തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ആദ്യ ഘട്ട തിരഞ്ഞെടുപ്പിൽ അതി ശക്തമായ യു ഡി എഫ് തരംഗമാണ്  ദൃശ്യമായതെന്ന്   പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിയിലും, കൊള്ളയിലും മുങ്ങിക്കുളിച്ച എൽഡിഎഫ് സർക്കാരിനെതിരെയുള്ള  ശക്തമായ  ജനവികാരം ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതായും രമേശ് ചെന്നിത്തല  പറഞ്ഞു. അടുത്ത രണ്ട് ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിലും  ഇടതു സർക്കാരിനെതിരായുള്ള ജനവികാരം അതി ശക്തമായി തന്നെ പ്രതിഫലിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വളരെ ആവേശപൂർവ്വമാണ് ജനങ്ങൾ തിരഞ്ഞെടുപ്പ് പ്രകിയയിൽ  പങ്കാളികളായത്. ഇടതു സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ പ്രതികരിക്കാനുള്ള ഒരവസരവും ജനങ്ങൾ പാഴാക്കില്ലന്നതിന്റെ  വ്യക്തമായ സൂചനയാണ് തിരഞ്ഞെടുപ്പിൽ കണ്ട ജനപങ്കാളിത്തമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 അതേ സമയം, കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്  കൊണ്ട് വോട്ടെടുപ്പ് നടത്തുന്നതിൽ  തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത്  നിന്ന് വൻ വീഴ്ചയുണ്ടായെന്നും രമേശ് ചെന്നിത്തല പറഞ്ഞു.  പോളിങ് സാമഗ്രികളുടെ വിതരണം മുതൽ  വോട്ടടുപ്പ്് വരെ എല്ലാ ഘട്ടങ്ങളിലും   കോവിഡ്  പ്രോട്ടോക്കോൾ പാലിക്കാനുള്ള  നടപടികൾ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് താൻ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയതാണ്. അതിന് ഫലമുണ്ടായില്ല.  

കഴിഞ്ഞ  ദിവസം പോളിങ് സാമഗ്രികൾ സ്വീകരിക്കാൻ ഉദ്യേഗസ്ഥർ വിവിധ കേന്ദ്രങ്ങളിൽ എത്തിയപ്പോഴും   വൻ തിക്കും തിരക്കും അനുഭവപ്പെട്ടിരുന്നു.  രണ്ട് ഘട്ടമായി നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പുകളിൽ  പോളിങ് കേന്ദ്രങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ച ്‌കൊണ്ട് തന്നെ തിരഞ്ഞെടുപ്പ് നടത്താനുള്ള  ക്രമീകരണങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ സജ്ജീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.