ലിവർപൂൾ: ദൈവത്തിന്റെ മഹാദ്ഭുതം, അതുമാത്രമാണ് ടാക്സി ഡ്രൈവർ ഡേവിഡ് പെറിക്ക് പറയുവാനുള്ളത്. തന്റെ കാറിന്റെ പിൻസീറ്റിലിരുന്ന യാത്രക്കാരൻ ബോംബിനൊപ്പം പൊട്ടിത്തെറിച്ചപ്പോഴും ജീവൻ രക്ഷപ്പെട്ടതിൽ ദൈവത്തിന് നന്ദി പറയുകയാണയാൾ. ഓർമ്മ ഞായറാഴ്‌ച്ചയിലെ പ്രത്യേക പ്രാർത്ഥനകൾ നടക്കേണ്ടുന്ന 11 മണിക്ക് അൽപം മുൻപായിട്ടായിരുന്നു ലിവർപൂൾ ആശുപത്രിക്ക് മുന്നിൽ വെച്ച് കാർ പൊട്ടിത്തെറിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സി സി ക്യാമറയിൽ പതിഞ്ഞത് ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

ബോംബിന്റെ തകരാറായിരിക്കാം പെറി രക്ഷപ്പെടാൻ ഇടയാക്കിയതെന്നതുൾപ്പടെ നിരവധി സിദ്ധാന്തങ്ങൾ പെറി രക്ഷപ്പെട്ടതിനെ കുറിച്ച് എത്തുന്നുണ്ടെങ്കിലും അയാളുടെ ഭാര്യ റേച്ചൽ പെറി ഇന്നലെ ഫേസ്‌ബുക്കിൽ എഴുതിയത്, ദൈവത്തിന്റെ അനുഗ്രഹം ഒന്നുകൊണ്ട് മാത്രമാണ് പെറി രക്ഷപ്പെട്ടതെന്നാണ്. പെറി യാത്രക്കാരനെ കാറിനകത്ത് പൂട്ടിയിട്ടെന്നും മറ്റുമൊക്കെയുള്ള കഥകൾ നിരവധി പുറത്ത് പരക്കുന്നുണ്ട്. എന്നാൽ, യഥാർത്ഥത്തിൽ സ്ഫോടനം നടക്കുമ്പോൾ അയാൾ കാറിനകത്തായിരുന്നു എന്ന് വീഡിയോ ദൃശ്യങ്ങളിൽ കാണാം. അവിടെ നിന്നും രക്ഷപ്പെട്ടതാണ് യഥാർത്ഥത്തിൽ അദ്ഭുതമായി അവശേഷിക്കുന്നത്.

കാറിനകത്ത് പൊട്ടിത്തെറിച്ചത് വീര്യം കുറഞ്ഞ ബോംബായിരിക്കാം അല്ലെങ്കിൽ അത് ശരിയാം വിധം പ്രവർത്തിച്ചിട്ടില്ല, എന്നായിരുന്നു മുൻ തീവ്രവാദ വിരുദ്ധ സേനയിലെ അംഗമായിരുന്ന നിക്ക് ആൽഡ്വർത്ത് ബി ബി സി റേഡിയോട് പറഞ്ഞത്. അതേസമയം ഡെറ്റോണെറ്റർ പ്രധാന സ്ഫോടനം നടത്തുന്നതിൽ പരാജയപ്പെട്ടിട്ടുണ്ടാകാം എന്നാണ് മുൻ സ്‌കോട്ട്ലാൻഡ് ഉദ്യോഗസ്ഥനായ ഡേവിഡ് വിഡെസെറ്റ് പറയുന്നത്. ശാസ്ത്രം എന്തുപറഞ്ഞാലും എല്ലാ ഭാഗ്യങ്ങളുടെയും ഉത്തരവാദിത്തം ദൈവത്തിനു നൽകുകയാണ് ഡേവിഡ് പെറിയും റേച്ചൽ പെറിയും.

വിദേശയാത്ര റദ്ദാക്കി പ്രീതി പട്ടേൽ

ലിവർപൂൾ സ്ഫോടനത്തെ തുടർന്ന് പാരിസിലേക്കുള്ള യാത്ര ഹോം സെക്രട്ടറി പ്രീതി പട്ടേൽ റദ്ദാക്കി. ഇംഗ്ലീഷ് ചാനലിലൂടെയുള്ള അനധികൃത കുടിയേറ്റങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളക്കായിട്ടാണ് അവർ പാരിസിലേക്ക് പോകാനിരുന്നത്. നാളെ പാരിസ് ആഭ്യന്തരമന്ത്രി ജെരാൾഡ് ഡർമേനിയനുമായി കൂടിക്കാഴ്‌ച്ച നടത്തുവാനും ഉദ്ദേശിച്ചിരുന്നു. എന്നാൽ, ലിവർപൂൾ വിമൻസ് ഹോസ്പിറ്റലിനു മുന്നിൽ നടന്ന സ്ഫോടനത്തെ തുടർന്ന് തന്റെ വിദേശയാത്ര റദ്ദാക്കിയിരിക്കുകയാണ് പ്രീതി പട്ടേൽ.

