ലണ്ടൻ: ബ്രിട്ടീഷ് മണ്ണിൽ മറ്റൊരു മലയാളി വിജയം കൂടി. ഏറെക്കാലത്തെ പരിശ്രമത്തിലൂടെ മഹാരഷ്ട്ര സർക്കാർ സ്വന്തമാക്കിയ ലണ്ടനിലെ അംബേദ്ക്കർ ഹൗസ് കുരുട്ടു ബുദ്ധിയിലൂടെ കൈക്കലാക്കാൻ ഉള്ള ലണ്ടനിലെ പ്രാദേശിക കാംഡെൻ കൗൺസിൽ നടത്തിയ നീക്കമാണ് മലയാളി അഭിഭാഷകൻ ജനീവൻ ജോണിന്റെ ഇടപെടലിലൂടെ തകർന്നിരിക്കുന്നത്. ഇന്ത്യൻ ഭരണഘടനാ ശില്പി അംബേദ്ക്കർ ഏറെക്കാലം കഴിഞ്ഞ വീട് അനേകനാളായി ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ചർച്ചകൾക്കൊടുവിലാണ് മ്യുസിയമാക്കി മാറ്റാൻ തീരുമാനമായത്. ഇതിനായി മഹാരാഷ്ട്ര മുഖ്യമന്ത്രി ആയിരുന്ന ദേവേന്ദ്ര ഫട്‌നവിസ് നടത്തിയ ശ്രമങ്ങളും ഏറെ വലുതാണ്.

ഒടുവിൽ അംബേദ്ക്കർ ഹൗസ് വെറുമൊരു കെട്ടിടം മാത്രമല്ല ഇന്ത്യയുടെ വൈകാരിക പ്രതീകം കൂടിയാണ് എന്ന തിരിച്ചറിവിൽ അഞ്ചു വര്ഷം മുൻപ് ബ്രിട്ടീഷ് സർക്കാർ എടുത്ത നിലപാടാണ് ചരിത്രമുറങ്ങുന്ന അംബേദ്ക്കർ ഭവനം മ്യുസിയമായി മാറുന്നത്. ലണ്ടൻ നഗര ഹൃദയത്തിലെ പ്രധാന ആകർഷണ കേന്ദ്രം കൂടിയാണ് മ്യുസിയം സ്ഥിതി ചെയ്യുന്ന പ്രൈം റോസ് ഹിൽ പരിസരം.

എന്നാൽ സെലിബ്രിറ്റികളായ ജെയിംസ് ബോണ്ട് താരം ഡാനിയേൽ ക്രൈഗ്, സൂപ്പർ മോഡൽ കെയ്റ്റ് മോസ് എന്നിവരുടെയൊക്കെ വാസകേന്ദ്രം കൂടിയായ ഇവിടെ അമ്ബദ്ക്കർ ഭവനം ഇടിച്ചു പൊളിച്ചു ഫ്‌ളാറ്റ് പണിതു വിൽക്കാമെന്നാണ് പണമോഹികളായ പ്രാദേശിക കൗൺസിൽ തീരുമാനിച്ചത്. ഇതിനായി മ്യുസിയം ആക്കുമ്പോൾ ടൗൺ പ്ലാനിങ് പെർമിഷൻ നേടിയിരുന്നില്ല എന്ന ന്യായം പറഞ്ഞു കെട്ടിടം ഏറ്റെടുക്കാൻ കൗൺസിൽ നീക്കം നടത്തുക ആയിരുന്നു. എന്നാൽ അഞ്ചു വര്ഷം മുൻപ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടൻ സന്ദർശിച്ചപ്പോൾ ഇന്ത്യക്കുള്ള ഉപഹാരം എന്ന നിലയിൽ കൂടിയാണ് ബ്രിട്ടീഷ് സർക്കാരിന്റെ കൂടി പങ്കാളിത്തത്തോടെ അംബേദ്ക്കർ ഭവനം മ്യുസിയമായി പൊതുജനത്തിന് തുറന്നു നൽകിയത് . ഇക്കാര്യം ഇന്ത്യൻ മാധ്യമങ്ങൾ വലിയ വാർത്തയായി ആഘോഷമാക്കുകയും ചെയ്തിരുന്നു .

