തിരുവനന്തപുരം: സംസ്ഥാനത്ത് നായ്ക്കളും പൂച്ചകളും ഉൾപ്പെടെ വളർത്തുമൃഗങ്ങൾക്കു ലൈസൻസ് നിർബന്ധമാക്കുന്നതിന് നിയമനിർമ്മാണത്തിനു സർക്കാർ തലത്തിൽ ആലോചന. എല്ലാ വർഷവും ലൈസൻസ് പുതുക്കുന്ന രീതിയെക്കുറിച്ചാണ് ആലോചനകൾ നടക്കുന്നത്.

നിലവിൽ പഞ്ചായത്തുകളിൽ നായ്ക്കളെയും പന്നികളെയും വളർത്തുന്നതിനും നഗരസഭകളിൽ നായ്ക്കളെ വളർത്തുന്നതിനും ലൈസൻസ് നൽകാൻ നിയമമുണ്ട്. പഞ്ചായത്തുകളിൽ ലൈസൻസില്ലാതെ നായ്ക്കളും പൂച്ചകളും വളർത്തിയാലും ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ചാലും 250 രൂപയാണു പിഴ. പിഴത്തുക വർധിപ്പിക്കുന്നതും സർക്കാർ പരിഗണനയിലുണ്ട്.

നായ, പൂച്ച, ലൗ ബേർഡ്‌സ് തുടങ്ങിയവയെ ഓമന മൃഗങ്ങളുടെയും പശു, ആട്, എരുമ, പന്നി, മുയൽ, കോഴി, താറാവ് എന്നിങ്ങനെ പാൽ, മുട്ട, മാംസം എന്നിവയ്ക്കു വേണ്ടി വളർത്തുന്നവയെ വളർത്തു മൃഗങ്ങളുടെയും പക്ഷികളുടെയും പട്ടികയിലാണ് മൃഗ സംരക്ഷണ വകുപ്പ് ഉൾപ്പെടുത്തിയിട്ടുള്ളത്.

അടിമലത്തുറയിൽ ബ്രൂണോ എന്ന വളർത്തുനായ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ സ്വമേധയാ എടുത്ത കേസിൽ, നിലവിലുള്ള വളർത്തു മൃഗങ്ങളുടെ റജിസ്‌ട്രേഷൻ 6 മാസത്തിനകം പൂർത്തിയാക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൃഗസംരക്ഷണ വകുപ്പ് ലൈസൻസ് നിർബന്ധമാക്കിയത്.

കേരള മുനിസിപ്പാലിറ്റി ആക്ട് 1994 ലെ സെക്ഷൻ 437 പ്രകാരം തദ്ദേശസ്ഥാപന സെക്രട്ടറിയിൽനിന്ന് ലൈസൻസെടുക്കാതെ നായ്ക്കളെ വളർത്താൻ പാടില്ലെന്നും പറയുന്നുണ്ട്. നായ്ക്കളെ മൂന്ന് മാസത്തിനുള്ളിൽ ഉടമ പേവിഷ പ്രതിരോധ കുത്തിവയ്‌പ്പെടുപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്. 1998 ലെ കേരള പഞ്ചായത്തീരാജ് നിയമത്തിലെ നാലാംചട്ട പ്രകാരവും നായ്ക്കൾക്ക് ലൈസൻസ് എടുക്കണമെന്ന് പറയുന്നു. ഈ ചട്ടങ്ങൾ പ്രകാരം രജിസ്‌ട്രേഷൻ നടത്താനാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിർദ്ദേശം. പ്രതിരോധ കുത്തിവയ്പ് എടുത്തശേഷമാണ് നായ്ക്കൾക്ക് അതാത് തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് ലൈസൻസ് നൽകുന്നത്. ഇരുപത് രൂപയിൽ താഴെയാണ് ലൈസൻസ് ഫീസ്.

നായയുടെ പേര്, ഇനം, ഉടമസ്ഥന്റെ പേര്, വിലാസം, ലൈസൻസ് എടുത്ത ദിവസം, പുതുക്കേണ്ട ദിവസം, വാക്‌സിനേഷൻ എടുത്ത ദിവസം, വീണ്ടും എടുക്കേണ്ട ദിവസം എന്നിവ ഇനി മുതൽ തദ്ദേശസ്ഥാപനത്തിലെ ഡാറ്റാബേസിൽ ഉൾപ്പെടുത്തും. ഓരോ വർഷവും പരിശോധനകൾക്ക് ശേഷം ലൈസൻസ് പുതുക്കേണ്ടിവരും. തെരുവുനായകളെയും വളർത്തുനായകളെയും തിരിച്ചറിയാനും ഇതുവഴി കഴിയും. കാക്കനാട് നായ്ക്കളെ കൂട്ടത്തോടെ കൊന്ന് കുഴിച്ച് മൂടിയ സംഭവവും വിവാദമായിരുന്നു. ഈ വേളയിലും സർക്കാർ സ്വമേധയാ കേസെടുക്കുകയുണ്ടായി.