ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം രാജ്യത്തുകൊടുങ്കാറ്റ് പോലെയാണ് ആഞ്ഞടിച്ചതെന്ന് പ്രധാനമന്ത്രി. രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടാം തരംഗത്തിന്റെ ആഘാതത്തിൽ അനുഭവിക്കേണ്ടി വരുന്ന വേദനയും ബുദ്ധിമുട്ടുകളും ഞാൻ മനസ്സിലാക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ ഞാൻ അനുശോചനം അറിയിക്കുന്നു.

കൊറോണയ്‌ക്കെതിരെ രാജ്യം വൻപോരാട്ടമാണ് നടത്തുന്നത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് സ്ഥിതിഗതികൾ സാധാരണനിലയിലായപ്പോഴാണ് കൊറോണയുടെ രണ്ടാം തരംഗത്തിന്റെ വരവ്. രാജ്യത്തിന്റെ പലഭാഗങ്ങളിലും ഓക്‌സിജന്റെ ആവശ്യം വർദ്ധിച്ചുവരികയാണ്. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും, സ്വകാര്യ മേഖലയും ആവശ്യക്കാർക്കെല്ലാം ഓക്‌സിജൻ ലഭ്യമാക്കാൻ പരിശ്രമിക്കുകയാണ്. ഇതിനായി അനവധി നടപടികൾ സ്വീകരിച്ചുവരുന്നു.

വെല്ലുവിളി വലുതാണെങ്കിലും നമ്മുടെ ഇച്ഛാശക്തിയോടെയും തന്റേടത്തോടെയും തയ്യാറെടുപ്പോടെയും അതിനെ അതിജീവിക്കണം, പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ നടപ്പാക്കില്ല. ലോക് ഡൗൺ അവസാനത്തെ അടവാകണമെന്ന് സംസ്ഥാനങ്ങൾക്ക് പ്രധാനമന്ത്രി നിർദ്ദേശം നൽകി. മൈക്രോ കണ്ടെയ്ന്മെന്റ് സോണുകൾ ഉചിതമാർഗ്ഗമെന്നും മോദി പറഞ്ഞു. കുടിയേറ്റ തൊഴിലാളികൾ എവിടെയാണോ ഉള്ളത്, അവിടെത്തന്നെ തുടരാൻ സംസ്ഥാനങ്ങൾ നടപടിയെടുക്കണം. എവിടെയാണോ തൊഴിലാളികൾ ഉള്ളത്, അതേ നഗരത്തിൽത്തന്നെ വാക്സിൻ നൽകണമെന്നും അദ്ദേഹം പറഞ്ഞു.

മരുന്നുത്പാദനം ഏറ്റവും കൂടിയ തോതിലാണ് നടക്കുന്നത്. 12 കോടിക്ക് പുറത്ത് ഡോസ് വാക്സിൻ ഇതുവരെ നൽകി കഴിഞ്ഞു. മെയ് 1മുതൽ 18വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകും. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന വാക്‌സിന്റെ പകുതി ഇന്ത്യയിൽ തന്നെ വിതരണം ചെയ്യും. ആശുപത്രികളിലെ കിടക്കകളുടെ എണ്ണം വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. ചില നഗരങ്ങളിൽ, വലിയ കോവിഡ് 19 ആശുപത്രികൾ നിർമ്മിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. കോവിഡിന് ലോകത്ത് ഏറ്റവും വില കുറവായ മരുന്നുകൾ ഇന്ന് ഭാരതത്തിലാണ്.

വാക്‌സീൻ സുഗമമായി എല്ലാവർക്കും ലഭ്യമാക്കാനാണ് പതിനെട്ടു വയസ്സിനു മേൽ പ്രായമുള്ള എല്ലാവർക്കും മെയ്‌ മുതൽ വാക്‌സീൻ നൽകാൻ സർക്കാർ നടപടി സ്വീകരിച്ചത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുൾപ്പെടെ മുൻപത്തേതു പോലെ തന്നെ വാക്‌സീൻ സൗജന്യമായി നൽകാൻ നടപടിയുണ്ടാകും. ഉത്പാദിപ്പിക്കുന്നതിന്റെ പകുതി വാക്‌സീൻ സംസ്ഥാനങ്ങൾക്ക് ലഭ്യമാക്കുന്നതോടെ കൂടുതൽ പേർക്ക് വേഗത്തിൽ വാക്‌സീൻ നൽകാനാകും.

യുവാക്കൾക്ക് കൂടി വാക്‌സീൻ ലഭിക്കുന്നതോടെ തൊഴിൽമേഖലയ്ക്കും അത് സഹായകമാകും. മുൻപ് രോഗത്തിനെതിരായ പ്രവർത്തനങ്ങൾക്ക് വേണ്ട അടിസ്ഥാനസൗകര്യങ്ങൾ രാജ്യത്ത് എല്ലായിടത്തും ഒരുപോലെയുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് അത് മാറി. കോവിഡ് പ്രതിരോധത്തിൽ ജനപങ്കാളിത്തതോടെ നമുക്ക് ഏറെ മുന്നേറാനാകും. മരുന്നെത്തിക്കാനും ആഹാരമെത്തിക്കാനും സർക്കാരിനൊപ്പം അണിചേരുന്ന സന്നദ്ധ സംഘടനകൾക്കും കൂട്ടായമ്കൾക്കും നന്ദി രേഖപ്പെടുത്തുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

രോഗികളുടെ എണ്ണം കുത്തനെ വർധിച്ചതോടെ പല സംസ്ഥാനങ്ങളിലും ലോക്ഡൗൺ ഏർപ്പെടുത്തി.ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ ഓക്‌സിജൻ ക്ഷാമവും രൂക്ഷമാണ്. വാക്‌സീൻ വിതരണത്തിൽ പാളിച്ച സംഭവിച്ചുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യയിലാണ്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.