കണ്ണൂർ: തനിക്കില്ലെങ്കിൽ മറ്റാർക്കും വേണ്ടയെന്ന നയവുമായി ലോക് താന്ത്രിക് സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയസ് കുമാർ രംഗത്തു വന്നതോടെ കെ.പി മോഹനന്റെ മന്ത്രി സ്ഥാനം ത്രിശങ്കുവിലായി. പ്രത്യക്ഷത്തിൽ മന്ത്രി സ്ഥാനം വേണ്ടെന്ന് പറയുന്നില്ലെങ്കിലും മോഹനന് വേണ്ടി ശക്തമായി പാർട്ടി നേതൃത്വം ആവശ്യപ്പെടുന്നുമില്ല. ന്യൂട്രലിലാണ് ഈ വിഷയത്തിൽ പാർട്ടി നേതൃത്വം സഞ്ചരിക്കുന്നത്.

അതിനിടെ എൽജെഡിയിൽ ശ്രേയംസ് കുമാറിനെതിരായ വികാരം ശക്തമാണ്. കെ പി മോഹനന് മന്ത്രി സ്ഥാനം ലഭിക്കുമ്പോൾ പാർട്ടിക്കുള്ളിൽ തങ്ങൾ അപ്രസക്തരാവുമോയെന്ന ആശങ്ക ശ്രേയംസ് കുമാറിനും കൂട്ടർക്കുമുണ്ട്. കണ്ണുർ കേന്ദ്രീകരിച്ച് പുതിയ അധികാര കേന്ദ്രം രൂപപ്പെടുന്നത് തങ്ങൾക്ക് തിരിച്ചടിയാകുമെന്നാണ് ഇവരുടെ വിലയിരുത്തൽ. 2011ലെ ഉമ്മൻ ചാണ്ടി സർക്കാരിൽ കൃഷിമന്ത്രിയായ വേളയിൽ മോഹനൻ പാർട്ടിക്ക് വിധേയനായല്ല പ്രവർത്തിച്ചതെന്ന ആരോപണമുണ്ട്.

അന്ന് പാർട്ടിക്കുള്ളിലെ സർവ്വശക്തനായ വീരേന്ദ്രകുമാർ പറഞ്ഞിട്ട് അനുസരിക്കാത്ത മോഹനൻ ഇന്ന് താരതമ്യേനെ ദുർബലനായ ശ്രേയംസ് കുമാർ പറഞ്ഞാൽ കേൾക്കുമോയെന്ന ചോദ്യമാണ് പാർട്ടിക്കുള്ളിലെ ഔദ്യോഗിക വിഭാഗം ഉയർത്തുന്നത്. മാത്രമല്ല ഉമ്മൻ ചാണ്ടി സർക്കാരിൽ ഏറ്റവും കൂടുതൽ അഴിമതിയാരോപണത്തിന് വിധേയനായ നേതാവ് കൂടിയായിരുന്നു കെ.പി മോഹനൻ എന്ന് എൽജെഡിയിലെ മറുവിഭാഗം തന്നെ ചർച്ചയാക്കുന്നു. സഭയിൽ പോർവിളി നടത്തിയ സിപിഎം നേതാക്കളെ കായികപരമായി നേരിടാൻ ഇരു കൈകളും തുടയിലിടച്ച് വാടാ പോരിന് വാടായെന്നു ആക്രോശിച്ചു കൊണ്ട് കളരിയാശാനായ മോഹനൻ മന്ത്രി കസേരയിൽ നിന്നും ചാടിയിറങ്ങിയത് ഇപ്പോഴും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

കണ്ണുരിലെ തന്നെ സിപിഎം നേതാക്കളായ ഇ.പി ജയരാജനെയും ജയിംസ് മാത്യുവിനെയുമൊക്കെയായിരുന്നു മോഹനൻ അന്ന് പോരിന് വിളിച്ചത്. അഴിമതിയാരോപണം നേരിട്ട മോഹനനെ മന്ത്രിയാക്കിയാൽ രണ്ടാം പിണറായി മന്ത്രിസഭയുടെ ശോഭ കുറയുമെന്ന പ്രചാരണം എൽ.ജെ.ഡി നേതാക്കൾ തന്നെയാണ് നടത്തുന്നത്. ഇത് മുഖ്യമന്ത്രിയുടെയും സിപിഎം നേതൃത്വത്തിന്റെയും ചെവിയിലെത്തിക്കുകയാണ് ലക്ഷ്യം. അഴിമതി വിരുദ്ധ നിലപാട് ഉയർത്തിപ്പിടിക്കുന്ന സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയിലും മോഹനനെ കുറിച്ചുള്ള ആരോപണങ്ങളെത്തിച്ചാൽ തങ്ങൾ ഉദ്യേശിച്ച കാര്യം നടക്കുമെന്നാണ് കണക്ക് കൂട്ടൽ.

