ന്യൂഡൽഹി: ലെയ്‌സ് ചിപ്‌സ് ഉണ്ടാക്കുന്നതിനായുള്ള ഉരുളക്കിഴങ്ങുകളുടെ പേറ്റന്റ് പെപ്‌സികോയ്ക്ക് നൽകിയ നടപടി റദ്ദാക്കി. പേറ്റന്റ് ബഹുരാഷ്ട്ര കുത്തകയായി പെപ്‌സികോയ്ക്ക് നൽകിയതിനെതിരായ കർഷക പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം. പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്‌സ് റൈറ്റ്‌സ് അഥോറിറ്റിയുടേതാണ് തീരുമാനം. പേറ്റന്റ് പെപ്‌സികോയ്ക്ക് നൽകിയതിനെതിരെ കഴിഞ്ഞ രണ്ടുവർഷമായി കർഷകർ സമരത്തിലായിരുന്നു. എഫ്‌സി 5 എന്ന ഇനത്തിൽപ്പെടുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന് പെപ്‌സികോ 2019ൽ ഗുജറാത്തിലെ ഏതാനും കർഷകർക്കെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു. ഇത് വലിയ വാർത്താപ്രാധാന്യം നേടുകയും ചെയ്തിരുന്നു.

ജലാംശത്തിന്റെ അളവ് കുറവുള്ളതാണ് ഈ ഇനം ഉരുളക്കിഴങ്ങിന്റെ പ്രത്യേകത. ഗുജറാത്തിലെ കർഷകർക്കെതിരായ പരാതി 2019ൽ തന്നെ ന്യൂയോർക്ക് അടിസ്ഥാനമായി പ്രവർത്തിക്കുന്ന പെപ്‌സികോ പിൻവലിച്ചിരുന്നു. 4.02 കോടി രൂപയാണ് കർഷകരോട് നഷ്ടപരിഹാരമായി പെപ്‌സികോ ആവശ്യപ്പെട്ടത്. പരാതിക്ക് പിന്നാലെ ഈയിനം ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നതും വിൽപ്പന നടത്തുന്നതും അഹമ്മദാബാദിലെ പ്രത്യേക കോടതി താൽക്കാലികമായി തടഞ്ഞിരുന്നു.

എന്നാൽ സൗഹൃദപരമായി പ്രശ്‌നം പരിഹരിക്കണമെന്ന് വ്യക്തമാക്കി കേസ് കമ്പനി പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കർഷക അവകാശ പ്രവർത്തകയായ കവിത കുറഗന്റി പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്‌സ് റൈറ്റ്‌സ് അഥോറിറ്റിയെ സമീപിച്ചത്. എഫ്‌സി5 ഉരുളക്കിഴങ്ങ് വകഭേദത്തിന്റെ പേറ്റന്റ് പെപ്‌സികോയ്ക്ക് നൽകിയതിനെതിരെയായിരുന്നു ഇത്. വിത്തിനങ്ങളിൽ പേറ്റന്റ് അനുവദിക്കില്ലെന്ന സര്ക്കാർ നിയമത്തെ മുൻനിർത്തിയായിരുന്നു കവിത കേസ് നൽകിയത്.

കവിതയുടെ വാദഗതികൾ ശരിവച്ച പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്‌സ് റൈറ്റ്‌സ് അഥോറിറ്റി പെപ്‌സികോയ്ക്ക് വിത്തിനങ്ങളുടെ മേൽ പേറ്റന്റ് അവകാശപ്പെടാനാവില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. പേറ്റന്റ് അനുമതി ഉടൻ പ്രാബല്യത്തിൽ വരുന്ന രീതിയിൽ റദ്ദാക്കുന്നതായും പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്‌സ് റൈറ്റ്‌സ് അഥോറിറ്റി വ്യക്തമാക്കി. പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്‌സ് റൈറ്റ്‌സ് അഥോറിറ്റിയുടെ നടപടിയേക്കുറിച്ച് അറിഞ്ഞതായും തീരുമാനത്തേക്കുറിച്ച് പഠിക്കുകയാണെന്നും പെപ്‌സികോ വിശദമാക്കി. 2016ൽ പ്രത്യേക ഇനമായി എഫ്‌സി 5 രൂപപ്പെടുത്തിയതെന്നായിരുന്നു പെപ്‌സികോയുടെ അവകാശവാദം.

1989ലാണ് പെപ്‌സികോ ഇന്ത്യയിലെ ആദ്യത്തെ ഉരുളക്കിഴങ്ങ് ചിപ്‌സ് പ്ലാന്റ് ആരംഭിച്ചത്. പെപ്‌സികോയ്ക്ക് മാത്രം ഒരു നിശ്ചിത വിലയിൽ ഉരുളക്കിഴങ്ങ് നൽകുന്ന വിഭാഗം കർഷകർക്ക് മാത്രമായിരുന്നു എഫ്‌സി 5ന്റെ വിത്തുകൾ നൽകിയിരുന്നത്.