ലണ്ടൻ: സമാനതകളില്ലാത്തെ പ്രതിസന്ധിയിലേക്കാണ് ലണ്ടൻ നഗരം നീങ്ങുന്നത്. നിലവിൽ 1 ലക്ഷത്തിൽ 1000 പേരിലധികം കോവിഡ് ബാധയുള്ളവരാണെന്നാണ് കണക്കുകൾ പുറത്തുവരുന്നത്. എന്നാൽ നഗരത്തിലെ ജനസംഖ്യയുടെ 1 ശതമാനം പേർക്കെങ്കിലും കോവിഡ് ബാധയുള്ളതായി സംശയിക്കാം എന്നാണ് മേയർ സാദിഖ് ഖാൻ പറയുന്നത്. അതായത്, ഒമ്പത് മില്ല്യൺ ജനങ്ങളുള്ള നഗരത്തിൽ ഓരോ 30 പേരിലും ഒരാൾക്ക് വീതം കോവിഡ് ബാധയുണ്ട് എന്ന് ചുരുക്കം. ഇന്നലെ ചരിത്രത്തിലെ ഏറ്റവും കൂടിയ പ്രതിദിന മരണസംഖ്യ കൂടി രേഖപ്പെടുത്തിയതോടെ കോവിഡിന്റെ രണ്ടാം വരവും അതിന്റെ കൂരമുഖം വെളിപ്പെടുത്തിക്കഴിഞ്ഞു.

കടുത്ത രോഗവ്യാപനമുള്ള ചില ബറോകളിൽ 20 പേരിൽ ഒരാൾക്ക് വീതം രോഗവ്യാപനം ഉണ്ടെന്നും സംശയിക്കുന്നു. ജനുവരി ആദ്യവാരത്തിൽ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ 25 ശതമാനത്തിന്റെ വർദ്ധനയാണ് ഉണ്ടായിട്ടുള്ളത്. നിലവിൽ ലണ്ടൻ നഗരത്തിലെ വിവിധ അശുപത്രികളിലായി 7,000 ൽ അധികം കിടക്കകളിലാണ് കോവിഡ് രോഗികൾ ഉള്ളത്. ഇത് കഴിഞ്ഞ വരവിന്റെ മൂർദ്ധന്യ ഘട്ടത്തിലേതിനേക്കാൾ 35 ശതമാനം കൂടുതലാണ്.

ജീവന് തന്നെ ഭീഷണിയുയർത്തുന്ന മഹാമാരി അതിവേഗം പടർന്നു പിടിക്കുമ്പോഴും നിയന്ത്രണങ്ങൾ ലംഘിക്കുന്ന ഒരു ചെറിയ ന്യുനപക്ഷം ആളുകളെ കർശനമായി തന്നെ കൈകാര്യം ചെയ്യാൻ പൊലീസ് ഉറച്ചിരിക്കുകയാണ്. നിയമം തങ്ങൾക്ക് ബാധകമല്ലെന്ന് കരുതുന്ന ഇത്തരം സ്വാർത്ഥരാണ് വൈറസ് വ്യാപനത്തിന് കളമൊരുക്കുന്നതെന്ന് പൊലീസ് പറയുന്നു. അത്തരക്കാരോട് യാതോരുവിധ ദാക്ഷിണ്യവും കാണിക്കില്ലെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

അതിനിടെ ഇന്നലെ ബ്രിട്ടനിൽ 1,325 കോവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഈ മഹാമാരിക്കാലത്തെ ഏറ്റവുമുയർന്ന പ്രതിദിന മരണസംഖ്യയാണ്. എന്നാൽ, പ്രതീക്ഷയ്ക്ക് വഴിയൊരുക്കി ചെറിയൊരു വാർത്ത പുറത്തുവന്നു. ബ്രിട്ടനിലെ തന്നെ ഏറ്റവും വലിയ പരിശോധന പദ്ധതിയിൽ കോവിഡ് ബാധ സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നുണ്ടെന്നാണ് ഇതിൽ സൂചിപ്പിക്കുന്നത്. ക്രിസ്ത്മസ്സിനു മുൻപ് പ്രാബല്യത്തിൽ വരുത്തിയ ടയർ-4 നിയന്ത്രണങ്ങളിൽ കോവിഡിന്റെ മൂർദ്ധന്യഘട്ടം പ്രതീക്ഷിച്ചത്ര പ്രശ്നങ്ങൾ ഉണ്ടാക്കാതെ കടന്നു പോയിരിക്കാം എന്നാണ് ചിലർ പറയുന്നത്.

ആയിരക്കണക്കിന് ആളുകളിൽ സ്വാബ് പരിശോധന നടത്തി അതിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് തയ്യാറാക്കുന്ന ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പറയുന്നത് ഡിസംബർ 29 ന് ശേഷം രോഗവ്യാപനം കുറയുവാൻ തുടങ്ങിയിട്ടുണ്ട് എന്നാണ്. എന്നാൽ, ആശ്വാസമേകാത്ത വിധം രോഗവ്യാപനം ഉയർന്നു തന്നെയാണിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 477 മരണങ്ങളാണ് ലണ്ടനിലെ വിവിധ ആശുപത്രികളിലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഈ പശ്ചാത്തലത്തിൽ നഗരത്തിലെ പള്ളികൾ ഉൾപ്പടെയുള്ള ആരാധനാലയങ്ങൾ അടച്ചിടുവാൻ ലണ്ടൻ മേയർ ബോറിസ് ജോൺസനോട് ആവശ്യപ്പെട്ടു. അതുപോലെ വീടുകളിൽ നിന്നും പുറത്തിറങ്ങുന്നതിന് മാസ്‌ക് നിയമപരമായി നിർബന്ധമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതുപോലെ ജോലിക്ക് പോകുവാൻ കഴിയാത്തവർക്കും സെൽഫ് ഐസൊലേഷനിൽ ആയവർക്കും സാമ്പത്തിക സഹായം നൽകണമെന്നും മേയർ ആവശ്യപ്പെട്ടു.