ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ നീട്ടി ഡൽഹി സർക്കാർ. ഒരാഴ്ചത്തേക്ക് കൂടിയാണ് ലോക്ക്ഡൗൺ നീട്ടിയത്. ഈ സാഹചര്യത്തിൽ മെയ് 17വരെ കടുത്ത നിയന്ത്രണങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി കെജരിവാൾ പറഞ്ഞു.

ലോക്ക്ഡൗൺ കാലയളവിൽ മെട്രോ ട്രെയിനുകൾ സർവീസ് നടത്തില്ല. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കുറവുണ്ടായെന്നു മുഖ്യമന്ത്രി പറഞ്ഞു. 35 ശതമാനമെന്നത് 23 ശതമാനമായി കുറഞ്ഞെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ നീട്ടി ഉത്തർപ്രദേശ് സർക്കാർ. മെയ് 17 വരെയാണ് നിയന്ത്രണം നീട്ടിയത്. നേരത്തെ മെയ് 10 വരെയാണ് ലോക്ക്ഡൗൺ ഏർപ്പടുത്തിയിരുന്നത്.

കൊറോണ വൈറസ് കേസുകൾ കുത്തനെ ഉയരുന്നത് തടയാൻ രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് ഏപ്രിൽ 27 ന് അലഹബാദ് ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നായിരുന്നു യോഗി ആദിത്യനാഥ് സർക്കാർ സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.

ഉത്തർപ്രദേശിൽ ഇന്നലെ 26,847 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 298 പേർ മരിച്ചു. 34,721 പേർ രോഗമുക്തരായി. നിലവിൽ 2,45,736 പേരാണ് ചികിത്സയിലുള്ളത്.