ന്യൂഡൽഹി: ബാങ്ക് വായ്പ മൊറട്ടോറിയം നീട്ടുന്നതിൽ കേന്ദ്രസർക്കാർ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി. മൊറട്ടോറിയം കാലത്ത് പലിശ ഈടാക്കുമോ എന്ന് അറിയിക്കണമെന്നും ജസ്റ്റിസ് അശോക് ഭൂഷൻ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. കേസ് 28ന് പരിഗണിക്കും. വായ്പ മൊറട്ടോറിയം സംബന്ധിച്ച് സെപ്റ്റംബർ 28വരെ നടപടി പാടില്ലെന്ന് സുപ്രീംകോടതി നിർദ്ദേശം നൽകി. എല്ലാഹർജിക്കാരുടെയും വാദംകേട്ട സുപ്രീം കോടതി രണ്ടാഴ്ചയ്ക്കുള്ളിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശംനൽകി. തിരിച്ചടവ് മുടങ്ങിയ അക്കൗണ്ടുകൾ നിഷ്‌ക്രിയ ആസ്തികളായി ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ പ്രഖ്യാപിക്കരുതെന്നും കോടതി വിധിച്ചു.

സെപ്റ്റംബർ 28വരെ വായ്പ അടയ്ക്കാത്തവരുടെ ക്രഡിറ്റ് റേറ്റിങ് താഴ്‌ത്താൻ പാടില്ലെന്നും നിലവിലെ സ്ഥിതി നിലനിർത്താനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. മോറട്ടോറിയം പലിശ ഒഴിവാക്കുന്നകാര്യത്തിൽ റിസർവ് ബാങ്കിനേക്കാൾ ഉയർന്നതലത്തിലാണ് സർക്കാർ ചർച്ചകൾ നടത്തുന്നതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.എല്ലാമേഖലയ്ക്കും ആശ്വാസം നൽകാനാണ് സർക്കാർ ശ്രമിക്കുന്നത്. പ്രത്യാഘാതങ്ങളുണ്ടാക്കുന്നതരത്തിൽ തിടുക്കത്തിൽ ഉത്തരവുകൾ പുറപ്പെടുവിക്കുന്നകാര്യത്തിൽ ജാഗ്രതവേണമെന്നും മേത്ത കോടതിയിൽ ആവശ്യപ്പെട്ടു.

പലിശയിന്മേൽ പലിശ ഈടാക്കരുതെന്ന് ഹർജികൾ പരിഗണിക്കവെ സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. വായ്പ മൊറട്ടോറിയം കാലയളവിൽ പലിശ എഴുതിത്ത്തള്ളിയാൽ ബാങ്കുകൾക്ക് രണ്ടുലക്ഷം കോടി രൂപയുടെ ബാധ്യതയുണ്ടാുമെന്ന് റിസർവ് ബാങ്ക് ജൂൺ നാലിന് കോടതിയെ അറിയിച്ചിരുന്നു.