേതൃത്വത്തിലെ പൊലീസ് സ്ഥലത്തെത്തി.

കത്തിന്റെ പൂർണരൂപം


ഷംസീർ എന്നോട് ക്ഷമിക്കണം. ഞാൻ നിന്റെ വീട്ടിൽ നിന്ന് പൈസ എടുത്തിട്ടുണ്ട്. ഇപ്പോൾ ഞാൻ ആരാണെന്ന് പറയുന്നില്ല. നിനക്ക് എന്നെ അറിയാം. എന്നെയൊന്നും ചെയ്യരുത്. എനിക്ക് വയ്യാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്തത്. ഞാൻ നിന്റെ വീട്ടിന്റെ അടുത്തുള്ള ആളാണ്. എന്റെ പേര് പറയുന്നില്ല.

ഷംന കുളിക്കുമ്പോൾ വന്നതാണ്. ഉമ്മ ഉണ്ടായിരുന്നു വീട്ടിൽ. ഞാനിത് ഇവിടെ വയ്ക്കുന്നു. ഞാൻ പൈസ തിരിച്ചുതരും. ഞാൻ ഇവിടെതിരിച്ചുകൊണ്ടുവച്ചുകൊള്ളാം. കുറച്ചുസമയം തരണം. എന്റെ വീട്ടിൽ അറിഞ്ഞിട്ടില്ല. എനിക്ക് അത്രയും ആവശ്യം വന്നതുകൊണ്ടാണ്.

ഞാൻ അറിഞ്ഞു, നിന്റെ 67000 രൂപ പോയെന്ന് പറഞ്ഞ് വീട്ടിൽ വഴക്ക് പറയുന്നത്. പിന്നെ എനിക്ക് ഇപ്പോൾ എണീറ്റ് നടക്കാൻ വയ്യ. മാപ്പ് തരണം.

എന്ന്,