പൈതൃകം സംരക്ഷിക്കാൻ ഇന്ത്യ

മഹാരാഷ്ട്ര സർക്കാർ താല്പര്യം കാട്ടിയതിലൂടെ ലേലനടപടികൾ വഴി 3.1 മില്യൺ പൗണ്ടിനാണ് ചരിത്ര പ്രാധാന്യമുള്ള ഈ വീട് ഒടുവിൽ ഇന്ത്യക്കു ലഭ്യമാകുന്നത്. മോദിയുടെ വരവുമായി ബന്ധപ്പെട്ടാണ് തിരക്കിട്ടു അംബേദ്ക്കർ ഭവനം മ്യുസിയമാക്കി ഇന്ത്യൻ ഹൈ കമ്മീഷൻ മാറ്റിയത്. തുടർന്ന് ഇതിനുള്ള അപേക്ഷ കൗൺസിലിൽ നൽകിയത് നിരാകരിക്കപ്പെടുക ആയിരുന്നു. പുതുക്കി നൽകിയ അപേക്ഷയും നിരസിക്കപ്പെട്ടു. ഇതോടെയാണ് നിയമ തർക്കങ്ങളിലേക്കു വിഷയം നീങ്ങുന്നത് . ഇക്കാര്യത്തിൽ വിജയം ഇന്ത്യയുടെ അഭിമാന വിഷയം കൂടിയയായതിനാൽ ഏറ്റവും ശക്തമായ വിധത്തിൽ തന്നെ നിയമ പോരാട്ടം നടത്തേണ്ടിയിരുന്നതിനാൽ ഏറെ സംഘർഷത്തോടെയാണ് കേസ് കൈകാര്യം ചെയ്തതെന്ന് അഭിഭാഷക സംഘത്തിന് നെത്ര്വതം നൽകിയ ജനീവൻ ജോണ് മറുനാടൻ മലയാളിയോട് വ്യക്തമാക്കി. കേസിൽ ആയാസരഹിതമായ വിജയം കണ്ടെത്താനായത് നിയമ പോരാട്ട വഴികളിൽ എന്നും തിളക്കത്തോടെ ഓർത്തിരിക്കാനും കാരണമായി മാറുമെന്നും അദ്ദേഹം വക്തമാക്കുന്നു.

മ്യുസിയം ഏറ്റെടുക്കാൻ കൗൺസിൽ നീക്കം നടത്തിയപ്പോൾ പ്രമുഖ ബിസിനസ് നിയമകാര്യ സ്ഥാപനമായ സിംഘാനിയ ആൻഡ് കമ്പനിയുടെ മലയാളിയായ അഭിഭാഷകൻ ജനീവൻ ജോൺ സമർപ്പിച്ച തടസ്സവാദങ്ങൾ ഒടുവിൽ കൗൺസിൽ അംഗീകരിച്ചിരിക്കുകയാണ് . ഇതോടെ അമ്ബദ്ക്കർ ഭവനം മ്യുസിയമായി തന്നെ ലണ്ടനിൽ സംരക്ഷിക്കപ്പെടും എന്നുറപ്പായിരിക്കുകയാണ് . അഞ്ചു വര്ഷം മുൻപ് ഈ വീട് ലേലത്തിന് എത്തിയപ്പോൾ എന്തുവില നൽകിയും സ്വന്തമാക്കും എന്ന ആവേശത്തോടെ മഹാരഷ്ട്ര സർക്കാർ ഇന്ത്യക്കു വേണ്ടി ലേലത്തിൽ പങ്കെടുക്കുക ആയിരുന്നു . പക്ഷെ കൈവിട്ടു പോയ മോഹവിലയുള്ള ഈ വീട് തിരിച്ചു പിടിക്കാൻ കൗൺസിൽ പറഞ്ഞ ന്യായം അംബേദ്ക്കർ വളരെ കുറച്ചു കാലമേ ഈ വീട്ടിൽ താമസിച്ചിട്ടുള്ളൂ എന്നും അദ്ദേഹത്തിന്റെ സംഭാവനകൾ ബ്രിട്ടീഷ് സമൂഹത്തിനു വേണ്ടത്ര ധാരണയില്ലെന്നും ഒക്കെയാണ് . മാത്രമല്ല , പ്രദേശത്തെ കടുത്ത താമസ സൗകര്യ അപര്യാപ്തതയും കൗൺസിൽ ചൂണ്ടിക്കാട്ടി .

