വടകര: കേരളത്തിൽ 1500 രൂപ വില കൊടുക്കേണ്ടുന്ന മദ്യത്തിന് മാഹിയിൽ കൊടുക്കേണ്ട വില വെറും 400 രൂപ! ഈ വിലവിവര പട്ടിക കണ്ടാൽ അത്യാവശ്യം മദ്യപിക്കുന്ന ആരുടെയും മനമൊന്ന് കുളിർക്കും. പിന്നെ കേരളത്തിലെ മദ്യപാനികളുടെ കാര്യം പറയേണ്ട കാര്യമുണ്ടോ? കേന്ദ്ര ഭരണ പ്രദേശമായ മാഹിയിൽ മദ്യത്തിന്റെ തീരുവ കുറച്ചതോടെ കേരളത്തിലേക്ക് മദ്യം കടത്തുന്നത് പതിവായിരിക്കയാണ്. അതിർത്തി ജില്ലകൾ കേന്ദ്രീകരിച്ച സംഘമാണ് വൻതോതിൽ മദ്യം കേരളത്തിലെത്തിലേക്ക് എത്തിക്കുന്നതായാണ് പുറത്തുവരുന്ന മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ലോക്ഡൗൺ കാലത്ത് കേരളത്തിലും മാഹിയിലും മദ്യത്തിന് ഒരേ വിലയായിരുന്നു. അതിനാൽ, മദ്യക്കടത്ത് കുറവായിരുന്നു. കഴിഞ്ഞ ദിവസം നികുതി പിൻവലിച്ചതോടെയാണ് വീണ്ടും മദ്യക്കടത്ത് വ്യാപകമായത്. മാഹിയിൽ കൊടുക്കേണ്ട വിലയേക്കാൾ ഇരിട്ടി വിലയാണ് കേരളത്തിലെ മദ്യത്തിന്. അതുകൊണ്ട് തന്നെയാണ് അതിർത്തിയിലേക്ക് മദ്യം കടത്തി ലാഭമുണ്ടാക്കാൻ ആളുകൾ ക്യൂ നിൽക്കുന്നതും.

പലവിധ മാർഗ്ഗങ്ങളിലൂടെയാണ് മദ്യം കടത്തുന്നത്. ജില്ലാ അതിർത്തിയായ അഴിയൂരിലും വടകരയിലും നടക്കുന്ന എക്സൈസ് പരിശോധന കടന്നു കിട്ടിയാൽ തെക്കൻ ജില്ലകളിലേക്ക് മദ്യം എളുപ്പത്തിൽ കടത്താൻ കഴിയുമെന്നതാണ് സംഘങ്ങളുടെ ധൈര്യം. അഴിയൂരിൽ എക്സൈസിന്റെ സ്ഥിരം ചെക്ക്പോസ്റ്റുണ്ട്. ഇതിനു പുറമേ എക്സൈസ് സ്ട്രൈക്കിങ് ഫോഴ്സ് കേന്ദ്രീകരിക്കുന്നതും ഈ ഭാഗത്താണ്. ചെക്ക് പോസ്റ്റിനും വടകര റേഞ്ച്, സർക്കിൾ ഓഫീസുകൾക്കുമെല്ലാം പഴയ ഓരോ വാഹനം മാത്രമാണുള്ളത്. ഇതിൽ കടത്തു വാഹനങ്ങളെ പിന്തുടർന്ന് പിടിക്കാൻ ബുദ്ധിമുട്ടാണ്.

മദ്യം കടത്തുന്നവർ എക്സൈസിന്റെയും പൊലീസിന്റെയും പിടിയിൽപ്പെടാതിരിക്കാൻ പുതിയ മാർഗങ്ങളാണ് സ്വീകരിക്കുന്നത്. മാഹിയിൽ നിന്ന് കടൽ വഴിയും പുഴയിലൂടെയും തോണിയിലും മദ്യം കടത്തുന്ന ശൈലിയാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ഇത് തടയാൻ നേരത്തെ തീരദേശ പൊലീസിന്റെ ബോട്ട് ഉപയോഗിച്ച് കടലിൽ പട്രോളിങ് നടത്തിയിരുന്നെങ്കിലും രാത്രി കാലങ്ങളിൽ മോട്ടോർ ഘടിപ്പിച്ച ചെറുവള്ളങ്ങളിൽ ഇപ്പോഴും മോന്താൽ കരിയാട് ഭാഗങ്ങളിൽ മദ്യക്കടത്തു തുടരുന്നുണ്ട്. റോഡു മാർഗം മദ്യം കടത്തുന്നതിന് പലപ്പോഴും സൂപ്പർ ബൈക്കുകളും ഉപയോഗിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. പൊലീസിന് അതിവേഗം വെട്ടിച്ചു കടത്താനാണ് ഈ ശ്രമം.

എന്നാൽ, മദ്യം കടത്തുന്നവരെ പിടികൂടാൻ എക്സൈസ് എല്ലാ ജാഗ്രതയും പാലിക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ മുഹമ്മദ് ന്യൂമാൻ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മദ്യം കടത്തിയ കേസിൽ വടകരയിൽ മാത്രം രണ്ടു പേർ പിടിയിലായി. 484 കുപ്പി മദ്യവുമായി കോഴിക്കോട് കുരുവട്ടുർ സ്വദേശി സിബീഷും 402 കുപ്പി മദ്യവുമായി ആലപ്പുഴ സ്വദേശി ജനിലുമാണ് പിടിയിലായത്.