ബെംഗളൂരു: വിവാഹം കഴിക്കാതെ ഒന്നിച്ചുകഴിഞ്ഞ കാലയളവിൽ ജനിച്ച കുഞ്ഞിനെ സംരക്ഷിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ച് പങ്കാളികൾ.

മൈസൂരുവിലെ സരസ്വതിപുരത്തു വാടകയ്ക്കു താമസിക്കുന്ന 21 വയസ്സുള്ള യുവാവും യുവതിയുമാണ് ജനിച്ചിട്ട് പന്ത്രണ്ട ദിവസം മാത്രമായ ആൺകുഞ്ഞിനെ വേണ്ടെന്നു അറിയിച്ചത്. തങ്ങൾക്കും കുടുംബാംഗങ്ങൾക്കും കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കാൻ താൽപര്യമില്ലെന്നാണ് ഇവർ അറിയിച്ചത്.

ഇരുവരും കുഞ്ഞിനെ ഉപേക്ഷിക്കാൻ തയ്യാറെടുക്കുന്നതായി അറിഞ്ഞതോടെ അയൽവാസികൾ ഇടപെട്ടതോടെ കുഞ്ഞിനെ പങ്കാളികൾ ജില്ലാ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ ഏൽപിക്കുകയായിരുന്നു.

കഴിഞ്ഞയാഴ്ച ബെംഗളൂരുവിലായിരുന്നു യുവതിയുടെ പ്രസവം. തിരിച്ചെത്തിയ ഇവർ കുഞ്ഞിനെ ഉപേക്ഷിക്കാൻ തയ്യാറെടുക്കുന്നുവെന്നു മനസ്സിലാക്കിയ അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. അയൽവാസികളിൽ ഒരാൾ കുഞ്ഞിനെ ദത്തെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചെങ്കിലും നിയമ നടപടികൾ ഭയന്നു പിന്മാറുകയായിരുന്നു.

തുടർന്ന് പൊലീസും ജില്ലാ ശിശുസംരക്ഷണ സമിതിയും ചേർന്നു കുഞ്ഞിനെ കൊല്ലേഗലിലെ സന്നദ്ധ സംഘടനയുടെ സംരക്ഷണയിൽ ഏൽപിച്ചു. വിദ്യാ സമ്പന്നരായ ദമ്പതികൾക്കു കൗൺസലിങ് നൽകിയതായും കുട്ടിയെ തിരികെ കൊണ്ടുപോകുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാൻ 2 മാസം അനുവദിച്ചതായും സമിതി അംഗങ്ങൾ പറഞ്ഞു.