തിരുവനന്തപുരം: ലോകായുക്തയുടെ വിധി നടപ്പാക്കുന്ന കാര്യത്തിൽ സർക്കാരിന് തീരുമാനമെടുക്കാമെന്ന ഓർഡിനൻസിന് അംഗീകാരം ലഭിക്കാനായി ഗവർണറുടെ മേൽ സർക്കാർ സമ്മർദം. ഇതിനായി നിയമമന്ത്രി പി. രാജീവ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കഴിഞ്ഞ ദിവസം സന്ദർശിച്ചു. എന്നാൽ ഉടനടി അംഗീകാരം നൽകേണ്ടെന്ന നിലപാടിലാണ് ഗവർണർ.

ഓർഡിനൻസ് കാര്യമായ ചർച്ചയില്ലാതെയാണ് കഴിഞ്ഞ മന്ത്രിസഭായോഗം അംഗീകരിച്ചത്. നിർണ്ണായക നിയമഭേദഗതി എൽഡിഎഫിലും ചർച്ച ചെയ്തില്ല. കെടി ജലീലിന്റെ രാജി മുതൽ ലോകായുക്ത നിയമത്തിലെ സെക്ഷൻ 14 ഭേദഗതി ചെയ്യാൻ സർക്കാർ നീക്കം തുടങ്ങിയിരുന്നു. ഓർഡിനൻസിൽ ഒപ്പിടരുതെന്നാവശ്യപ്പെട്ട് യുഡിഎഫ് നേതാക്കൾ നാളെ ഗവർണറെ കാണും. എന്നാൽ ഒരു തവണയിൽ കൂടുതൽ ഒപ്പിടുന്നത് നിരസിക്കാൻ ഗവർണ്ണർക്ക് കഴിയില്ല. ഒരിക്കൽ മടങ്ങിയ ഫയൽ മ്ന്ത്രിസഭ വീണ്ടും അയച്ചാൽ ഒപ്പിടാൻ ഗവർണ്ണർ നിർബന്ധതമാകും.

ലോകായുക്ത നിയമമത്തിലെ സെക്ഷൻ 14 പ്രകാരം രണ്ട് മന്ത്രിമാർക്കാണ് രാജിവെക്കേണ്ടിവന്നത്. കെകെ രാമചന്ദ്രനും പിന്നെ കെടി ജലീലിനും. പൊതുപ്രവർത്തകരുടെ അഴിമതിക്കേസ് തെളിഞ്ഞാൽ പദവിയിൽ നിന്നും മാറ്റണണെന്ന സെക്ഷൻ 14 പൊതുപ്രവർത്തകരുടെ പേടി സ്വപ്നമാണ്. അപ്പീൽ സാധ്യത പോലും വിരളമായ വകുപ്പ് ഭേദഗതിക്കുള്ള നീക്കം സർക്കാർ തുടങ്ങിയത് തന്നെ ജലീലിന്റെ രാജിക്ക് പിന്നാലെയാണ്. മുഖ്യമന്ത്രിക്കും ആർ ബിന്ദുവിനുമെതിരെ ലോകായുക്തയിലുള്ള പരാതികളും ഈ വകുപ്പുകൾ പ്രകാരമായതുകൊണ്ട് തന്നെ നിയമഭേദഗതി നീക്കം അതിവേഗത്തിലായിരുന്നു.

മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തിയെങ്കിലും ഓൺലൻ വഴിയാണ് യോഗമെന്നതിനാൽ കാര്യമായ ചർച്ചയുണ്ടായില്ലെന്നാണ് സൂചന. നിർണായക ഭേദഗതി ഇടതുമുന്നണിയിലും ചർച്ച ചെയ്തില്ല. അപ്പീൽ സാധ്യത ഇല്ലാത്തതാണ് പ്രശ്‌നമെങ്കിൽ മുഖ്യമന്ത്രി എങ്ങനെ അപ്പലേറ്റ് അഥോറിറ്റിയാകുമെന്നതാണ് ഭേദഗതിയെ വിമർശിക്കുന്നവരുടെ ചോദ്യം. ജുഡീഷ്യൽ നടപടികളിലൂടെ വരുന്ന ഉത്തരവ് മുഖ്യമന്ത്രിക്ക് തള്ളിക്കളയാൻ അധികാരം കിട്ടുമ്പോൾ ഫലത്തിൽ ലോകായുക്തയുടെ അന്തസത്ത തന്നെ ഇല്ലാതാകുന്നു.

നിലവിലെ ലോകായുക്ത സെക്ഷൻ 12-3 പ്രകാരം ഉള്ള നിർദ്ദേശം സർക്കാറിന് പരിശോധിക്കാമെന്ന വ്യവസ്ഥയുണ്ട്. പക്ഷെ ഇത് പ്രകാരമുള്ള പരാതികളിൽ നടപടി എടുക്കാതെ സർക്കാർ വൈകിപ്പിച്ചതാണ് ചരിത്രം. കേരള യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് ഗ്രേഡ് വിവാദകേസ് തന്നെ ഇതിന്റെ ഉദാഹരണമാണ്. പുതിയ ഭേദഗതിയിലൂടെ അധികാരം സർക്കാരിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നുവെന്നും ഇത് ലോകായുക്ത സംവിധാനത്തെത്തന്നെ ദുർബലപ്പെടുത്തുമെന്നുമാണ് വിമർശനം.

