പെരിന്തൽമണ്ണ: സ്ഥിരമായി ഉപയോഗിക്കുന്ന ഫെയ്‌സ് ക്രീം തേടി ട്രിപ്പിൾ ലോക്ഡൗൺ സമയത്ത് 10 കിലോമീറ്ററോളം യാത്ര ചെയ്ത യുവാവ് പൊലീസിന്റെ പരിശോധനയിൽ കുടുങ്ങി. യുവാവിന്റെ വാഹനത്തിന് കുന്നപ്പള്ളിയിൽനിന്നാണ് പൊലീസ് കൈ കാണിച്ചത്. എന്നാൽ യുവാവ് വാഹനം നിർത്താതെ ഓടിച്ചുപോയി.

വാഹനത്തിന്റെ നമ്പർ മനസ്സിലാക്കി പിന്തുടർന്ന് പിടികൂടിയപ്പോഴാണ് യാത്രാലക്ഷ്യം കേട്ട് പൊലീസ് ഞെട്ടിയത്. പെരിന്തൽമണ്ണ ഭാഗത്തെ തുറന്ന കടകളിലൊന്നും താൻ ഉപയോഗിക്കുന്ന ക്രീം ഇല്ലെന്നും അതിനാലാണ് പട്ടാമ്പി റോഡിലെ ഓരോ കടകളിലായി അന്വേഷിച്ച് ചെറുകര വരെ എത്തിയതെന്ന് യുവാവ് പറഞ്ഞു.

എന്നിട്ടും കിട്ടിയില്ല. മടങ്ങിവരുമ്പോഴാണ് പൊലീസ് കൈകാണിച്ചതും പിടികൂടിയതും. ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാവിനെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു.