പെരിന്തൽമണ്ണ: അഞ്ച് വയസ്സുള്ള മകന് മോട്ടോർ സൈക്കിൾ ഡ്രൈവിങ്​ പരിശീലനം നടത്തിയ രക്ഷിതാവി​ന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. തേലക്കാട് സ്വദേശി അബ്​ദുൽ മജീദി​ന്റെ​ ഡ്രൈവിങ്​ ലൈസൻസാണ്​ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത്. പെരിന്തൽമണ്ണ ജോയൻറ് ആർ.ടി.ഒ സി.യു. മുജീബാണ് നടപടി എടുത്തത്. പെരിന്തൽമണ്ണ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനോയ് വർഗീസിന്​ കിട്ടിയ പരാതിയിൽ ജോയൻറ്​ ആർ.ടി.ഒയുടെ നിർദ്ദേശ പ്രകാരം വിഡിയോ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാണ് നടപടി.

ഡിസംബർ 31ന് രാവിലെ മണ്ണാർക്കാട്​-പെരിന്തൽമണ്ണ റൂട്ടിൽ കാപ്പ്​ മുതൽ തേലക്കാട്​ വരെ ചെറിയ കുട്ടിയെ മോട്ടോർ സൈക്കിൾ ഹാൻഡിൽ നിയന്ത്രിക്കാൻ പഠിപ്പിക്കുന്ന വിഡിയോ ദൃശ്യം സഹിതം നൽകിയ പരാതിയെ തുടർന്നാണ്​ നടപടി. വാഹനം ഓടിച്ചത് തേലക്കാട് സ്വദേശി അബ്​ദുൽ മജീദാണെന്നും ഉപയോഗിച്ചിരുന്ന വാഹനം കെ.എൽ. 53 എഫ് 785 നമ്പർ ബുള്ളറ്റ് മോട്ടോർ സൈക്കിളാണെന്നും കണ്ടെത്തി. ഡ്രൈവർക്കെതിരെ നടപടി എടുക്കണമെന്നും ശുപാർശ സമർപ്പിച്ചു. ഇതുപ്രകാരം അബ്​ദുൽ മജീദിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. കൂടെ ഉണ്ടായിരുന്നത് മകനാണെന്ന്​ സമ്മതിച്ചതിനെ തുടർന്ന്​ ലൈസൻസ്​ റദ്ദാക്കുകയായിരുന്നു.