നിയോഗം പോലെ മലയാളി അഭിഭാഷകൻ

കെട്ടിടം ഏറ്റെടുക്കാൻ ഉള്ള നടപടികളുമായി കൗൺസിൽ എത്തിയപ്പോൾ ഇന്ത്യക്കു വേണ്ടി വാദിക്കാൻ നിയുക്തമായതു നിയമകാര്യ സ്ഥാപനമായ സിംഗാനിയ ആയിരുന്നു . ഏതോ നിയോഗം എന്നത് പോലെ ഈ ചുമതല മൂവാറ്റുപുഴക്കാരൻ ജനീവന്റെ കൈകളിലുമായി . ബാംഗ്ലൂരിൽ നിന്നും നിയമം പഠിച്ചെത്തിയ ജനീവാൻ രാപ്പകൽ ഫയലുകൾ തപ്പി കൗൺസിലിനെ മ്യുസിയത്തിന്റെ പ്രാധന്യം ബോധ്യപ്പെടുത്താൻ നടത്തിയ ശ്രമങ്ങൾ ആണ് ഇപ്പോൾ കൂടുതൽ വ്യവഹാരങ്ങളിലേക്കു നീങ്ങാതെ ഏകപക്ഷീയ വിജയത്തിലേക്ക് നീങ്ങിയിരിക്കുന്നത് . ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യൻ റിപ്പബ്ലിക് ആഘോഷത്തിൽ പ്രധാന അതിഥി ആയി പങ്കെടുക്കാൻ ഉള്ള വാർത്തകൾ പുറത്തു വരുന്ന അതേസമയം തന്നെയാണ് കാംഡെൻ കൗൺസിലിന്റെ കീഴടങ്ങൽ എന്നതിന് രാഷ്ട്രീയ പ്രാധാന്യം കൂടി കൈവരുകയാണ് . ഇരു രാജ്യങ്ങൾക്കുമിടയിൽ ബന്ധം വഷളാകാൻ ഇതൊരു കാരണമാകരുത് എന്ന രാഷ്ട്രീയ സമ്മർദവും കൗൺസിലിനെ വീണ്ടു വിചാരത്തിൽ എത്തിച്ചിരിക്കാമെന്നു അനുമാനിക്കപ്പെടുന്നു . അടുത്തിടെ ലണ്ടനിലെ രണ്ടു പ്രധാന നിരത്തുകൾക്കു ഇന്ത്യൻ പേരുകൾ നൽകിയതും ഇതിനൊപ്പം കൂട്ടിവായിക്കപ്പെടേണ്ടതാണ് .

