ന്യൂഡൽഹി: ലൗ ജിഹാദ് എന്നത് തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി സൃഷ്​ടിക്കുന്ന പ്രഹസന നാടകം മാത്രമെന്ന് നടിയും മഹിളാ കോൺഗ്രസ്​ ദേശീയ ജനറൽ സെക്രട്ടറിയുമായ നഗ്​മ. ലൗ ജിഹാദ് ഇല്ലാക്കഥയാണെന്നും തങ്ങളുടെ അവകാശവാദങ്ങൾ ശരിയാണെന്ന്​ സമർഥിക്കാനുള്ള വസ്​തുതകളും രേഖകളുമൊന്നും ബിജെപിയുടെ പക്കലി​ല്ലെന്നും താരം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ്​ നടക്കുന്ന സംസ്​ഥാനങ്ങളിലാണ്​ ബിജെപിയും കൂട്ടരും ഈ ഇല്ലാക്കഥകളുമായി രംഗത്തുവന്നിട്ടുള്ളതെന്നും നഗ്​മ ട്വീറ്റിൽ ആരോപിച്ചു.

ലൗ ജിഹാദ്​ ആരോപണങ്ങളിലെ കള്ളത്തരം തുറന്നുകാട്ടി ഒരു വെബ്​സൈറ്റ്​ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ലിങ്ക്​ ഉൾപ്പെടെയാണ്​ നഗ്​മയുടെ ട്വീറ്റ്​. ലവ്​ ജിഹാദ്​ ആരോപണവുമായി ബന്ധ​പ്പെട്ട്​ ദേശീയ വനിതാ കമ്മിഷന്റെ തെറ്റായ സൂചനകൾ അന്തരീക്ഷം ദുഷിപ്പിക്കാനേ ഉപകരിക്കൂവെന്നും നഗ്​മ അഭിപ്രായപ്പെട്ടു.

ഇടതുമുന്നണി ഘടകകക്ഷിയായ കേരള കോൺഗ്രസ്​ (എം) നേതാവ്​ ജോസ്​ കെ. മാണി​ ലൗ​ ജിഹാദ്​ വിഷയത്തിൽ അഭിപ്രായപ്രകടനവുമായി രംഗത്തെത്തിയ​തിന്​ പിന്നാലെയാണ്​ ദേശീയ തലത്തിലും ഇത്​ ചർച്ചയായത്​. ''ലവ്​ ജിഹാദ്​ ഒരു സാമൂഹിക പ്രശ്​നമാണ്​. ഇക്കാര്യത്തിൽ ചില കേസുകൾ സംബോധന ചെയ്യപ്പെടേണ്ടതാണ്​. ഞങ്ങളുടെ പാർട്ടി തീർച്ചയായും അവ അഭിസംബോധന​ ചെയ്യും. ഇതുപോലുള്ളവ സംഭവിക്കുന്നുണ്ടെങ്കിൽ അവ മുഖവിലക്കെടുക്കേണ്ടതു തന്നെയാണ്​. '' ദ പ്രിൻറ്​ ഓൺലൈൻ പോർട്ടലിന്​ നൽകിയ അഭിമുഖത്തിൽ ജോസ്​ കെ.മാണി പറഞ്ഞു. ഇതിന്​പിന്നാലെ കേരളത്തിലെ ഒരു ടെലിവിഷൻ ചാനലിനോടും ഇതാവർത്തിച്ചു.

ലവ്​ ജിഹാദ്​ വിഷയത്തിൽ തന്റെ ​പ്രസ്​താവന വിവാദമായതോടെ, ഇടതുസർക്കാറിന്റെ വികസനപ്രവർത്തനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ്​ ഇത്തരം ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുന്നതെന്ന പ്രതികരണവുമായി ജോസ്​ രംഗത്തെത്തുകയായിരുന്നു. ഇടതുമുന്നണിയിലെ മുഖ്യഘടകകക്ഷികളിലൊന്നായ സിപിഐയുടെ സംസ്​ഥാന സെക്രട്ടറി കാനം രാജേ​ന്ദ്രൻ ഉൾപെടെയുള്ളവർ ജോസിന്റെ വിവാദ പ്രസ്​താവനയെ തള്ളിപ്പറഞ്ഞ്​ രംഗത്തെത്തി. ലൗ ജിഹാദ്​ മതമൗലികവാദികളുടെ പ്രചാരണമാണെന്ന്​ രൂക്ഷമായ ഭാഷയിൽ കാനം പ്രതികരിച്ചതോടെ കോരള കോൺഗ്രസ്​ (എം) ഒറ്റപ്പെടുന്ന അവസ്​ഥയിലായി. അതോടെയാണ്​, അത്തരം കാര്യങ്ങളല്ല ചർച്ചയാകേണ്ടതെന്ന്​ പറഞ്ഞ്​ പാലായിലെ ഇടതു സ്​ഥാനാർഥി കൂടിയായ ജോസ്​ മലക്കംമറിഞ്ഞത്​.