തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കാൻ സംസ്ഥാനത്ത് നടപ്പാക്കിയ സമ്പൂർണ ലോക്ഡൗൺ നാലാം ദിവസത്തിലേക്ക്. കർശന നിയന്ത്രണങ്ങളോടെയാണ് ലോക്ക്ഡൗൺ തുടരുന്നത്. അവശ്യസാധനങ്ങൾ വാങ്ങുന്നതിനടക്കം അനുമതി ഉണ്ടെങ്കിലും അനുമതി ദുരുപയോഗം ചെയ്ത് അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

ഇന്നലെ സംസ്ഥാനത്തൊട്ടാകെ 2779 പേർക്കെതിരെ ലോക്ഡൗൺ നിയമലംഘനത്തിന് കേസെടുത്തു. നിയന്ത്രണങ്ങൾ ലംഘിച്ചവരിൽ നിന്ന് ഒരുദിവസം മാത്രം 34.62 ലക്ഷം രൂപ പിഴയാണ് ഈടാക്കിയത്. 1385 പേരെ അറസ്റ്റ് ചെയ്തു. 729 വാഹനങ്ങളാണ് പിടിച്ചെടുത്തത്. മാസ്‌ക് ധരിക്കാത്ത 9938 പേർക്കെതിരെയും നടപടി സ്വീകരിച്ചു. ക്വാറന്റീൻ ലംഘിച്ചതിന് 18 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

അവശ്യസർവിസ് വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്ക് സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡ് കാണിച്ച് യാത്രചെയ്യാം. വീട്ടുജോലിക്കാർ, ഹോംനഴ്‌സുമാർ, തൊഴിലാളികൾ തുടങ്ങി ഐ ഡി കാർഡ് ഇല്ലാത്തവർ ദിവസേന യാത്രചെയ്യാൻ പാസ് വാങ്ങണം. അപേക്ഷിച്ചാൽ മുൻഗണനാ അടിസ്ഥാനത്തിൽ പാസ് നൽകും. മരുന്ന്, ഭക്ഷണം, പാൽ, പച്ചക്കറികൾ എന്നിവ തൊട്ടടുത്തുള്ള കടകളിൽ നിന്ന് വാങ്ങണമെന്നാണ് നിർദ്ദേശം. സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ കാരണം എഴുതിയ സത്യവാങ്മൂലം കൈയിൽ കരുതണം.