സിനിമാസെറ്റുകളേക്കാൾ ഭയാനകമായ ചിലയിടങ്ങളുണ്ട് ഭൂമിയിൽ. അത്തരത്തിലൊന്നാണ് ചൈനയിലെ സൻജിയാജി ഫോറസ്റ്റ് പാർക്കിലെ ചെങ്കുത്തായ മലനിരകൾ. ആയിരത്തിലേറെ അടി ഉയരമുള്ളഈ മലയിലേക്ക് ഒരു ലിഫ്റ്റുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഈ ലിഫ്റ്റിലേ യാത്ര ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും പ്രിയപ്പെട്ട അഡ്വഞ്ചർ ടൂറിസങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്. 1000 അടി ഉയരത്തിലെത്താൻ ഈ ലിഫ്റ്റ് എടുക്കുന്നത് കേവലം 88 സെക്കന്റ് മാത്രമാണെന്നതാണ് ഇതിനെ മറ്റു ലിഫ്റ്റുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

പല സിനിമകൾക്കും കഥകൾക്കും പ്രചോദനമായിട്ടുള്ള ചെങ്കുത്തായ ഈ മണല്പറക്കെട്ടിനു മുകളിലേക്ക് നിരവധി വിനോദസഞ്ചാരികളാണ് എത്തിയിരുന്നത്. കോവിഡ് പ്രതിസന്ധിയിലെ യാത്രാ നിയന്ത്രണങ്ങൾ കാരണം ഇടക്ക് ഇവിടെ തിരക്കില്ലായിരുന്നെങ്കിലും ഇപ്പോൾ വീണ്ടും തിരക്ക് വർദ്ധിച്ചു വരുന്നുണ്ട്. അവതാർ എന്ന സിനിമയുടെ പ്രചോദനവും ഈ മലനിരയായിരുന്നു എന്നതാണ് ഇവിടേക്ക് ടൂറിസ്റ്റുകളെ ആകർഷിക്കുന്ന ഒരു പ്രധാന കാരണം.

ഈ സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ ഘടന ഇവിടെ എലവേറ്ററുകൾ സ്ഥാപിക്കുന്നതിന് അനുയോജ്യമാണ്. അതുകൊന്റാണ് ഇവിടെ ഈ ബൈലോംഗ് എലവേറ്റർ സ്ഥാപിച്ചതെന്ന് ഇതിന്റെ ചുമതലക്കാരായ കമ്പനിയുടെ വക്താവ് പറയുന്നു. നേരത്തേ, പരിമിതമായ സിറ്റിങ് കപ്പാസിറ്റിയുള്ള ഒരു കേബിൾ കാർ മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. അതിനാൽ, മലയുടെ മുകളിലെത്താൻ വിനോദസഞ്ചാരികൾക്ക് ഏറെനേരം കാത്തുനിൽക്കേണ്ടതായി വരുമായിരുന്നു. അതല്ലെങ്കിൽ മറ്റൊരു വഴി, മലയിലൂടെ നടന്നു കയറുക എന്നതുമാത്രമാണ്. ഏകദേശം മൂന്നു മണിക്കൂർ സമയമെടുക്കും ഇത്തരത്തിൽ നടന്നു കയറുവാൻ.

അപ്പോഴാണ് ഈ അതിവേഗ ലിഫ്റ്റ് എന്ന ആശയം വന്നത്. ഒരു പ്രാവശ്യം ഇതിൽ കയറി മലമുകളിലെത്തി തിരിച്ചിറങ്ങാൻ 19 ഡോളറാണ് ഈടാക്കുന്നത്. ഓരോ ദിവസവും ഏകദേശം 8000 വിനോദ സഞ്ചാരികൾ ഈ ലിഫ്റ്റ് ഉപയോഗിക്കുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ, കോവിഡിനു മുൻപേ ഒരു ദിവസം ശരാശരി 14,000 വിനോദസഞ്ചാരികളെങ്കിലും എല്ലാദിവസവും ഇവിടെ എത്തുമായിരുന്നത്രെ. വെറും 88 സെക്കന്റ് സമയം കൊണ്ടാണ് ഈ ലിഫ്റ്റ് യാത്രക്കാരെ 1,070 അടി ഉയരത്തിൽ എത്തിക്കുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും ഭാരം കൂടിയതും ഉയരം കൂടിയതുമായ ഇതിന്റെ മൊത്തം ചെലവ് 13.7 മില്ല്യൺ ഡോളറാണ്. എല്ലാ ഭാഗവും സുതാര്യമായ ലോകത്തിലെ ഏറ്റവും ഉയർന്ന ലിഫ്റ്റ്, ലോകത്തിലെ ഏറ്റവും ഉയർന്ന ഡബിൾ ഡെക്ക് സൈറ്റ് സീയിങ് ലിഫ്റ്റ്, ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ആളുകളെ കയറ്റാവുന്നതും ഏറ്റവും വേഗതകൂടിയതുമായ ലിഫ്റ്റ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിൽ ഇത് ഗിന്നസ് ബുക്കിൽ ഇടം പിടിച്ചിട്ടുണ്ട്. മൂന്ന് വ്യത്യസ്ത ഗ്ലാസ്സ് എലവേറ്ററുകൾ അടങ്ങിയതാണ് ഈ ലിഫ്റ്റ്. ഓരോ എലവേറ്ററിലും 50 പേരെ വീതം കയറ്റാനാവും.

1999 ലാണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത്. മൂന്നു വർഷംകൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്. എന്നാൽ, ഇത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത് ഏറെ താമസിയാതെ ചില സുരക്ഷാ കാരണങ്ങളാൽ ഇതിന്റെ പ്രവർത്തനം നിർത്തിവയ്ക്കേണ്ടതായി വന്നു. പിന്നീട് എല്ലാ സുരക്ഷാ സംവിധാനങ്ങളോടും കൂടി 2003 നാണ് ഇത് പ്രവർത്തിക്കാൻ ആരംഭിച്ചത്.