മലപ്പുറം: മലപ്പുറത്ത് തദ്ദേശ സ്വയംഭരണ സ്ഥാനാർത്ഥി വിഷയത്തിൽ മുസ്ലിംലീഗ്  നേതൃത്വത്തെ ചെവികൊള്ളാത്തവരെ പാർട്ടിയിൽനിന്നും പുറത്താക്കി. മൂന്നുതവണ മത്സരിച്ചവർ മാറിനിൽക്കാൻ നേതൃത്വം ആവശ്യപ്പെട്ടിട്ടും ചെവികൊള്ളാതെ മലപ്പുറത്ത് നോമിനേഷൻ നൽകിയത് ആറു ലീഗ് പ്രവർത്തകരാണ്. അതോടൊപ്പം ഘടകകക്ഷികളുടെ വാർഡുകളിൽ റിബൽ സ്ഥാനാർത്ഥിയായവർ 11പേരും. ഇവരെയെല്ലാം പാർട്ടിയിൽനിന്നും പുറത്താക്കിയതായി നേതൃത്വം അറിയിച്ചു. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മൂന്ന് പ്രാവശ്യം ജനപ്രതിനിധികളായവർ വീണ്ടും മത്സരിക്കരുതെന്ന മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശം ലംഘിച്ച കെ.കെ. ഹൈദ്രസ് ഹാജി (പുലാമന്തോൾ പഞ്ചായത്ത്), കപ്പൂർ സൗദ (താഴേക്കോട് പഞ്ചായത്ത്), പച്ചീരിഫാറൂഖ് (പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി), കെ പി ഉമ്മർ (മേലാറ്റൂർ) കുഞ്ഞലവിക്കുട്ടി (ഒതുക്കുങ്ങൽ പഞ്ചായത്ത്) കെ. ഫാത്തിമ ടീച്ചർ (കാലടി പഞ്ചായത്ത്) എന്നിവരെ മുസ്ലിംലീഗ് പാർട്ടിയിൽ നിന്നും പുറത്താക്കിയതായി മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും അറിയിച്ചു.

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗ് പാർലമെന്ററി ബോർഡുകൾ അംഗീകരിച്ച സ്ഥാനാർത്ഥികൾക്കെതിരിലും യു.ഡി.എഫ് മുന്നണി ധാരണപ്രകാരം ഘടകകക്ഷികൾക്ക് അനുവദിച്ച വാർഡുകളിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കെതിരിലും നോമിനേഷൻ നൽകി നേതൃത്വത്തിന്റെ അഭ്യർത്ഥന അനുസരിക്കാതെ മത്സരരംഗത്ത് നിലകൊള്ളുകയും അവരോടൊപ്പം പ്രവർത്തിക്കുകയും ചെയ്ത ഷബീർ പാറമ്മൽ (മലപ്പുറം മുനിസിപ്പാലിറ്റി), ടി.കെ. സുലൈമാൻ, പൊറ്റമ്മൽ മമ്മൂട്ടി (ചീക്കോട് പഞ്ചായത്ത്), തെക്കിണിയൻ അസൈൻ, ആലമ്പാട്ടിൽ റൈഹാനത്ത് (കോട്ടക്കൽ മുനിസിപ്പാലിറ്റി), സി.എം. ഫൈസൽ (തിരൂർ മുനിസിപ്പാലിറ്റി) ടി.എൻ. ഷാജി, സി.പി. സാലിഹ്, സി.പി. സത്താർ (മംഗലം പഞ്ചായത്ത്) പച്ചീരി സുരയ്യ ഫാറൂഖ് (പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി), ഇണ്ണീൻകുട്ടി ചോലക്കൽ (ഏലംകുളം പഞ്ചായത്ത്) എന്നിവരെ മുസ്ലിംലീഗ് പാർട്ടിയിൽ നിന്നും പുറത്താക്കിയതായി മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും അറിയിച്ചു.