തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരായി ബന്ധുവായ കെ.ടി.അദീബിനെ മന്ത്രി കെ.ടി.ജലീൽ നിയമിച്ചത് നിയമവിരുദ്ധമാണെന്നും, മന്ത്രിസ്ഥാനത്ത് തുടരാൻ ജലീൽ യോഗ്യനല്ലെന്നും ലോകായുക്ത. ലോകായുക്ത ആക്ട് 12(3) അനുസരിച്ചുള്ള റിപ്പോർട്ട് തുടർ നടപടികൾക്കായി മുഖ്യമന്ത്രിക്കു കൈമാറുമെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപ ലോകായുക്ത ഹരുൺ അൽ റഷീദ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.

സ്വജനപക്ഷപാതം കാണിച്ച ജലീൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും വിധിയിൽ പറയുന്നു. ബന്ധുനിയമനത്തിൽ ജലീലിന്റേത് അധികാര ദുർവിനിയോഗമാണെന്ന് ലോകായുക്ത നിരീക്ഷിച്ചു. ബന്ധുവായ അദീബിനെ ന്യൂനപക്ഷ കോർപ്പറേഷൻ ജനറൽ മാനേജർ ആക്കിയത് ചട്ടം ലംഘിച്ചാണെന്നും വിധിയിൽ പറയുന്നു.

ന്യൂനപക്ഷ വികസന കോർപറേഷനിൽ ജലീലിന്റെ അടുത്ത ബന്ധുവായ കെ.ടി.അദീബിനെ നിയമിച്ചു എന്നാണ് പരാതി. വിവാദത്തെ തുടർന്ന് അദീബ് രാജിവച്ചിരുന്നു. സൗത്ത് ഇന്ത്യൻ ബാങ്കിലെ മാനേജർ പദവിയിലിരിക്കുമ്പോഴാണ് അദീബിനെ ഡെപ്യൂട്ടേഷനിൽ ന്യൂനപക്ഷ വികസന കോർപറേഷനിൽ മാനേജരായി നിയമിച്ചത്.

അദീബിന്റെ നിയമനവുമായി ബന്ധപ്പെട്ട് ജലീലിനെ മന്ത്രിസ്ഥാനത്തുനിന്നും നീക്കി അന്വേഷണം നടത്തണമെന്നാണ് ഹർജിയിലെ ആവശ്യം. യൂത്ത് ലീഗ് നേതാവ് വി.കെ.മുഹമ്മദ് ഷാഫിയാണ് പരാതിക്കാരൻ. സംസ്ഥാന സർക്കാർ, മന്ത്രി ജലീൽ, എ.പി.അബ്ദുൽ വഹാബ്, എ.അക്‌ബർ, കെ.ടി.അദീബ് എന്നിവരാണ് എതിർകക്ഷികൾ.

കഴിഞ്ഞ ഒക്ടോബർ എട്ടാം തിയതിയാണ് കൃത്യമായ യോഗ്യതയില്ലാത്ത ബന്ധുവായ കെ ടി അദീബിനെ സംസ്ഥാന ന്യൂന പക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ ജനറൽ മാനേജരായി നിയമിച്ച് മന്ത്രി കെ ടി ജലീലിന്റെ ഓഫീസ് ഉത്തരവിറക്കിയത്. സംഭവം വിവാദമായതോടെ രാജി വെച്ച അദീബ് കോഴിക്കോട് സൗത്ത് ഇന്ത്യൻ ബാങ്ക് റീജിയണൽ ഓഫീസിലെ സീനിയർ മാനേജർ തസ്തികയിലേക്ക് മടങ്ങി.

വിവാദമുണ്ടായ സാഹചര്യത്തിൽ പദവിയിൽ തുടരണമോയെന്ന കാര്യം തീരുമാനിക്കേണ്ടത് കെ.ടി.അദീബാണെന്ന് മന്ത്രി കെ.ടി.ജലീൽ വ്യക്തമാക്കിയിരുന്നു. കഞ്ഞികുടിക്കാൻ വകയില്ലാത്ത ആളല്ല അദീബ്. ഡെപ്യൂട്ടേഷൻ ഉപേക്ഷിച്ചാലും അദീപിന് ഇതിനെക്കാൾ ഉയർന്ന ശമ്പളുമുള്ള ജോലിയുണ്ടെന്നും ജലീൽ പറഞ്ഞിരുന്നു.

മുസ്ലിം ലീഗും യൂത്ത് ലീഗും വിവാദത്തിൽ പ്രതിഷേധം കടുപ്പിച്ചതോടെ പാണക്കാട് തങ്ങളോ പി.കെ. കുഞ്ഞാലിക്കുട്ടിയോ വന്നാൽ ബന്ധുനിയമന വിവാദത്തിൽ സംവാദം പരിഗണിക്കാമെന്നായിരുന്നു ജലീലിന്റെ വിശദീകരണം. തന്റെ ബന്ധു അദീബിന്റെ യോഗ്യതയിൽ സംശയമുള്ളവർക്ക് ന്യൂനപക്ഷ വികസന കോർപ്പറേഷൻ എംഡിയോട് ചോദിക്കാമെന്നും മന്ത്രി പറഞ്ഞിരുന്നു. അതിനിടെ കെ.ടി അദീബ് ഉൾപ്പെട്ട ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിലെ നിയമനങ്ങൾക്ക് പത്രപരസ്യം നൽകാത്തത്, കോർപറേഷന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണെന്ന മന്ത്രി കെ.ടി. ജലീലിന്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകളും പുറത്തുവന്നിരുന്നു

സാമ്പത്തിക പ്രതിസന്ധിക്കാലത്ത് സാധാരണ തസ്തികകൾ വെട്ടിക്കുറയ്ക്കാറാണ് പതിവെങ്കിൽ, അദീബ് ഉൾപ്പടെ 22 പേരെ കുത്തിനിറച്ചുള്ള നിയമനം കോർപ്പറേഷനിൽ നടന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളാണ് ഇടക്കാലത്ത് പുറത്തുവന്നത്. ബോർഡിന് സാമ്പത്തിക പ്രതിസന്ധിയില്ലെന്നാണ് ചെയർമാനും പ്രതികരിച്ചത്. വിവാദങ്ങൾ തുടരെ പ്രതിസന്ധികൾ സൃഷ്ടിക്കുന്നതിനിടെയാണ് അദീബ് രാജിക്കത്ത് നൽകിയത്.