കുറ്റം തെളിഞ്ഞാൽ ആരോപിതനായ പൊതുപ്രവർത്തകൻ സ്ഥാനത്തിരിക്കാൻ അയോഗ്യനാണെന്ന വിധി നടപ്പാക്കേണ്ടിവരുന്നത് ലോകായുക്തയുടെ തീരുമാനം അന്തിമവാക്കായി മാറുന്നതിന് തുല്യമാണെന്നും അത് ഭരണഘടനാ വിരുദ്ധമാണെന്നുമാണ് സർക്കാരിന്റെ നിലപാട്. ഹൈക്കോടതിയുടെ അധികാരത്തെ ബാധിക്കുന്ന തരത്തിലുള്ള നിയമനിർമ്മാണങ്ങൾക്ക് രാഷ്ട്രപതിയുടെ അംഗീകാരം വേണമെന്നതിനാൽ 1999-ൽ ലോകായുക്ത നിലവിൽവന്ന നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം സംസ്ഥാനം വാങ്ങിയിരുന്നു. നായനാരുടെ സർക്കാരായിരുന്നു അന്ന് അധികാരത്തിൽ.

പൊതുപ്രവർത്തകരുടെ അഴിമതി ലോകായുക്തയിൽ തെളിഞ്ഞാൽ അവർക്ക് ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യതയില്ലെന്ന് ലോകായുക്തയ്ക്ക് പ്രഖ്യാക്കാം. ഇതനുസരിച്ച് അവർ സ്ഥാനത്തുനിന്ന് മാറിയ ശേഷമേ അപ്പീൽ അധികാരിയായ ഹൈക്കോടതിയെ സമീപിക്കാൻ കഴിയൂ. ലോകായുക്തയുടെ ഇത്തരം വിധി മൂന്ന് മാസത്തിനകം ബന്ധപ്പെട്ട അധികാരി (ഗവർണർ/മുഖ്യമന്ത്രി/സർക്കാർ ) ഹിയറിങ് നടത്തി തീർപ്പാക്കണമെന്നാണ് പുതിയ ഭേദഗതി നിർദ്ദേശിക്കുന്നത്. സ്വാഭാവികമായും ഹൈക്കോടതിയുടെ അധികാരത്തെകൂടി ബാധിക്കുന്ന ഭേദഗതിയായതിനാൽ രാഷ്ട്രപതിയുടെ അംഗീകാരം ഓർഡിനൻസിനും ആവശ്യമായിവരുമെന്നാണ് വാദം.

എന്നാൽ സർക്കാർ ഗവർണർക്ക് നൽകിയ കുറിപ്പിൽ സംസ്ഥാന വിഷയമായതിനാൽ തീരുമാനം ഇവിടെ തന്നെ എടുക്കാമെന്നും ഗവർണർക്കുതന്നെ അംഗീകാരം നൽകാമെന്നും ചൂണ്ടികാട്ടുന്നു. മൂല നിയമത്തിന് പിന്നീട് വന്ന ഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം വാങ്ങിയിരുന്നുമില്ല. എന്നാൽ ആ ഭേദഗതി ജനപ്രതിനിധികളുടെ സ്വത്ത് വിവരം സമർപ്പിക്കുന്നതിനുള്ള കാലാവധി ദീർഘിപ്പിക്കുന്നതിനുള്ളതായിരുന്നു. ഹൈക്കോടതിയുടെ അധികാരവുമായി ബന്ധപ്പെട്ട കാര്യമല്ലാത്തതിനാൽ രാഷ്ട്രപതിയുടെ അംഗീകാരത്തിന്റെ ആവശ്യമുണ്ടായിരുന്നുമില്ല. അതുകൊണ്ട് തന്നെ പുതിയ ഓർഡിനൻസിൽ ഗവർണ്ണർക്ക് കിട്ടുന്ന നിയമോപദേശം നിർണ്ണായകമാകും.

ഗവർണ്ണർ ഓർഡിനൻസിൽ ഒപ്പു വച്ചില്ലെങ്കിൽ അത് രാഷ്ട്രപതിയുടെ അനുമതിക്ക് സമർപ്പിക്കേണ്ടി വരും. ഈ സാഹചര്യത്തിൽ നിയമ മാറ്റം വൈകുകയും ചെയ്യും. ഇത് ലോകായുക്തയുടെ പരിഗണനയിലെ കേസുകളിൽ അതിവേഗ വിധി വ്ന്നാൽ സർക്കാരിന് തലവേദനയുമാകും.