ബ്രിട്ടനിൽ തീവ്രവാദ ഭീഷണി കൂടുതൽ ശക്തമായിട്ടുണ്ട് എന്ന് ചില റിപ്പോർട്ടുകൾ അടുത്തകാലത്ത് പുറത്തുവന്നിരുന്നു. ഇയാൾ യഥാർത്ഥത്തിൽ ഉന്നം വെച്ചിരുന്നത് കത്തീഡ്രലിനെയായിരുന്നു എന്ന അനുമാനം തീർച്ചയായും ആശങ്കയുണർത്തുന്നതാണ്. ഇയാൾ തെരഞ്ഞെടുത്ത സമയവും തീയ്യതിയും തന്നെയാണ് ആശങ്കയുളവാക്കാൻ കാരണം. ഓർമ്മദിവസമായ ഞായറാഴ്‌ച്ച പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷം മൗനം അവലംബിക്കുന്ന സമയത്തായിരുന്നു ബോംബ് പൊട്ടിയത്. അത് ആ സമയം കത്തീഡ്രലിനകത്തായിരുന്നു എങ്കിൽ ആയിരത്തിലധികം ബ്രിട്ടീഷ് സൈനികർ അവിടെയുണ്ടായിരുന്നു.

ഇപ്പോൾ ചാവേറായി പൊട്ടിത്തെറിച്ച വ്യക്തിയും വർഷങ്ങൾക്ക് മുൻപ് അനധികൃതമായി ബ്രിട്ടനിലേക്ക് കുടിയേറിയ വ്യക്തിയാണ്. ഇതോടെ അനധികൃത കുടിയേറ്റത്തിനെതിരെ ജനരോഷവും ഉയരുന്നുണ്ട്. ഫ്രാൻസുമായുള്ള ചർച്ചകളിൽ ഇംഗ്ലീഷ ചാനലിലൂടെയുള്ള അനധികൃത കുടിയേറ്റം പ്രധാന വിഷയമായി മാറുകയുമാണ്. അതിനുപുറകെയാണ് ഇപ്പോൾ കുടിയേറ്റക്കാരെ ആയുധമാക്കി യൂറോപ്പുമായി നിഴൽ യുദ്ധം ചെയ്യാൻ ബെലാറസ് ഏകാധിപതി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.

അനുശോചിച്ചതിൽ മാപ്പ് പറഞ്ഞ് എം പി

മരണവിവരമറിഞ്ഞാൽ ഞെട്ടൽ പ്രദർശിപ്പിക്കുകയും അനുശോചനം അറിയിക്കുകയുമൊക്കെ ലോകത്തിലെവിടെയായാലും രാഷ്ട്രീയ നേതാക്കളുടെ പതിവാണ്. ബ്രിട്ടനിലെ രാഷ്ട്രീയനേതാക്കളും അതിൽ നിന്നും വ്യത്യസ്തരല്ല. ലിവർപൂളിൽ കാർ സ്ഫോടനം നടന്ന് ഒരാൾ മരണമടഞ്ഞു എന്ന് അറിഞ്ഞപ്പോൾ തന്നെ ലെസ്റ്റർ സൗത്ത് എം പിയും ലേബർ പാർട്ടി നേതാവുമായ ജോനാഥൻ ആഷ്വർത്ത് മരണമടഞ്ഞ വ്യക്തിയുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. മാത്രമല്ല, ഈ അതിദാരുണമായ മരണത്തിൽ ഞെട്ടലും പ്രകടിപ്പിച്ചിരുന്നു.

സ്ത്രീകളുടെ ആശുപത്രിക്ക് മുൻപിലാണ് ഈ സ്ഫോടനം നടന്നതെന്നത് സ്ഥിതിഗതികൾ കൂടുതൽ ഭയാനകമാക്കുന്നു. ഈ സ്ഫോടനത്തിൽ മരണമടഞ്ഞ വ്യക്തിക്ക് ആദരാഞ്ജലികൾ നേരുന്നതിനൊപ്പം ആ വ്യക്തിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു. ഇതായിരുന്നു എം പി സമൂഹമാധ്യമങ്ങളിലൂടെ നൽകിയ അനുശോചന സന്ദേശം . എമർജൻസി സർവ്വീസുകൾ ഇക്കാര്യത്തിൽ ശരിയായി പ്രതികരിച്ചോ എന്ന കാര്യവും താൻ അന്വേഷിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകിയിരുന്നു.

പിന്നീടാണ്, ഇതൊരു ബോംബാക്രമണ ശ്രമമായിരുന്നു എന്നും ബോംബാക്രമണത്തിന് ശ്രമിച്ച വ്യക്തിയാണ് മരണമടഞ്ഞതെന്നും വ്യക്തമായത്. ഉടനെ തനിക്ക് പറ്റിയ തെറ്റിൽ മാപ്പ് പറഞ്ഞ് എം പി രംഗത്തെത്തി. പൊതുജനങ്ങളിലാരോ മരണമടഞ്ഞു എന്നായിരുന്നു താൻ കരുതിയത് എന്നാണ് എം പി വ്യക്തമാക്കുന്നത്. സമൂഹമാധ്യമങ്ങളിൽ എം പിയുടെ അനുശോചന സന്ദേശത്തിനെതിരെ കടുത്ത രോഷം ഉയർന്ന പശ്ചാത്തലത്തിൽ ട്വീറ്ററിലൂടെയായിരുന്നു അദ്ദേഹം മാപ്പ് അപേക്ഷ നടത്തിയത്.