ബെംഗളൂരു: കോവിഡ് ബാധിച്ച് മരിച്ച യുവതിയുടെ മൊബൈൽ ഫോൺ ആശുപത്രിയിൽ നിന്നും മോഷണം പോയ സംഭവത്തിൽ വികാരഭരിതമായി ഒൻപത് വയസ്സുകാരി മകളുടെ കുറിപ്പ്.സമൂഹമാധ്യമങ്ങളിലൂടെ മകൾ പങ്കുവെച്ച കുറിപ്പാണ് വായനക്കാരെ സങ്കടപ്പെടുത്തുന്നത്.അതെന്റെ അമ്മയുടെ ഓർമ്മകളാണ്.ദയവു ചെയ്ത് തിരിച്ചുതരിക എന്നാണ് ഹൃത്വിക്ഷയുടെ കുറിപ്പ്.മടിക്കേരി ടൗണിലെ കോവിഡ് ആശുപത്രിക്കെതിരെ ഹൃത്വിക്ഷ കുടക് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുമുണ്ട്.

അമ്മയുടെ ഫോണിൽ നിരവധി ഫോട്ടോകളുണ്ടെന്നും അതെല്ലാം പ്രിയപ്പെട്ട ഓർമകളാണെന്നും ഹൃത്വിക്ഷ സങ്കടത്തോടെ പറയുന്നു. 'അമ്മയും അച്ഛനും ഞാനും കോവിഡ് പോസിറ്റീവായിരുന്നു. മടിക്കേരിയിലെ കോവിഡ് ആശുപത്രിയിലാണ് അമ്മയെ പ്രവേശിപ്പിച്ചത്. അച്ഛനും ഞാനും വീട്ടിൽ ക്വാറന്റീനിലായിരുന്നു.

അച്ഛനു കൂലിപ്പണിക്കു പോകാൻ സാധിക്കാത്തതിനാൽ അയൽക്കാരാണ് ഈ ദിവസങ്ങളിൽ സഹായിച്ചത്.ആശുപത്രിയിൽ അമ്മ മരിച്ചതിനു പിന്നാലെ ഫോൺ കാണാതായി. എന്റെ അമ്മയുടെ ഓർമകളാണതിൽ. ആരെങ്കിലും എടുത്തിട്ടുണ്ടെങ്കിലോ കണ്ടാലോ ദയവായി തിരിച്ചുതരണം' നാലാം ക്ലാസുകാരിയായ ഹൃത്വിക്ഷ പറയുന്നു.

ആരെങ്കിലും എടുത്തിട്ടുണ്ടെങ്കിൽ ഫോൺ തിരിച്ചുതരണമെന്ന് ഭർത്താവും പറയുന്നു.'പ്രഭയുടെ മറ്റു സാധനങ്ങളെല്ലാം ആശുപത്രിയിൽ നിന്നു കിട്ടിയെങ്കിലും മൊബൈൽ കൂട്ടത്തിലുണ്ടായിരുന്നില്ല. ജില്ലാ ഭരണാധികാരികൾ, എംഎൽഎ, മാധ്യമങ്ങൾ, ആരോഗ്യ പ്രവർത്തകർ, ആരാണോ ചുമതലപ്പെട്ടവർ അവർ ഫോൺ കണ്ടുപിടിക്കാൻ സഹായിക്കണം.

എന്റെ മകളുടെ ഓൺലൈൻ ക്ലാസുകൾ, ഞങ്ങളുടെ നിരവധി ഫോട്ടോകൾ, ഫോൺ നമ്പരുകൾ എല്ലാം ആ മൊബൈലിലാണ്' ഹൃത്വിക്ഷയുടെ പിതാവ് പറഞ്ഞു.ഫോണിലേക്കു വിളിക്കുമ്പോൾ സ്വിച്ച്ഡ് ഓഫ് എന്നാണു കേൾക്കുന്നതെന്നു ഹൃത്വിക്ഷയുടെ അമ്മായി ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.

ഹൃത്വിക്ഷയുടെ വൈകാരിക അപേക്ഷ സമൂഹമാധ്യമങ്ങളിൽ തരംഗമായി. പൊലീസ് നടപടിയെടുക്കണമെന്നും എത്രയും പെട്ടെന്നു കുറ്റവാളിയെ കണ്ടെത്തി ഫോൺ തിരികെ ഏൽപ്പിക്കണമെന്നും സമൂഹമാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു. പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതായും ആശുപത്രിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കുടക് എസ്‌പി ക്ഷമ മിശ്ര വ്യക്തമാക്കി.

കുശൽനഗർ സ്വദേശിയായ ഹൃത്വിക്ഷയുടെ അമ്മ പ്രഭ മെയ്‌ 16നാണു മരിച്ചത്.