ന്യൂഡൽഹി: ഭീമ കൊറോഗാവ് കേസിൽ ജയിലിൽ കഴിയുന്നവരെ ഉടൻ മോചിപ്പിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ കക്ഷിനേതാക്കൾ. ഈ ആവശ്യം ഉന്നയിച്ച് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷ മമത ബാനർജി, എൻ.സി.പി നേതാവ് ശരത് പവാർ എന്നിവർ ഉൾപ്പടെ പത്ത് പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. ഭീമ കൊറേ?ഗാവ് കേസിൽ കസ്റ്റഡിയിലിരിക്കെ മനുഷ്യാവകാശ പ്രവർത്തകൻ സ്റ്റാൻ സ്വാമിയുടെ മരണപ്പെട്ട പശ്ചാത്തലത്തിലാണ് നടപടി.

ഭീമ കൊറേഗാവ് കേസിലും രാഷ്ട്രീയ പ്രേരിതമായ മറ്റ് കേസുകളിലും അകപ്പെട്ട് യു.എ.പി.എ ചുമത്തി ജയിലിലടച്ചിരിക്കുന്നവരെ ജയിൽമോചിതരാക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. സ്റ്റാൻ സ്വാമിക്കെതിരെ വ്യാജ കേസുകൾ ചുമത്തിയതിൽ ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കാൻ സർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട നേതാക്കൾ സ്റ്റാൻ സ്വാമിക്ക് ലഭിച്ചത് മനുഷ്യത്വ രഹിതമായ പരിഗണനയാണെന്ന് ആരോപിച്ചു.

ഭീമാ കൊറെഗാവ് കേസിൽ വിചാരണ കാത്ത് കഴിയവെ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്റ്റാൻ സ്വാമി കസ്റ്റഡിയിൽ മരിച്ചത്. ആരോഗ്യകാരണങ്ങൾ മുൻനിർത്തി നൽകിയ ജാമ്യഹർജിയിൽ ബോംബെ ഹൈക്കോടതി വാദം കേൾക്കാനിരിക്കെ ആയിരുന്നു അന്ത്യം. ആദിവാസികളുടെ അവകാശ സംരക്ഷണത്തിനായി ജീവിതം മാറ്റിവെച്ച ജസ്യൂട്ട് പുരോഹിതനായ സ്റ്റാൻ സ്വാമിയെ മാവോവാദി ബന്ധം ആരോപിച്ച് ഒക്ടോബറിലാണ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റുചെയ്തത്.