സംഭവം വിവാദമാകുന്ന ഘട്ടത്തിൽ യുകെ കമ്യുണിറ്റി മന്ത്രാലയവും കൗൺസിലുമായി ബന്ധപ്പെട്ടു എന്നാണ് വക്തമാകുന്നത് . ഇതോടെ മ്യുസിയത്തിന്മേൽ ഉള്ള അവകാശവാദം ഉപേക്ഷിക്കുന്നതായി കമ്മ്യുണിറ്റി സെക്രട്ടറി റോബർട്ട് ജെന്റിക്കിനെ കാംഡെൻ കൗൺസിൽ അറിയിക്കുക ആയിരുന്നു . ഇതിന്റെ പകർപ്പുകൾ സിംഘാനിയക്കും ലഭിച്ചിട്ടുണ്ട് . ഇന്ത്യൻ ഹൈ കമ്മീഷനെ പ്രതിനിധീകരിച്ചു സിംഗനിയയിലെ അഭിഭാഷക സംഘം നടത്തിയ അപ്പീൽ നടപടികൾ കൗൺസിൽ ചില പ്രത്യേക ഉപാധികളോടെ പൂർണമായും അംഗീകരിച്ചിരിക്കുകയാണ് . ഇതോടെ ഒരു വർഷത്തോളം നീണ്ട തർക്കമാണ് പരിഹരിക്കപ്പെട്ടിരിക്കുന്നത് . സിംഘാനിയ നടത്തിയ വാദമുഖങ്ങൾ പ്ലാനിങ് ഇൻസ്‌പെക്റ്ററേറ് വിഭാഗം അംഗീകരിച്ചതോടെ കമ്മ്യുണിറ്റി സെക്രട്ടറി റോബർട്ട് ജെന്റിക്ക് മ്യുസിയം നടപടികളുമായി മുന്നോട്ടു പോകാൻ പച്ചക്കൊടി കാട്ടുക ആയിരുന്നു . ഇൻസ്‌പെക്റ്ററേറ്റ് വിഭാഗത്തിന്റെ തീരുമാനത്തിൽ തങ്ങൾ അസംപ്തൃപ്തർ ആണെങ്കിലും ഇന്ത്യയുടെ പ്രത്യേക താല്പര്യങ്ങൾ കൂടി പരിഗണിച്ചു അപ്പീലിൽ ഉണ്ടായ തീരുമാനം അംഗീകരിക്കുക ആണെന്നാണ് കാംഡെൻ കൗൺസിൽ നടപടികളോട് പ്രതികരിച്ചിരിക്കുന്നത് .

ലണ്ടനിലെ ബസിൽഡനിലാണ് ജനീവൻ താമസിക്കുന്നത്. സോഷ്യൽ വർക്കാറായ മെറീനയാണ് ഭാര്യ . സ്‌കൂൾ വിദ്യാർത്ഥികളായ രണ്ടു കുട്ടികൾ കൂടി ചേർന്നതാണ് ഈ മലയാളി കുടുംബം. നിയമകാര്യ രംഗത്ത് യുകെ മലയാളികൾക്കിടയിൽ അനേകം പേർ പ്രവർത്തിക്കുന്നുണ്ടെങ്കിലും ആദ്യമായാണ് ബ്രിട്ടീഷ് മണ്ണിൽ മാതൃരാജ്യത്തിനു വേണ്ടി നിയമപോരാട്ടം നടത്താൻ ഒരു മലയാളി അഭിഭാഷകന് അവസരം ലഭിക്കുന്നത് എന്ന് കരുതപ്പെടുന്നു . ഇന്ത്യൻ , ബ്രിട്ടീഷ് നിയമകാര്യ രംഗങ്ങളിലെ വൈദഗ്ധ്യമാണ് ജനീവനെ വത്യസ്തനാക്കുന്നതും . കോവിഡ് കാലത്തും അനേകം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സൗജന്യ നിയമ സഹായം നൽകിയും ജനീവൻ ശ്രദ്ധ നേടിയിരുന്നു . യുകെ മലയാളികൾക്ക് ഏറെ പ്രയോജനം ലഭിക്കാവുന്ന ബിസിനസ് നിയമ രംഗത്ത് ( ബാങ്കുകളുമായുള്ള നിയമ നടപടികളും വൻതുക ഇന്ത്യയിൽ നിന്നും യുകെയിലേക്കു എത്തിക്കേണ്ടി വരുമ്പോൾ തേടേണ്ട നിയമ സംരക്ഷണവും അടക്കം ) പ്രത്യേക പ്രാവീണ്യം നേടിയ അഭിഭാഷകൻ കൂടിയാണ് ജനീവൻ.