ന്യൂഡൽഹി: ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വില കുറച്ച് കേന്ദ്രസർക്കാർ.. സിലിണ്ടറൊന്നിന് 10 രൂപയാണ് കുറയുന്നത്. പുതുക്കിയ വില ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വരുമെന്നാണ് പൊതുമേഖല എണ്ണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചിരിക്കുന്നത്. ഇതോടെ 819 ആയിരുന്ന ഗ്യാസ് വില 809ലേക്ക് എത്തും.

മുംബയ്, ഡൽഹി എന്നിവിടങ്ങളിൽ സബ്സിഡിയില്ലാത്ത പാചക വാതകത്തിന് 809 രൂപയും, കൊൽക്കത്തയിൽ 835 രൂപയുമാണ് ഇടാക്കുക. രാജ്യത്തിന്റെ മറ്റിടങ്ങളിലും ആനുപാതികമായി വിലയിൽ കുറവുണ്ടാകും.

ജനുവരിയിൽ 694 രൂപയായിരുന്നു സിലിണ്ടറിന്റെ വില. ഫെബ്രുവരിയിൽ ഇത് 719 രൂപയാക്കി വർധിപ്പിച്ചു. ഫെബ്രുവരി 15ന് ഇത് 769 രൂപയും 25ന് 794 രൂപയാക്കിയും കൂട്ടി. മാർച്ചിൽ 819 രൂപയായും എണ്ണ കമ്പനികൾ വില കൂട്ടി. പെട്രോൾഡീസൽ വിലയിൽ ഉണ്ടായ നേരിയ കുറവിന് പിന്നാലെയാണ് പാചകവാതക വിലയിലും കുറവ് വരുത്തിയിരിക്കുന്നത്.