തിരുവനന്തപുരം: ഹോം ഡെലിവറി സർവീസിന് ലോക്ക് ഡൗൺ ഇളവുകൾ നൽകിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സർക്കാർ ഉത്തരവിലും അതുണ്ട്. പക്ഷേ ഡെലിവറി ബോയികൾക്ക് അത്ര സുഖകരമല്ല കാര്യങ്ങൾ. വർക്കല സ്വദേശി ലിജിൻ എസ് ഷഹിർഷ ഇതിന്റെ ഇരയാണ്. ഐഡറ്റി കാർഡുണ്ടായിട്ടും പെറ്റിയടയ്‌ക്കേണ്ടി വന്നു ഈ വർക്കലക്കാരൻ. നീതി തേടി മന്ത്രിയേയും എംഎൽഎയേയും വിളിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയതുമില്ല.

ഒരു ദിവസം ഇത്ര ലോക്ഡൗൺ ലംഘന കേസുകൾ എടുക്കണമെന്ന് ഓരോ പൊലീസ് സ്‌റ്റേഷനും മുകളിൽ നിന്ന് നിർദ്ദേശമുണ്ടെന്ന ആക്ഷേപം സജീവമാണ്. പരമാവധി പിഴ ഈടാക്കാനും സർക്കാർ നിർദ്ദേശിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതിന്റെ ഇരയാണോ ലിജൻ എന്ന സംശയമാണ് ഉയരുന്നത്. ലോക്ഡൗണിൽ പുറത്തിറങ്ങാൻ അനുമതിയുള്ളവർക്ക് പോലും പിഴ കൊടുക്കേണ്ട അവസ്ഥ. ഇത് മനസ്സിലാക്കിയാണ് തന്റെ അവസ്ഥ പരാതിയായി അധികാരികളുടെ മുന്നിൽ ലിജൻ വയ്ക്കുന്നത്.

സൊമാറ്റയുടെ തിരുവനന്തപുരം നഗരത്തിലെ ഡെലിവറി ബോയിയാണ് ലിജിൻ. ലോക്ക് ഡൗൺ തുടങ്ങിയ ശേഷം വെമ്പായത്തുള്ള സഹോദരിയുടെ വീട്ടിൽ നിന്നാണ് ലിജിൻ ജോലിക്ക് പോകുന്നത്. പത്താം തീയതി രാവിലെ ഏഴുമണിയോടെ കേശവദാസപുരത്തെ റസ്റ്റോറന്റിൽ ഡെലിവറി എടുക്കാൻ പോകുമ്പോൾ മണ്ണന്തല മരുതൂർ പാലത്തിന് സമീപത്ത് വാഹനപരിശോധന നടത്തിയിരുന്ന പൊലീസുകാർ നിർബന്ധപൂർവം ഫെനടപ്പിച്ചതായാണ് ലിജിൻ പരാതിപ്പെടുന്നത്.

ഐഡി കാർഡ് കാണിച്ചിട്ടും ഫൈൻ എഴുതുകയായിരുന്നു. കാരണം ചോദിച്ചപ്പോൾ വാഹനം ക്യൂ തെറ്റിച്ചുവന്നുവെന്നായിരുന്നു മറുപടി. എന്നാൽ ആ സമയം കാര്യമായ വാഹനങ്ങളൊന്നും അവിടെ ഉണ്ടായിരുന്നില്ലെന്ന് ലിജിൻ പറയുന്നു. മാത്രമല്ല അനധികൃതമായി പുറത്തിറങ്ങി എന്ന പേരിലാണ് ഫെൻ എഴുതിയത്. അവശ്യ സർവീസിൽ ഉൾപ്പെടുത്തിയിട്ടുള്ള ഹോം ഡെലിവറിക്ക് പോകുന്നയാളെ ഈ വകുപ്പിൽ ഫൈൻ ചുമത്തുന്നത് നിയമവിരുദ്ധമാണെന്നും പരാതിയിൽ ലിജിൻ ചൂണ്ടിക്കാണിക്കുന്നു.

ആ സമയം പണം കയ്യിലുണ്ടാകാത്തതിനാൽ ഒരു സുഹൃത്തിനെ കൊണ്ട് ഗൂഗിൾപേ വഴി പണം വങ്ങി എടിഎമ്മിൽ നിന്നും എടുത്തുകൊടുത്ത ശേഷമാണ് പോകാൻ അനുവദിച്ചതെന്ന് ലിജിൻ പറയുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് ഡിജിപിക്കും കമ്മീഷണർക്കും പരാതി നൽകിയിട്ടുണ്ട്. ഹോം ഡെലിവറി പ്രോൽസാഹിപ്പിക്കണമെന്നും അവർക്ക് ലോക്ക് ഡൗണിൽ ഇളവുണ്ടാകുമെന്നും സർക്കാർ നിർദ്ദേശമുണ്ടായിട്ടും പൊലീസ് പിടിച്ചുപറിക്കുകയാണെന്ന് ലിജിൻ പറയുന്നു.

സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തിന്റെ മകനും സിപിഎം അനുഭാവിയുമായ ലിജിൻ ഫൈൻ അടയ്ക്കുന്നതിന് മുമ്പായി മന്ത്രി കടകംപള്ളി സുരേന്ദ്രനേയും എംഎൽഎമാരായ വികെ പ്രശാന്തിനെയും ജോയിയെയും ഫോണിൽ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചെങ്കിലും അന്വേഷിക്കാമെന്ന് പറഞ്ഞ് അവരും കയ്യൊഴിയുകയായിരുന്നു. പൊലീസ് നടപടി കാരണം ജോലിക്ക് കയറാൻ വൈകിയതിനാൽ കമ്പനിയിലും പിഴ നൽകേണ്ടി വന്നതായി ലിജിൻ പരാതിപ്പെടുന്നു.

മരുതൂർപാലത്തിന് സമീപം വാഹനപരിശോധ നടത്തുന്നവർ ഡെലിവറി ബോയ്സിനെ നിരന്തരം ഉപദ്രവിക്കുകയാണെന്നും ലിജിൻ പറയുന്നു. മുമ്പും കയ്യുറ ധരിച്ചില്ലെന്ന് പറഞ്ഞ് ഹോം ഡെലിവറിക്കാരെ ഇതേ സ്ഥലത്ത് പിഴ ചുമത്തിയിട്ടുണ്ടെന്ന് ലിജിൻ ചൂണ്ടിക്കാണിച്ചു. 'മറ്റൊരു പോയിന്റിലും ഞങ്ങൾക്ക് ഈ തലവേദനയില്ല. മറ്റ് പൊലീസുകാരൊക്കെ ഹോം ഡെലിവറയ്ക്കാരോട് വളരെ സൗഹാർദ്ദപരമായിട്ടാണ് ഇടപെടുന്നത്. പക്ഷെ മരുതൂരിലെ വാഹനപരിശോധനക്കാർ മാത്രം ശത്രുതാമനോഭാവത്തോടെയാണ് കാണുന്നത്. പലരും പൊലീസിനെ പേടിച്ച് പരാതിപ്പെടാൻ ധൈര്യപ്പെടാത്തതാണ്.' ലിജിൻ പറയുന്നു.

അതെസമയം ഇത്തരമൊരു പരാതി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് മണ്ണന്തല സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. നിരവധിപേർ പ്രതിദിനം ഹോംഡെലിവറിക്ക് പോകുന്നതാണ്. അവർക്ക് സർക്കാർ നിർദ്ദേശപ്രകാരം ഇളവ് നൽകാറുണ്ട്. ഈ കേസിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.