അമൃത്സർ: പഞ്ചാബിലെ ലുധിയാന കോടതിയിലുണ്ടായ ബോംബ് സ്ഫോടനത്തിന് പിന്നിൽ പാക് ഭീകരസംഘടനയെന്ന് റിപ്പോർട്ട്. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ സഹായം ലഭിക്കുന്ന ഖാലിസ്ഥാനി ഗ്രൂപ്പുകളാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

അന്വേഷണം ദേശീയ സുരക്ഷ ഏജൻസി (എൻഐഎ) ഏറ്റെടുത്തേക്കും. സ്ഫോടനത്തിനു പിന്നിൽ പാക്കിസ്ഥാൻ ഭീകരബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണിത്. ജൂലായ് ഒമ്പതിനും ഡിസംബർ ഏഴിനും എന്നാൽ മുൻപ് രണ്ടു തവണ കേന്ദ്ര ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടും പഞ്ചാബ് സർക്കാർ അവഗണിച്ചുവെന്നും വിമർശനം ഉയർന്നിട്ടുണ്ട്.

ആർഡിഎക്സ് പോലെയുള്ള സ്ഫോടക വസ്തുവാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് നിഗമനം. ഉഗ്രസ്ഫോടനശേഷിയുള്ളതാണിത്. പാക്കിസ്ഥാനിൽ നിന്നുള്ള ഭീകരരുടെ പുതിയ രീതിയാണിത്. അന്വേഷണത്തിൽ കേന്ദ്രത്തിന്റെ സഹായം തേടിയും എൻഐഎ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചാബ് സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്.

പാക്കിസ്ഥാനിൽ നിന്നുള്ള ഭീകരർ ഇന്ത്യയിലെ ഗുണ്ടകളുടെയും മറ്റ് കുറ്റവാളികളുടെയും സഹായത്തോടെയാണ് സഫോടനം നടത്തിയതെന്നും സംശയിക്കുന്നുണ്ട്. ജയിൽ വച്ചുള്ള പരിചയമാണ് കുറ്റവാളികളെ ഇത്തരം കേസുകളിലേക്ക് എത്തിക്കുന്നത്.

കൊടുംകുറ്റവാളികളായ കുൽവിന്ദർ സിങ് എന്ന ഖുൻപുരിയ , ഹർവിന്ദർ സിങ് എന്നി റിണ്ഡ സിങ് തുടങ്ങിയവർ ഇത്തരത്തിൽ ഭീകര സംഘടനകളുമായി സഹകരിക്കുന്നരാണ്. കംബോഡിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖുൻപുരിയ 2019ൽ മലേഷ്യയിലുണ്ടായിരുന്നു. പഞ്ചാബിലായിരുന്ന റിണ്ഡ പിന്നീട് പാക്കിസ്ഥാനിലേക്ക് കടന്നിരുന്നു. തടവുകാരെ ഉപയോഗിച്ച് ഹർവിന്ദർ സിങ് ആണ് ഈ സ്ഫോടനം നടത്തിയതെന്നാണ് ഇന്റലിജൻസ് സംശയിക്കുന്നത്.

അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പഞ്ചാബിൽ തുടർ ആക്രമണങ്ങൾ നടത്താനും, ആരാധനാലയങ്ങൾക്കു നേരെ ആക്രമണങ്ങൾ അഴിച്ചു വിട്ട് മതസ്പർധയും വർഗീയ സംഘർഷങ്ങളും ഉണ്ടാക്കാനാണ് അവർ പദ്ധതിയിടുന്നതെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

സ്ഫോടനത്തിൽ പാക് ഭീകരസംഘടനയ്ക്ക് പങ്കുണ്ടെന്ന റിപ്പോർട്ടുകൾ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി തള്ളിക്കളഞ്ഞില്ല. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. സിസിടിവി ദൃശ്യങ്ങളെല്ലാം പരിശോധിക്കുകയാണ്. സംഭവത്തിന്റെ റിപ്പോർട്ട് ഉടൻ പുറത്തുവിടും. ദേശവിരുദ്ധശക്തികൾ സംസ്ഥാനത്ത് അരാജകത്വം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. പാക്കിസ്ഥാനും ഇന്ത്യയും തമ്മിൽ സംഘർഷമുണ്ടാകുമ്പോഴെല്ലാം, ഭീകരസംഘടനകൾ പഞ്ചാബിനെ ലക്ഷ്യം വെക്കാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിർത്തി സംസ്ഥാനമായ പഞ്ചാബിൽ രാഷ്ട്രീയ സ്ഥിരതയും സമാധാനവും പാക്കിസ്ഥാൻ ആഗ്രഹിക്കില്ലല്ലോ എന്നായിരുന്നു ഉപമുഖ്യമന്ത്രി സുഖ്ജിന്ദർ സിങ് രൺധാവ പറഞ്ഞത്. എന്നാൽ ഇന്ത്യ ശക്തമാണ്. പഞ്ചാബിൽ അസ്ഥിരത ഉണ്ടാക്കാനുള്ള എല്ലാ ശ്രമങ്ങളെയും രാജ്യം ചെറുത്തുതോൽപ്പിക്കുമെന്നും രൺധാവ പറഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.25 നാണ് ലുധിയാന കോടതിയിൽ സ്ഫോടനം ഉണ്ടായത്.

സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കോടതിയിലെ രണ്ടാം നിലയിലെ ശുചിമുറിക്ക് സമീപമായിരുന്നു സ്ഫോടനം ഉണ്ടായത്. ബാബർ ഖൽസ ഗ്രൂപ്പാണ് സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചതെന്നാണ് സംശയിക്കപ്പെടുന്നത്. പഞ്ചാബിൽ പാക് ഭീകരസംഘടനകൽ സ്ഫോടനങ്ങൾക്ക് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ മൂന്നു തവണ മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ടുണ്ട്. മൂന്നാമത്തെ റിപ്പോർട്ട് ഇന്നലെയാണ് നൽകിയിരുന്നത്.

അതേസമയം സ്ഫോടനത്തിൽ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ഛിന്നഭിന്നമായിപ്പോയിരുന്നു. ഇയാൾ തന്നെയാണ് ബോംബ് വെച്ച ക്രിമിനൽ എന്നാണ് സംശയിക്കുന്നതെന്ന് ലുധിയാന പൊലീസ് കമ്മീഷണർ ഗുർപ്രീത് സിങ് ഭുല്ലാർ പറഞ്ഞു. ഫോറൻസിക് വിദഗ്ദ്ധർ അടക്കം വിശദപരിശോധന നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരിമാഫിയക്കെതിരായ അന്വേഷണം സർക്കാർ ആരംഭിച്ചിട്ടുണ്ട്. ലുധിയാന കോടതിയിലെ സ്ഫോടനത്തിന് ഇവരുമായി ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നതായി മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി പറഞ്ഞു.