എന്നാൽ ഇതിനിടെ പാർട്ടിയിൽ പിടിമുറുക്കാനുള്ള നീക്കങ്ങൾ കെ.പി മോഹനനും തുടങ്ങിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ഏക എംഎ‍ൽഎയെന്ന ക്രെഡിറ്റുള്ളതുകൊണ്ട് മോഹനന് അനുകൂലമാണ് പാർട്ടിയിലെ കാര്യങ്ങൾ. അറ്റക്കൈക്ക് പിളർത്തിയാൽപ്പോലും വലിയ ഒരു വിഭാഗം മോഹനനൊന്നിച്ച് പോകുമെന്നാണ് സ്ഥിതിഗതികൾ. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന നേതൃയോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ശ്രേയസ് കുമാറിനെതിരെ അതിരൂക്ഷമായ വിമർശനമാണ് ഒരു വിഭാഗം നേതാക്കൾ അഴിച്ചുവിട്ടത് പാർട്ടിയുടെ പരാജയത്തിന് കാരണം സംസ്ഥാന അധ്യക്ഷനായ ശ്രേയസ് കുമാറാണെന്നായിരുന്നു വിമർശനം. എൽ.ജെ.ഡിക്ക് തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റ് മാത്രം ലഭിക്കാൻ കാരണം സംസ്ഥാന അധ്യക്ഷനാണ്.

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ചാടിയിറങ്ങാതെ പാർട്ടിയെ ഏകോപിപ്പിക്കുകയായിരുന്നു സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ ശ്രേയംസ് കുമാർ ചെയ്യേണ്ടിയിരുന്നത്. ചാരുപാറ രവി, ഷേക് പി.ഹാരിസ്, വി.സുരേന്ദ്രൻ പിള്ള എന്നിവർ ഇതിൽ പ്രതിഷേധിച്ച് സംസ്ഥാന നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇത്തവണ ഇടതു തരംഗമുണ്ടായിട്ടും എൽ.ജെ.ഡിക്ക് നേട്ടമുണ്ടാക്കാനായില്ലെന്ന വിമർശനമാണ് ഇവർക്കുള്ളത്. യു.ഡി.എഫ് മുന്നണി വിട്ടെത്തിയ പാർട്ടിക്ക് എൽ.ഡി.എഫ് മുന്ന് സീറ്റുകൾ അനുവദിച്ചെങ്കിലും ഒരു സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. ഇതിൽ ഷേക് പി ഹാരീസും ചാരുപാറ രവിയും ശ്രേയംസ് കുമാറിന്റെ വിശ്വസ്തരായിരുന്നു.

ഷേക് പി ഹാരീസ് ഈ തെരഞ്ഞെടുപ്പിൽ സീറ്റ് പ്രതീക്ഷിച്ചിരുന്നു. തിരുവനന്തപുരത്ത് ഏതെങ്കിലും സീറ്റ് കിട്ടുമെന്ന് സുരേന്ദ്രൻ പിള്ളയും കരുതി. എന്നാൽ ഇതൊന്നും നടന്നില്ല. ഇതാണ് ശ്രേയംസിന്റെ പഴയ വിശ്വസ്തരെ പ്രകോപിപ്പിക്കുന്നത്. എന്നും വിരേന്ദ്ര കുമാറിനൊപ്പം ഉറച്ചു നിന്ന നേതാവാണ് ചാരുപാറ രവി. ചാരുപാറയും ശ്രേയംസിനെ തള്ളി പറയുന്നത് എൽജെഡിയിൽ പോലും അപ്രതീക്ഷിത നീക്കമായി. സീറ്റ് ചോദിച്ചു വാങ്ങുന്നതിൽ ശ്രേയംസ് കുമാറിന് വലിയ വീഴ്ച വന്നുവെന്നാണ് ഈ നേതാക്കളുടെ നിലപാട്. അതായത് എൽജെഡിയിലെ വീരേന്ദ്രകുമാർ ഗ്രൂപ്പ് പിളർപ്പിലേക്ക് നീങ്ങുകയാണ്.

കുത്തുപറമ്പിൽ എൽ.ജെ.ഡി സ്ഥാനാർത്ഥിയായി കെ.പി മോഹനൻ ജയിച്ചുവെങ്കിലും കൽപ്പറ്റയിലും വടകരയിലും പാർട്ടിക്ക് കാലിടറി. ശ്രേയസ് കുമാർ 6500-ഓളം വോട്ടുകൾക്കാണ് കൽപ്പറ്റയിൽ ടി.സിദ്ദിഖി നോട് പരാജയപ്പെട്ടത്. കഴിഞ്ഞ തവണ എൽ.ഡി.എഫ് 13, 08 3 വോട്ടിന് വിജയിച്ച മണ്ഡലമാണിത്. ജനതാദളിന്റെ ശക്തികേന്ദ്രമായി കരുതപ്പെട്ടിരുന്ന വടകരയിൽ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ ഏഴായിരത്തിലേറെ വേട്ടുകൾക്ക് ആർ.എംപി സ്ഥാനാർത്ഥി കെ.കെ രമയോട് ദയനീയമായി തോൽക്കുകയും ചെയ്തു.